Advertisment

പന്തിരിക്കരയില്‍ മൂന്നുപേര്‍ അജ്ഞാത രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം വസ്തുതയാണ്; പക്ഷെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും വ്യാജപ്രചാരണങ്ങള്‍ നടത്തി പന്തിരിക്കരയെ ഒറ്റപ്പെടുത്തരുത്’; ശ്രദ്ധേയമായി കുറിപ്പ്

New Update

കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് പന്തിരിക്കര സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ചത് മൂലം ഒരു നാടിനെ തന്നെ വ്യാജവാര്‍ത്തകള്‍ നല്‍കി ഒറ്റപ്പെടുത്തുന്നുവെന്ന് പ്രദേശവാസികളുടെ പരാതി. സോഷ്യല്‍ മീഡിയയും ചില മാധ്യമങ്ങളും ചേര്‍ന്ന് പന്തിരിക്കരയെ വ്യാജപ്രചാരണങ്ങള്‍ കൊണ്ട് വികൃതമാക്കുകയാണെന്നും പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു.

Advertisment

publive-image

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച കുറിപ്പ് കോഴിക്കോട് ജില്ലയാകെ പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പ്രദേശത്തു ഒരു കുടുംബത്തിലെ മൂന്നുപേര്‍ അജ്ഞാത രോഗം ബാധിച്ചു മരിച്ചു എന്ന കാര്യം വസ്തുതയാണ്. പക്ഷെ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളവുമാണ്.

മരിച്ച വ്യക്തികളുടെ മയ്യിത്ത് വീട്ടിലും പള്ളിയിലും കയറ്റാതെ പള്ളിക്കാട്ടില്‍ വെച്ച് നിസ്‌കരിച്ചു മയ്യിത് മറമാടാന്‍ ആളുകള്‍ തയ്യാറായില്ല, പ്രദേശത്തു രോഗബാധിതരുടെ വീടിനു ചുറ്റുമുള്ള നൂറോളം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു, പ്രദേശത്തു ആളുകള്‍ പുറത്തിറങ്ങുന്നില്ല തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്നത്.

മരിച്ച വ്യക്തികളുടെ മയ്യിത്ത് വീട്ടിലും തുടര്‍ന്ന് പള്ളിയിലും സാധരണപോലെ കര്‍മങ്ങള്‍ ചെയ്താണ് ഖബറടക്കം നടന്നത് എന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മരണപ്പെട്ട വീടിനുചുറ്റുമുള്ള നൂറോളം വീടുകള്‍ ആരോഗ്യവകുപ്പ് ഒഴിപ്പിച്ചു എന്ന തെറ്റായ വാര്‍ത്ത നല്‍കിയത് ഒരു വാര്‍ത്താചാനല്‍ ആണെന്നുള്ളത് ഗൗരവമുള്ളതാണ്. പ്രദേശത്തു രണ്ടോ മൂന്നോ വീടുകളിലുള്ളവര്‍ ഭീതി കാരണം സ്വയം ഒഴിഞ്ഞു പോയിട്ടുണ്ട് എന്നകാര്യം വസ്തുതയാണ്. പന്തിരിക്കരനിവാസികള്‍ പതിവുപോലെ ജീവിതരീതി തുടര്‍ന്നുപോകുന്നു.

തങ്ങളുടെ പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തില്‍ പന്തിരിക്കരക്കാര്‍ക്ക് അഗാധമായ ദുഃഖമുണ്ട്. തങ്ങളുടെ പ്രദേശത്തു വന്ന അജ്ഞത വൈറസിനെക്കുറിച്ചു അവര്‍ക്ക് ഭീതിയുണ്ട്. പന്തിരിക്കരക്കാര്‍ പുറംലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ്

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. തങ്ങളുടെ സഹോദരങ്ങളുടെ മയ്യിത്തിനെ മഹല്ലുനിവാസികള്‍ അകറ്റിനിര്‍ത്തിയില്ല. കരുതലോടെ സൂക്ഷ്മതയോടെ അവരുടെ മയ്യിത്ത് സംസ്‌കരിച്ചിട്ടുണ്ട്. ആരും ഭയത്തോടെ വീട്ടിലിരിക്കുന്നില്ല. എല്ലാവരും ജാഗരൂകരാണ്. എന്തും നേരിടാനുള്ള നെഞ്ചുറപ്പോടെ ഞങ്ങള്‍ ജീവിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു.

Advertisment