Advertisment

പിസി തോമസിന്‍റെയും പിസി ജോര്‍ജിന്‍റെയും മുന്നണി പ്രവേശനത്തിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ! അവശിഷ്ട കേരളാ കോണ്‍ഗ്രസുകാരെ തപ്പിനടക്കുന്ന കേരള രാഷ്ട്രീയത്തിലെ 'ആക്രി പെറുക്കല്‍' നേതൃത്വം അവസാനിപ്പിക്കണമെന്ന് വിമര്‍ശനം. നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് ഒരുങ്ങുന്നു…

New Update

publive-image

Advertisment

കൊച്ചി: പല മുന്നണികളും പാര്‍ട്ടികളും മാറിമാറി പരീക്ഷിച്ചു നടക്കുന്ന അവശിഷ്ടം കേരളാ കോണ്‍ഗ്രസ് നേതാക്കളെ യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള നേതൃത്വത്തിന്‍റെ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം.

കേരളാ രാഷ്ട്രീയത്തിലെ 'ആക്രി പെറുക്കല്‍' കോണ്‍ഗ്രസ് നേതൃത്വം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍തന്നെ സംസ്ഥാന, ദേശീയ നേതൃത്വങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

മുന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളായ പിസി തോമസ്, പിസി ജോര്‍ജ് എന്നിവരെ മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം.

എന്‍ഡിഎയില്‍ ഘടകകക്ഷിയായിരുന്ന പിസി തോമസിന്‍റെ കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേയ്ക്ക് എത്തുന്നത് ബിജെപി അവര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പദവികള്‍ നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ്.

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്തവര്‍ ചെന്നടിയുന്ന മുന്നണിയെന്നാണ് എന്‍ഡിഎയെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്.

അവിടെയും കൈയ്യൊഴിഞ്ഞവരെ വരവേല്‍ക്കാന്‍ യുഡിഎഫ് ഒരുങ്ങുന്നതിനെതിരെയാണ് കോട്ടയം ജില്ലയില്‍നിന്നുള്‍പ്പെടെ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ് നേതാക്കളുടെ വിയോജിപ്പുയരുന്നത്. മുതിര്‍ന്ന നേതാക്കള്‍തന്നെ ഇതിനെതിരെ പരസ്യ പ്രതികരണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

മറ്റൊരു കടുത്ത വിയോജിപ്പ് പിസി ജോര്‍ജിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിനെതിരയാണ്. പിസി ജോര്‍ജിനെ ഒരു പരിധിവരെ ഗ്രൂപ്പിനതീതമായി കോട്ടയത്തെ കോണ്‍ഗ്രസ് ഘടകം എതിര്‍ക്കുകയാണ്.

എന്നാല്‍ കോട്ടയത്തുനിന്നുള്ള മുതിര്‍ന്ന 'ഐ' ഗ്രൂപ്പ് നേതാവുതന്നെയാണ് ജോര്‍ജിന്‍റെ ഏജന്‍റായി ജനപക്ഷത്തെ മുന്നണിയിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്. 'ഐ' ഗ്രൂപ്പിന് പൊതുവേ ജോര്‍ജിനെ മുന്നണിയിലെടുക്കണമെന്ന അഭിപ്രായമാണ്.

എന്നാല്‍ 'എ' ഗ്രൂപ്പ് ഇതിനെ എതിര്‍ക്കുന്നു. സോളാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ചാനലുകള്‍ തോറും പിസി ജോര്‍ജ് ആഞ്ഞടിച്ചത്.

കോണ്‍ഗ്രസില്‍തന്നെ ഒരു വിഭാഗത്തിന്‍റെ പിന്തുണയോടെയായിരുന്നു അന്നത്തെ ജോര്‍ജിന്‍റെ നീക്കങ്ങള്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വീണ്ടും അതേ വിഭാഗം തന്നെ പിസി ജോര്‍ജിനെ വീണ്ടും മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത് വരുന്ന സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉള്‍പ്പെടെ 'എ' വിഭാഗത്തിനെതിരെ ചെളിവാരിയെറിയാന്‍ ആണെന്ന ആരോപണം 'എ' ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുതന്നെ മുന്നുട്ടുവയ്ക്കുന്നു. അതിനാല്‍ ഈ നീക്കത്തെ എന്തുവിലകൊടുത്തും 'എ' ഗ്രൂപ്പ് എതിര്‍ക്കും.

ജോര്‍ജുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് യുഡിഎഫ് നേതൃത്വം ആണയിടുമ്പോഴും പാര്‍ട്ടിയിലെ ചിലര്‍ ജോര്‍ജുമായി രഹസ്യ ചര്‍ച്ച നടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് 'എ' വിഭാഗം മുതിര്‍ന്ന നേതാവ് ഉന്നയിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ ആരാലും ഉള്‍ക്കൊള്ളാനാകാതെ അങ്ങിങ്ങ് വീണുകിടക്കുന്ന 'ആക്രികള്‍' പെറുക്കിയെടുത്ത് മുന്നണി ശക്തിപ്പെടുത്താമെന്ന ചില നേതാക്കളുടെ ചിന്ത നല്ലതിനല്ലെന്ന അഭിപ്രായം തുറന്നുപറയേണ്ടിവരുമെന്ന മുന്നറിയിപ്പാണ് മറ്റൊരു പ്രമുഖ നേതാവ് നല്‍കിയത്.

അണികളുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിനെ ഇറക്കിവിട്ട് ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താം എന്നു പറഞ്ഞുനടന്നവര്‍തന്നെ പിസി തോമസിനെയും പിസി ജോര്‍ജിനെയും ക്ഷണിച്ചുകൊണ്ടുവരാന്‍ ഓടിനടക്കുന്നത് കോട്ടയത്തെ കോണ്‍ഗ്രസുകാരുടെ അവസരം നഷ്ടപ്പെടുത്താന്‍ വേണ്ടിയാണെന്ന പരാതിയാണ് ജില്ലാ നേതാക്കള്‍ക്കുമുള്ളത്.

ഈ സാഹചര്യത്തില്‍ പിസി തോമസിന്‍റെയും പിസി ജോര്‍ജിന്‍റെയും മുന്നണി പ്രവേശനം യുഡിഎഫില്‍ ഗരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാണ് സാധ്യത.

 

udf kerala congress
Advertisment