Advertisment

ഹരീഷിന് പിന്തുണയുമായി പെരുമാള്‍ മുരുകന്‍ : എഴുത്തുകാരനെ ഭീഷണിപ്പെടുത്തുന്നത് കണ്ടുനില്‍ക്കാനാവില്ല

author-image
admin
New Update

Advertisment

മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിന്റ ‘മീശ’ നോവല്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രശസ്ത തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍. ‘മീശ’ എന്ന നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരന് തീരുമാനിക്കേണ്ടി വന്നത് രാജ്യത്ത് നിലനില്‍ക്കുന്ന അപായകരമായ സാഹചര്യത്തിന്റെ പ്രതിഫലനമാണ്. അഭിപ്രായങ്ങളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുന്നതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്.

എഴുത്തില്‍ വരുന്ന വിഷയങ്ങളില്‍ വിവാദങ്ങളിലേര്‍പ്പെടുന്നതില്‍ താല്‍പര്യമുള്ളയാളല്ല ഞാന്‍. എന്നാല്‍, ഒരെഴുത്തുകാരന്റെ വാക്കുകള്‍ തടയുന്നത്ര പോകും വിധത്തില്‍ പ്രക്ഷോഭം നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും കണ്ടു നില്‍ക്കാനാകില്ല. അത് തെറ്റാണ്. അത് ജനാധിപത്യവ്യവസ്ഥയ്ക്ക് എതിരായ ഒരു രീതിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു.

ഒരഭിപ്രായത്തിന് എതിരഭിപ്രായം വരുന്നത് സാധാരണമാണ്. അതില്‍ വിവാദങ്ങളുമുണ്ടാകും. അത് ജനാധിപത്യത്തിന്റെ കാതല്‍. അതിനെ അംഗീകരിക്കാതെ ഒരഭിപ്രായത്തെ മുടക്കണമെന്ന് കരുതുന്നതും, അത്തരം അഭിപ്രായത്തെ മുന്നോട്ടുവെക്കുന്ന എഴുത്തുകാര്‍ അടക്കമുള്ള സര്‍ഗാത്മ പ്രവൃത്തിയിലേര്‍പ്പെടുന്ന മനുഷ്യരെ അടക്കിവെക്കാന്‍ ശ്രമിക്കുന്നതും അങ്ങേയറ്റം അപലപിക്കപ്പെടേണ്ട ഒരു വിഷയമാണെന്നും പെരുമാള്‍ മുരുകന്‍ പറഞ്ഞു.

വളരെയധികം അപായകരമായ ഒരു സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ജനാധിപത്യത്തിന് ആപത്തുണ്ടാക്കുന്ന സാഹചര്യമാണിത്. സ്വന്തമായ വാക്ക് എഴുതാന്‍ കഴിയില്ലെന്നും, പറയാന്‍ കഴിയില്ലെന്നും വന്നാല്‍ ജനാധിപത്യമല്ല, അവിടെ സര്‍വ്വാധിപത്യമോ സര്‍വ്വാധിപത്യ പ്രവണതയോ ആണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ വാക്കുകള്‍ മുടക്കപ്പെടുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുന്ന നാടും സര്‍വ്വാധിപത്യം നിലനില്‍ക്കുന്ന നാടും തമ്മില്‍ എന്താണ് വ്യത്യാസമുള്ളതെന്നും അദ്ദേഹം ചോദിച്ചു. എന്തുതരം അഭിപ്രായമാണെങ്കിലും അത് എഴുതുന്നതിന് സ്വാതന്ത്ര്യം വേണം. ഇല്ലെങ്കില്‍ അത് വലിയ ആപത്താണെന്ന് പെരുമാള്‍ മുരുകന്‍ വ്യക്തമാക്കി.

Advertisment