Advertisment

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടിക്കതീതമായ ബദല്‍ സെക്രട്ടേറിയേറ്റ് ? ശിവശങ്കറെ പോലുള്ള കളങ്കിത ഉദ്യോഗസ്ഥനെ സിഎംഓയില്‍ നിയമിച്ചതിനു പിന്നില്‍ ജോണ്‍ ബ്രിട്ടാസും സംഘവും. പിണറായിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉപദേശകരും കൂപ്പുകുത്തിയ കള്ളക്കടത്ത് വിവാദത്തിന്‍റെ പേരില്‍ സിപിഎമ്മില്‍ ഉള്‍പ്പോര് തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ പിണറായി സര്‍ക്കാര്‍ നേടിയെടുത്ത സല്‍പ്പേരിന് കളങ്കം ചാര്‍ത്തിയ വിവാദങ്ങളില്‍ സിപിഎം നേതൃത്വത്തിന്‌ കടുത്ത അതൃപ്തി. കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന വിലയിരുത്തലാണ് സിപിഎമ്മിന്.

പാര്‍ട്ടിയോട് ആലോചിക്കാതെ കളങ്കിത ചരിത്രമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കാനിടയായ സാഹചര്യമാണ് ഇപ്പോള്‍ സിപിഎമ്മില്‍ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉന്നത പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ നിയമിച്ചത് പാര്‍ട്ടിയുമായി ആലോചിക്കാതെയായിരുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുണ്ട്.

നേതൃത്വത്തില്‍ ഇതിനെതിരെ അമര്‍ഷവും ഉയര്‍ന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പിണറായിയുടെ അപ്രമാദിത്യം കാരണം അത്തരം കാര്യങ്ങളെല്ലാം മുറപോലെ നടന്നു.

പക്ഷെ ഭരണം ലഭിച്ചശേഷമുള്ള ഏറ്റവും മികച്ച ഇമേജില്‍ സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ അതുവരെയുള്ള നേട്ടങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച് സ്വപ്ന സ്വര്‍ണ്ണക്കടത്ത് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇത് സിപിഎം നേതൃത്വത്തില്‍ ആദ്യമായി പിണറായി വിജയനെതിരെ അമര്‍ഷം പുകയാന്‍ ഇടയാക്കിയിരിക്കുകയാണ്.

സ്വപ്ന സുരേഷും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ പുറത്തായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍, പോലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, മറ്റൊരുപദേശകന്‍ എം. സി ദത്തന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ടോമിന്‍ തച്ചങ്കരി, എ. സമ്പത്ത് എക്സ് എംപി എന്നിവരുടെ നിയമനങ്ങളില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.

മുഖ്യമന്ത്രിയെ കുഴപ്പത്തിലാക്കിയ വിവാദങ്ങള്‍ക്കും അതിന്‍റെ പിന്നിലെ ഉദ്യോഗസ്ഥര്‍ക്കും പിന്നില്‍ ജോണ്‍ ബ്രിട്ടാസാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. ശിവശങ്കറും ദത്തനും ഡിജിപി ലോക്നാഥ് ബെഹ്റയുമെല്ലാം ബ്രിട്ടാസിന്‍റെ നോമിനികളാണെന്നാണ് വിമര്‍ശനം.

publive-image

സര്‍ക്കാരിനെ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിയന്ത്രിക്കുന്നതിനു പകരം മുഖ്യമന്ത്രിയുടെ ഓഫീസ് ചുറ്റിപ്പറ്റി മറ്റൊരു ബദല്‍ സെക്രട്ടേറിയേറ്റാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് നേതാക്കള്‍ക്കിടയിലെ വിമര്‍ശനം.

പിണറായിയുമായുള്ള അടുപ്പത്തിന്‍റെയും വ്യക്തിപരമായ ചില പരിമിതികളുടെയും പേരില്‍ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ വേണ്ടപോലെ ഇടപെട്ടില്ല. പലതിലും അഭിപ്രായ വ്യത്യാസങ്ങള്‍ അദ്ദേഹത്തിനും ഉണ്ടായിരുന്നു. പക്ഷെ അത് പ്രകടിപ്പിക്കാന്‍ കൊടിയേരിയും തയ്യാറായില്ല.

അതിന്‍റെ മറവില്‍ ബ്രിട്ടാസിന്‍റെ നേതൃത്വത്തില്‍ ശിവശങ്കറും ദത്തനും എ. സമ്പത്തും എല്ലാം ഉള്‍പ്പെട്ട ബദല്‍ സെക്രട്ടേറിയേറ്റ് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നെന്നാണ് വിമര്‍ശനം. പിബി അംഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിയോജിപ്പുണ്ട്.

കോവി‍‍ഡ് പ്രതിസന്ധിക്കിടയില്‍ പോലും സര്‍ക്കാരിന്‍റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയും നേതാക്കളും കിണഞ്ഞു ശ്രമിച്ചു. ഇതിനായി പ്രൊഫഷണല്‍ പീആര്‍ ടീമിനെയും നിയമിച്ചു. അതെല്ലാം ഫലം കണ്ടു.

പക്ഷെ, സിപിഎം രീതിക്കു വിപരീതമായി ഒരു ലോബി മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചു തുടങ്ങിയത് കുറ്റകരമായ ജാഗ്രതക്കുറവായാണ് സിപിഎം വിലയിരുത്തല്‍. ശിവശങ്കറെപോലെ ഒരു പ്രൊമോട്ടഡ് ഐഎഎസുകാരനെ പ്രൈവറ്റ് സെട്രട്ടറിയായി നിയമിച്ചത് കടുത്ത ജാഗ്രതക്കുറവാണെന്നായിരുന്നു വിമര്‍ശനം.

publive-image

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നത് ഒരു ഗണ്‍മാനും 2 പിഎമാരും ഉള്‍പ്പെട്ട 3 കീഴ് ജീവനക്കാര്‍ക്ക് മാത്രമായിരുന്നു. അത് സര്‍ക്കാരിന് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയ കേസുമായിരുന്നില്ല.

പക്ഷെ ഇത് കേന്ദ്ര സര്‍ക്കാരിന് കോടികള്‍ നികുതി നഷ്ടമുണ്ടാക്കിയ രാജ്യദ്രോഹക്കുറ്റമാണ്. ഈ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിര്‍ന്ന കണ്ണികള്‍ക്കു തന്നെയാണ് നേരിട്ട് ബന്ധം. ഒന്നാമത്തെ ഉദ്യോഗസ്ഥനായ പ്രൈവറ്റ് സെക്രട്ടറി മുതല്‍ ഉപദേശകര്‍ വരെ നേരിട്ട് കണ്ണി.

കള്ളക്കടത്ത് തൊണ്ടി വിട്ടുകിട്ടാന്‍ വരെ ഇവരുടെ ഇടപെടല്‍ ഉണ്ടായിരുന്നതായാണ് ആരോപണം. സോളാര്‍പോലൊരു വിവാദം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംസ്ഥാനത്ത് അതിനേക്കാള്‍ ഏറെ ഗുരുതരമായ കള്ളക്കടത്ത് കേസിന്‍റെ പേരില്‍ മുഖ്യമന്ത്രി പദവിയില്‍ തുടരുന്നത് ഇനി എത്രനാള്‍ എന്ന് കണ്ടറിയേണ്ടിവരും. അതുവരെ കാര്യങ്ങളെത്തിക്കാന്‍ പ്രതിപക്ഷത്തിന് സിപിഎമ്മിനുള്ളില്‍തന്നെ സഹായങ്ങള്‍ ഉണ്ടാകും എന്നര്‍ത്ഥം

swapna suresh
Advertisment