Advertisment

നിങ്ങളെന്താ ശമ്പളം കൊടുക്കാതിരുന്നതെന്ന് നാളെ മക്കള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയും?

New Update

Advertisment

പ്രളയക്കെടുതി നേരിടാനുള്ള സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരിക്കാത്തവരോട് നാളെ അവരുടെ മക്കള്‍ ചോദിക്കും, നമ്മുടെ നാടിനെ എന്തുകൊണ്ട് സഹായിച്ചില്ല എന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്ബളം നല്‍കുന്നതിന് സന്നദ്ധരായി കൂടുതല്‍ ജീവനക്കാരും അധ്യാപകരും രംഗത്തുവന്നു. ഒരുവിഭാഗം സംഘടനകളുടെ പ്രചാരണത്തില്‍ കുടുങ്ങി നേരത്തെ വിസമ്മതപത്രം കൊടുത്തവരിലെ വലിയൊരു വിഭാഗമാണ് ശമ്ബളം നല്‍കാന്‍ സന്നദ്ധരായി രംഗത്തുവന്നത്. സ്വകാര്യ വിദ്യാലയങ്ങളിലെ ഒരുവിഭാഗം അധ്യാപകരൊഴികെ മിക്കവാറും ജീവനക്കാരും അധ്യാപകരും യജ്ഞത്തില്‍ കൈകോര്‍ക്കും. സംസ്ഥാനത്തെ ഒരുലക്ഷം അധ്യാപകര്‍ ഒരുമാസത്തെ ശമ്ബളം നല്‍കുമെന്ന് കെഎസ്‌ടിഎ നേതൃത്വം അറിയിച്ചിരുന്നു.

സെക്രട്ടറിയറ്റില്‍ 5119 ജീവനക്കാരില്‍ 4361 പേരും ഒരുമാസത്തെ ശമ്ബളം നല്‍കും. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ 85 മുതല്‍ 90 ശതമാനംവരെ ജീവനക്കാര്‍ ഒരുമാസത്തെ ശമ്ബളം നല്‍കും. പിഎസ്‌സിയിലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും 90 ശതമാനത്തിലേറെ ജീവനക്കാര്‍ കേരള പുനര്‍നിര്‍മിതിക്കൊപ്പം നില്‍ക്കും. വിവിധ തദ്ദേശ സ്ഥാനപങ്ങളിലും ബഹുഭൂരിപക്ഷം ജീവനക്കാരും ഒരുമാസത്തെ ശമ്ബളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

ഓരോ മേഖലയിലും എത്രപേര്‍വീതം സാലറി ചലഞ്ച് ഏറ്റെടുത്തുവെന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും. സന്നദ്ധതയും വിയോജിപ്പും അറിയിച്ചവരുടെ വിവരങ്ങള്‍, ശമ്ബള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്പാര്‍ക് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യുന്നതോടെ കൃത്യമായ കണക്കു ലഭിക്കും.

Advertisment