Advertisment

മുഖ്യമന്ത്രിയുടെ കൈയില്‍ കടന്നുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമം; മുഖഭാവം മാറിയ മുഖ്യന്‍ കൈ തട്ടിമാറ്റി; ഭയന്ന് മാറിനിന്ന വിദ്യാര്‍ഥിയെ പിന്നീട് പിണറായി വിളിച്ച് കൂടെ നിര്‍ത്തി ഫോട്ടോയെടുപ്പിച്ചു

New Update

കായംകുളം: മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ആഗ്രഹിച്ച് ഓടിയെത്തിയ വിദ്യാര്‍ഥിക്ക് ആദ്യം മുഖ്യമന്ത്രിയുടെ ശകാരം. എന്നാല്‍ തന്റെ പ്രതികരണത്തില്‍ ഭയന്നുപോയ വിദ്യാര്‍ഥിയെ മുഖ്യമന്ത്രി തന്നെ ആശ്വാസിപ്പിച്ച് കൂടെ നിര്‍ത്തി വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണില്‍ത്തന്നെ മറ്റൊരാളെക്കൊണ്ട് ചിത്രം പകര്‍ത്തി നല്‍കി.

Advertisment

കായംകുളത്തെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് സംഭവം. സിപിഐഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി എത്തിയതറിഞ്ഞ് തൊട്ടടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ ഓടിയെത്തി. മുഖ്യമന്ത്രിയോടൊപ്പം നിന്ന് ചിത്രമെടുക്കണമെന്ന കുട്ടികളുടെ ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് സമ്മതം നല്‍കുകയും ചെയ്തു.

publive-image

മുഖ്യമന്ത്രി പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്ക് വന്നപ്പോള്‍ ഒരു വിദ്യാര്‍ഥി ഓടിച്ചെന്ന് കൈയില്‍ പിടിക്കുകയും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയുടെ ഈ നടപടിയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

വിദ്യാര്‍ഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയില്‍ കടന്നുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തില്‍ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോട്ടോയെടുക്കാന്‍ വിദ്യാര്‍ഥികളെയെല്ലാമായി വിളിച്ചപ്പോഴും സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി.

ശകാരം ലഭിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി മാറിനിന്നു. മറ്റുവിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയോടൊപ്പം ചിത്രമെടുത്തപ്പോള്‍ മാറിനിന്ന കുട്ടിയെ മുഖ്യമന്ത്രിതന്നെ വിളിച്ച് കൂടെനിര്‍ത്തി മറ്റൊരാളെ കൊണ്ട് ഫോട്ടോയെടുപ്പിച്ചു. മൊബൈലില്‍ പതിഞ്ഞ ചിത്രം നോക്കി മുഖ്യമന്ത്രി ചിരിച്ചപ്പോള്‍ വിദ്യാര്‍ഥിയുടെ സങ്കടവും മാറി. പകര്‍ത്തിയ ചിത്രം പരിശോധിച്ചപ്പോള്‍ ‘ആയില്ലേ, ഐശ്വര്യമായി പോയി വരു’ എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാര്‍ഥിയെ പറഞ്ഞയച്ചത്.

Advertisment