Advertisment

കാട്ടുദൈവങ്ങളുടെ കാവൽ (ചെറുകഥ)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

- പി എം ബിനുകുമാർ

സൈലന്റ് വാലിയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിലേക്ക് പദമൂന്നവേ അവിചാരിതമായി ഒരു അതിഥി കൂട്ടിനെത്തി.

കൈലി മുണ്ടും കുടുക്ക് പൊട്ടിയ ഷർട്ടുമിട്ട ഒരു രൂപം, പരിഷ്കാരികളുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു ഒന്നാന്തരം കൂതറ രൂപം (ഡൽഹിയിൽ താമസമാക്കിയ ശേഷം ഇത്തരം പദങ്ങൾ ഞാൻ സാധാരണ ഉപയോഗിക്കാറില്ല).

അതിഥിയെ സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ ശരീരവും മനസും കുഴഞ്ഞ് തളർന്നിരുന്നു. മധുവിന്റെ ഊരിൽ നവോത്ഥാന ചിന്താസരണി സംഘടിപ്പിച്ച ഏകദിന സെമിനാറിൽ പട്ടിണിയുടെ രാഷ്ട്രീയത്തെ കുറിച്ച് പ്രഭാഷണം നടത്താൻ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ ടെർമിനലിൽ നിന്നും മൂന്നരയുടെ വിമാനം പിടിച്ചതാണ്.

സൂര്യൻ പെരുമ്പറ കൊട്ടിയപ്പോൾ കരിപ്പൂരിലെത്തി. അവിടെ നിന്ന് അട്ടപ്പാടിയുടെ വിരസതയിലേക്ക് ...

മുന്തിയ ഇനം ഇന്നോവ കാറിൽ കാലെടുത്ത് വച്ചപ്പോൾ തണുപ്പ് പോരെന്നു തോന്നി. ടാക്സി ഡ്രൈവറായ തമിഴൻ കാറിന്റെ വാതിൽ അമർത്തി അടയ്ക്കുന്നത് വരെ കാത്തു നിന്നു.

മുൻസീറ്റിൽ കയറിയ ചെറുപ്പക്കാരൻ അനൗപചാരികമായി തുടങ്ങിയ സംഭാഷണം ആദ്യമേ രുചിച്ചില്ല. സാർ, അഗളിയിലൊക്കെ വലിയ മാറ്റങ്ങൾ വന്നു. അഹാഡ്സ് നിർത്തി കില വന്നു. നമ്മുടെ ആളുകൾ ഒറ്റപ്പാലം കോടതിയിൽ പോയി കേസുകൾ സ്വയം നടത്തുന്നു. ഇനി നല്ലൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി വരണം.

എല്ലാം കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും കേൾക്കുന്നില്ലെന്ന മട്ടിൽ അനീസ് സലീമിന്റെ ഫിക്ഷനിൽ കണ്ണമർത്തി. അപ്പോൾ പ്രതീക്ഷിച്ച ആദ്യ ചോദ്യമെത്തി. സാർ അട്ടപ്പാടി വിട്ടിട്ട് കാലമെത്രയായി ?

മറുപടി പറഞ്ഞത് ഡ്രൈവറാണ്. സാർ ചെറുപ്പത്തിലേ പോയതല്ലേ? ഒരിക്കലും ഓർക്കാൻ ആഗ്രഹമില്ലാത്ത സത്യം. പണ്ഡിറ്റ് ഫ്രം ദ ട്രൈബ്സ് ഓഫ് കേരള എന്ന സംബോധന അടുത്ത കാലത്താണ് അവസാനിച്ചത്.

ഇഷ്ടപ്പെടാത്തതൊക്കെ ഓർമ്മിക്കാൻ ശ്രമിക്കുന്നവരോട് തികട്ടി വരുന്ന ഈർഷ്യ സഹയാത്രികരോടും തോന്നി, പക്ഷേ നിശബ്ദത പാലിച്ചു. അഗളി ടൗൺ പിന്നിട്ട് മുക്കാലി വഴി സൈലന്റ് വാലിയിലേക്ക് പറക്കവേ കണ്ണുകൾ ഇറുക്കിപൂട്ടി.

ഓർമ്മകൾ വിളിക്കാതെ വരാതിരിക്കാൻ മനസിനെ ഇഷ്ടവസന്തത്തിലേക്ക് തിരിച്ചു വിട്ടു.

സൈലന്റ് വാലിയിലെ റിസോർട്ടിന്റെ പൂമുഖത്ത് സ്നേഹാദരപൂർവം കാത്തു നിന്ന ചെറുപ്പകാരികളെ മുഖം ഉയർത്താതെ അഭിവാദ്യം ചെയ്ത ശേഷം മുറിയിലേക്ക് കയറി. മനസ്സ് ഒരു നിമിഷം പിന്നിലേക്ക് തെന്നിമാറി.

പണ്ട് ഇവിടം നിറഞ്ഞ കാടായിരുന്നു. പേരറിയാ വ്യക്ഷങ്ങളുടെയും പേരറിയാ കുരുവികളുടെയും സ്നേഹഭവനം. കാണകാണെ പട്ടണത്തിൽ നിന്നെത്തിയവർ മരങ്ങൾ മുറിച്ചുകടത്തി. കിളികളെ ആട്ടിയോടിച്ചു. അമ്മമാർക്ക് കഞ്ചാവ് കൊടുത്തു. പെങ്ങമ്മാരെ പെരുമാറി. അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അലന്നു നടന്നു.

അവരിൽ ചിലർക്ക് ഞങ്ങൾ കർഷകരത്ന പുരസ്കാരം നൽകി ആദരിച്ചു. ചിലരെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു. ഞങ്ങളുടെ ഭൂമിയെല്ലാം അവരുടേതായി. അഗളി ടൗണിൽ നിന്നും വരുന്ന ഉദ്യോഗസ്ഥർ അവരുടെ ആതിഥ്യം സ്വീകരിച്ചു.

മദ്രാസിലെ ചെട്ടിയാർ തന്നെ ദത്തെടുത്ത് പഠിക്കാൻ അയക്കും വരെയുള്ള ഓർമ്മകൾ മാത്രമാണ് ബാക്കിയുള്ളത്. അവശേഷിക്കുന്ന ഓർമ്മകളിൽ മെട്രോ നഗരങ്ങളുടെ ഇരമ്പം മാത്രം.

റിസോർട്ടിലെ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ. മധു: പട്ടിണിയുടെ രാഷ്ട്രീയം എന്ന വിഷയം എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. ജെ. എൻ യുവിൽ നിന്നെത്തിയ സഹപ്രാസംഗികയായ ഡോ ഹർഷിത സിംഗ് ആശങ്കകൾക്ക് മേലെ പ്രതീക്ഷയുടെ വർഷമായി പെയ്തിറങ്ങിയതായിരുന്നു ഒരാശ്വാസം.

പ്രഭാഷണത്തിൽ പഴയ അനുഭവങ്ങളൊന്നും കടന്നു വരാതിരിക്കാൻ ശ്രദ്ധിച്ചു. ആദിവാസി മേഖലയിലെ പട്ടിണിക്ക് പിന്നിൽ സർക്കാർ പദ്ധതിയുടെ താളകേടുകളാണെന്ന് ഓർമ്മിപ്പിക്കവേ സദസിൽ നിന്നും ഒരു ചോദ്യമുയർന്നു.

ചോദ്യകർത്താവ് സ്വയം പരിചയപ്പെടുത്തി. പേര് സന്തോഷ്. എസ്.റ്റി. പ്രൊമോട്ടർ. ചോദ്യം ഇതാണ്.. അട്ടപ്പാടിയിൽ ജനിച്ച് ആകാശത്തോളം വളർന്നവർ എന്തുകൊണ്ടാണ് ഈ നാടിനെ കണ്ടില്ലെന്ന് നടിക്കുന്നത്?

ചുണ്ട് കോട്ടി ചിരിച്ച ശേഷം ചോദ്യത്തിന് മറുപടി പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

പാതിവഴിയിൽ അവസാനിപ്പിക്കാൻ ഇത്തരം ദുഷ്ചിന്തകൾക്കൊന്നും കഴിയില്ലെന്ന ആത്മവിശ്വാസത്തോടെ പ്രഭാഷണം തുടർന്നു.

ഉച്ചയൂണിനിടയിൽ സന്തോഷിനെ കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു. താൻ ഉളിയേരി ഊരിലെ ശങ്കരന്റെ മകനാണെന്ന് പറഞ്ഞ് സന്തോഷ് പരിചയപ്പെട്ടപ്പോൾ കൈ പിടിച്ചു കുലുക്കി ആശംസകൾ കൈമാറാൻ മാത്രം ശ്രദ്ധിച്ചു.

ഉച്ചയൂണ് ഒരു ബെജിറ്റബിൾ ജ്യൂസിലൊതുക്കിയപ്പോൾ ഊണുമേശകളിൽ നിന്ന് പറന്നുയരാൻ വെമ്പുന്ന കോഴികളുടെ ആത്മാവ് ആശങ്കയോടെ വിലപിക്കുന്നതു കണ്ടു. പണ്ട് ഭൂമിയെടുക്കാൻ വന്ന ചേട്ടൻ പെങ്ങമ്മാരെ നോക്കിയ നോട്ടം പോലെ.

ജെ എൻ യുവിലെ സഖാവ് സെമിനാറിൽ സംബന്ധിക്കാനെത്തിയ മുന്നേ മൂന്ന് ആദിവാസികളുമായി ചേർന്ന് ചിത്രമെടുക്കുന്ന തിരക്കിലായിരുന്നു. ജോയിൻ ചെയ്യുന്നോ?

അപ്രതീക്ഷിതമായി ഉയർന്ന ചോദ്യം കേട്ടപ്പോൾ ഞെട്ടി ചുളിഞ്ഞു. അടുത്ത നാഷണൽ അവാർഡിന് എഫ് ബി യിൽ പോസ്റ്റ് ചെയ്യാം. സഖാവിന്റെ ഔദാര്യം!

വൈകിട്ട് വരെയും സെമിനാർ ഹാളിൽ ചെലവിട്ട ശേഷമാണ് മുറിയിലേക്ക് മടങ്ങിയത്. ഉറക്കപാതിയിൽ എഴുന്നേറ്റ് മൂത്രശങ്ക തീർത്ത് എ സി ഓഫ് ചെയ്ത് കിടക്കയിലേക്ക് മറിയുമ്പോഴാണ് കുടുക്കില്ലാത്ത കുപ്പായവുമായി അയാൾ വന്നത്.

ആദ്യമയാൾ തലകുനിച്ച് നിന്നു. മുഷിഞ്ഞുണങ്ങിയ താടിയിൽ പറ്റി പിടിച്ചിരിക്കുന്ന പഴം. ഭക്ഷണത്തിൽ നിന്നും വമിക്കുന്ന ദുർഗന്ധം അരോചകമായി തോന്നിയപ്പോൾ അറിയാതെ മൂക്കിന്റെ അഗ്രത്തിലേക്ക് കൈകൾ കടന്നു ചെന്നു. അയാൾ അടുത്തേക്ക് വന്നു, മെല്ലെ മെല്ലെ...

ഓർമ്മകൾ വേഗതയിൽ പിന്നോട്ടോടി. നാല്പതോളം വർഷങ്ങൾക്ക് മുമ്പ് ഓർമ്മകളിൽ പറ്റി പിടിച്ച ചെറുബാല്യം. എപ്പോൾ വേണമെങ്കിലും വഴി തെറ്റി വീഴുമായിരുന്ന ഓട്ടു പാത്രത്തെ മദ്രാസിലെ ചെട്ടിയാർക്ക് വിൽക്കുമ്പോൾ മധു പുതിയ ലോകത്തിലേക്ക് ഒരു നിലവിളിയായി വന്നു ചേർന്നതേയുള്ളു.

നിനക്ക് എന്നെ ഓർമ്മയില്ലേ? അയാൾ അടുത്തേക്ക് നീങ്ങി വന്നു. എങ്ങനെ ഓർമ്മ വരാനാ അല്ലേ? സ്യൂട്ടണിക്ക് രാജ്യാന്തര പുരസ്കാരം വാങ്ങുന്ന ചിത്രത്തിലേക്ക് നോക്കുമ്പോൾ അയാളുടെ മുഖത്ത് തെളിഞ്ഞത് സന്തോഷമല്ല, പുച്ഛമാണ്.

ഒപ്പം വരാൻ അയാൾ ആവശ്യപ്പെട്ടു. അയഞ്ഞ നിശാവസ്ത്രങ്ങളണിഞ്ഞ് അനുസരണയോടെ അയാൾക്കൊപ്പം നടന്നു. ഉളിയേരി ഊരിലെ കൂരിരുട്ടിന് കാടുദൈവങ്ങളുടെ കാവലുണ്ടെന്ന് പണ്ടമ്മ പറഞ്ഞതോർത്തു...

 

story
Advertisment