Advertisment

മന്ദമാരുത കരസ്പർശമേറ്റിലകൾ കവിത "കരിയിലകള്‍ " മഞ്ജുള ശിവദാസ്‌

author-image
admin
Updated On
New Update

publive-image

Advertisment

മന്ദമാരുത കരസ്പർശമേറ്റിലകൾ-

നെയ്തു വ്യാമോഹസ്വപ്നങ്ങളോരോന്ന്.

എന്നുമായിളം തെന്നൽ തലോടലിൻ-

സൗഖ്യമനുഭവിച്ചൊപ്പം പറന്നിടാം.

ഏറെയല്ലെന്നു തോന്നിടും ദൂരത്തെ-

ചന്ദ്രബിംബത്തെയെത്തിപ്പിടിച്ചിടാം.

മിന്നിനിൽക്കുന്ന താരകങ്ങൾക്കിടയി-

ലനിലനൊപ്പം പറന്നുല്ലസിച്ചിടാം.

ഞെട്ടിൽ നിന്നുമടർന്നു വീണപ്പൊഴാ-

ണിലകൾ കാറ്റിൻ കളങ്കമറിഞ്ഞതും,

തൻ ഇടം നഷ്ടമാക്കിയിറങ്ങിയ-

മൗഢ്യമോർത്തു പശ്ചാത്തപിക്കുന്നതും.

തായ്മരത്തണലുപേക്ഷിച്ച നാൾതൊട്ടു-

വിരുതമാരുതൻ തട്ടിക്കളിക്കുന്നു.

കാറ്റിനോടു മല്ലിട്ടു തളർന്നുപോയ്,

മേനിയഴകിന്റെ ഹരിതാഭ മാഞ്ഞുപോയ്.

കരിയിലക്കെന്തു കണ്ണുനീർ,കാറ്റിന്റെ-

ഗതിവിഗതികൾക്കൊപ്പം ചരിക്കുവോർ.

വെയിലുണക്കിയ മേനിയിലങ്ങിങ്ങു-

മുറിവുകൾ വന്നുണങ്ങാതെയങ്ങിനെ,

ചാറ്റൽ മഴയുടെ തുള്ളികൾ പോലുമാ-

വ്രണിത മേനിയെ പൊള്ളിച്ചിടുന്നപോൽ.

കാറ്റുകൈവിട്ട കരിയിലകളോരോന്നു-

മൂഴിയിൽ വീണു മണ്ണോടലിഞ്ഞുപോയ്.

വിണ്ണിലെ താരമാകാൻ കൊതിച്ചവർ-

മണ്ണിൽ മണ്ണായലിഞ്ഞിരിക്കുന്നുപോൽ.

 

Advertisment