Advertisment

മകനോട് (കവിത )

author-image
സത്യം ഡെസ്ക്
Updated On
New Update

രാജനാരായണൻ പട്ടത്ത്

publive-image

ആ സമയം

നീ എന്റെ തല

മടിയിലെടുത്തു വക്കണം

ഓപ്പോൾ

കാൽക്കലിരിക്കട്ടെ

അവൾക്ക് പെട്ടെന്ന്

വിഷമം വരുന്ന കൂട്ടത്തിലാണ്.

നീ എന്റെ

നെറ്റിയിൽ നിന്നു

പുറകിലേക്ക് തടവിക്കൊൾക..

അഥവാ

എന്റെ ശ്വാസം

കുത്തിയടയ്ക്കുകിൽ

നെഞ്ചിലും പതുക്കെ തടവുക..

ഓപ്പോൾ

വെള്ളമെടുത്തു

വരട്ടെ...

അത്

ഗംഗാജലമെന്ന്

സങ്കൽപ്പിച്ച് തുളളിയായി

നാവിലേക്ക് ഇറ്റിക്കുക...

മനസ്സിൽ

നമശിവായ

ജപിച്ചോളൂ..

അത് എന്നുള്ളിലും

നിന്റെ മനസ്സിലും

ശാന്തി നിറക്കും.

അവസാനശ്വാസം

പുറത്ത് വിടുമ്പോൾ

ചിലപ്പോൾ

എന്റെ ദൃഷ്ടി

മറയാൻ

സാധ്യതയുണ്ട്..

പേടിക്കരുത്

അത് നിന്റെ ഓപ്പോൾക്ക്

കരച്ചിൽ വരുത്തും...

പിന്നെ

ശ്വാസം എടുക്കാതാവുമ്പോൾ

ഉറപ്പിച്ചോളൂ...

അപ്പോൾ

നീ ഓപ്പോളെ അകത്തേക്ക് പറഞ്ഞയക്കണം

അതിന് ശേഷം

തല പതുക്കെ മടിയിൽ നിന്നും

ഇറക്കി വക്കുക.

കൈകാലുകൾ

ശരിയാക്കി വക്കുക.

കൺകൾ മൂടിയിട്ടില്ലെങ്കിൽ

അത് പതുക്കെ പോളകളിൽ

താഴേക്ക് തടവി അടക്കുക.

കഴുത്തറ്റം

പുതപ്പ് കൊണ്ട്

മൂടുക..

നമശിവായ

കൈവിടണ്ടാ

അത് മനസ്സിൽ തൈലധാര

പോലെ ഒഴുകട്ടെ...

അപ്പോൾ

നിന്റെ

സങ്കടങ്ങളും

ഒഴുകിയകലും..

ഇനി ചെയ്യേണ്ടത്

വേണ്ടപ്പെട്ടവരെ

അറിയിക്കുക

എന്നതാണ്.

അവരെത്തി

നിലത്തിറക്കി

കിടത്തും...

ഇറക്കിക്കിടത്തി

അവർ മഞ്ഞളും

നെല്ലും ഭസ്മവും കൊണ്ട്

വളച്ച് കഴിഞ്ഞാൽ

നീ തന്നെ ഭസ്മം കൊണ്ട്

നമശിവായ ചൊല്ലി

മൂന്നുവിരലാൽ നീട്ടി

എന്റെ നെറ്റിയിൽ

വരക്കുറി ചമക്കുക.

ഇനി

ചേലോടെ

ചിതയിലേക്ക്

എടുക്കാം

ചിത കത്തിക്കാളി

നടുവറ്റ് കഴിഞ്ഞ് ചിതക്ക് വെളളം കൊടുക്കുമ്പോൾ പ്രത്യേകം ഓർക്കുക

നിനക്ക് നെഞ്ചിടറാം

പ്രാർത്ഥിക്കുക...

ശേഷക്രിയകൾ

എല്ലാം

കൃത്യമായി സമചിത്തതയോടെ ചെയ്യുക.

നെഞ്ചിടറാം....

നമശിവായ ചൊല്ലുക

എന്നെ

അത്രയും സന്തോഷത്തോടെ

യാത്രയാക്കുക...

ചിതാഭസ്മം

ഗംഗയെന്ന് സങ്കൽപ്പിച്ച്

എവിടെ ഒഴുക്കിയാലും വിരോധമില്ല.

ബലിയിടുക.

ഞാൻ നിന്റെ മുത്തശ്ശന് വേണ്ടി ചെയ്യുന്നത് നീ കാണാറില്ലേ...???

എല്ലാം നിന്റെ

മകനും കാണട്ടെ

അവന് പിന്നീട് എല്ലാം വിവരിച്ച് മനസ്സിലാക്കി

കൊടുക്കുക...

നമ്മുടെ

പിതൃക്കൾ അതേ പോലെ

നിന്നിലൂടെ

ഒഴുകട്ടെ...

ഒന്നുകൂടി

ഓർമ്മിക്കുക

നമശിവായ

ചെല്ലാൻ

മറക്കരുത്...

ഇനിയെനിക്കിതെല്ലാം

ചിലപ്പോൾ നിനക്ക് പറഞ്ഞ് തരാനായെന്ന് വരില്ല...

എല്ലാം

കഴിഞ്ഞാൽ

നിന്റെ

ഓപ്പോളെ

സമാധാനിപ്പിക്കുക

യാത്ര..

Advertisment