Advertisment

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. ഉമ്മന്‍ചാണ്ടിയെയും രമേശിനെയും ഹസ്സനെയും വിളിച്ചുവരുത്തി സംസാരിച്ചത് ചെങ്ങന്നൂര്‍ വിഷയം. വിജയം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം. പി സി വിഷ്ണുനാഥിന് രാഹുലിന്റെ പച്ചക്കൊടി 

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉടന്‍ നടത്താന്‍ എ ഐ സി സി തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍ എന്നിവരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയ എ ഐ സി സി അധ്യക്ഷന്‍ ചെങ്ങന്നൂരില്‍ വിജയം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ക്ക് നല്‍കിയത്.

Advertisment

മൂവരോടും സ്ഥാനാര്‍ഥിയെപ്പറ്റി അഭിപ്രായം ആരാഞ്ഞ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടത്തി പ്രചരണത്തിനിറങ്ങാനാണ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, എ ഐ സി സി സെക്രട്ടറിയായ പി സി വിഷ്ണുനാഥിനെ വീണ്ടും മത്സരിപ്പിക്കുന്നതിലും രാഹുല്‍ കേരള നേതാക്കള്‍ക്ക് അനുകൂല മറുപടി നല്‍കിയതായാണ് സൂചന.

publive-image

നിലവില്‍ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന വിഷ്ണുനാഥിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കണമെങ്കില്‍ അതിന് എ ഐ സി സിയുടെ അനുമതി ആവശ്യമാണ്‌. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയെയും രമേശിനെയും ഹസ്സനെയും ഡല്‍ഹിക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയത്.

മാത്രമല്ല, കഴിഞ്ഞ തവണ ബി ജെ പി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിനെ ഹൈക്കമാന്റ് ഗൌരവത്തോടെയാണ് കാണുന്നത്. ഒരു സാഹചര്യത്തിലും ബി ജെ പി സംസ്ഥാനത്ത് നേട്ടമുണ്ടാക്കുന്ന ഒരു സാഹചര്യം ഉണ്ടാകരുതെന്ന കാര്യത്തില്‍ ഹൈക്കമാന്റിന് നിര്‍ബന്ധമുണ്ട്.

ബി ജെ പി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കാനുള്ള സാഹചര്യ൦ നിലനില്‍ക്കെയാണ് ചെങ്ങന്നൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും തിരക്കിട്ട കൂടിയാലോചനകള്‍ നടത്തുന്നത്. സ്ഥാനാര്‍ഥിയുടെ കുറവ് ജയസാധ്യതയെ ബാധിക്കാന്‍ പാടില്ലെന്നതാണ് രാഹുലിന്റെ നിലപാട്. അതിനാല്‍ തന്നെ വിഷ്ണുനാഥിനെ വീണ്ടും മത്സരിപ്പിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തോട് ഹൈക്കമാന്റും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ചെങ്ങന്നൂരില്‍ പ്രചരണത്തിന് താനെത്തുമെന്നും രാഹുല്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

publive-image

ഒരു സീറ്റ് കൂടി സി പി എമ്മില്‍ നിന്നും പിടിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നാണ് കോണ്‍ഗ്രസ് നിലപാട്. വരുന്ന വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുന്നോടിയായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്‌. കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ചെങ്ങന്നൂര്‍.

അതേസമയം, കഴിഞ്ഞ തവണ പി സി വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ തോല്‍ക്കാനിടയായ സാഹചര്യവും ഹൈക്കമാന്റ് വീണ്ടും പരിശോധിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും കാരണങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് നേതൃത്വം പരിശോധിക്കുന്നത്.

ബി ജെ പിയും ചെങ്ങന്നൂരില്‍ വിജയ പ്രതീക്ഷയോടെയുള്ള പോരാട്ടത്തിനാണ് ഒരുക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തന്നെയായിരിക്കും ബി ജെ പി സ്ഥാനാര്‍ഥിയെന്ന്‍ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

അതേസമയം, സി പി എം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാനും സാധ്യത കല്‍പ്പിക്കുന്നു. മുന്‍ എംപി സി എസ് സുജാതയുടെ പേരും പരിഗണനയിലാണ്.

chengannur byelection
Advertisment