Advertisment

അച്ഛന്റെയും മകന്റെയും വിഴുപ്പലക്കലും സോളാര്‍ വിവാദവും എന്‍സിപിയുടെ പ്രതിശ്ചായ കളങ്കപ്പെടുത്തും; കേരളാ കോണ്‍ഗ്രസ് - ബി ലയനത്തിനെതിരെ എന്‍സിപിയില്‍ പടയൊരുക്കം; ലയനം പ്രതിസന്ധിയില്‍ ?

New Update

കൊല്ലം:  ലയന കാര്യത്തില്‍ ചര്‍ച്ച നടക്കും മുമ്പ് തമ്മില്‍ തല്ലു തുടങ്ങിയ അച്ഛനെയും മകനെയും പാര്‍ട്ടിയില്‍ വേണ്ടെന്ന് എന്‍ സി പിയിലെ പ്രബല ഗ്രൂപ്പുകള്‍. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിന്‍റെ ചുമതല വഹിക്കുന്ന ടി പി പീതാംബരന്‍ മാസ്റ്റര്‍ ഒഴികെയുള്ള ഗ്രൂപ്പുകള്‍ പിള്ളയ്ക്കും മകനുമെതിരെ ഒന്നിച്ചുനില്‍ക്കുകയാണ്. അല്പം മുമ്പ് സമാപിച്ച എന്‍ സി പി സംസ്ഥാന സമിതിയും വിഷയത്തില്‍ പ്രഷുബ്ദമായി.

Advertisment

ആറാം തീയതി എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി ലയനക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെ ബി ഗണേഷ് കുമാര്‍ സമയം നിശ്ചയിച്ചത് പുറത്തായതോടെയാണ്‌ ലയനം വിവാദമായത്. ടി പി പീതാംബരന്‍ മാസ്റ്റര്‍ ഇടപെട്ടായിരുന്നു കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

publive-image

സംഭവം പുറത്തായതോടെ ലയന നീക്കം നിഷേധിച്ച് ആര്‍ ബാലകൃഷ്ണ പിള്ള രംഗത്തെത്തി. കെ ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പിള്ള എതിര്‍പ്പുമായി രംഗത്തെത്തിയത്. ഗണേഷ് കുമാര്‍ മന്ത്രിയായാല്‍ ക്യാബിനറ്റ് റാങ്കോടെയുള്ള മുന്നോക്ക സമുദായ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ആര്‍ ബാലകൃഷ്ണപിള്ളയില്‍ നിന്നും സി പി എം തിരിച്ചെടുക്കും.

ചെറിയ ഘടകകക്ഷിയ്ക്ക് 2 ക്യാബിനറ്റ് റാങ്കുകള്‍ നല്‍കാനാകില്ലെന്ന സൂചന ഇതിനോടകം സി പി എം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷ് കുമാറിനെ എന്‍ സി പിയിലെത്തിച്ചാല്‍ മന്ത്രിയാകാനാകുമോ എന്ന് പീതാംബരന്‍ മാസ്റ്റര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ തന്നെ സി പി എം നേതൃത്വം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞതാണ് പിള്ളയെ പ്രകോപിപ്പിക്കുന്നത്.

തന്റെ ക്യാബിനറ്റ് റാങ്ക് കളഞ്ഞ് മകന് മന്ത്രിസ്ഥാനം വേണ്ടെന്നാണ് പിള്ളയുടെ നിലപാട്. അതേസമയം അച്ഛന്റെ കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനത്തിന്റെ പേരില്‍ പാര്‍ട്ടിക്ക് കിട്ടാവുന്ന മന്ത്രിസ്ഥാനം കളയാനാകില്ലെന്ന നിലപാടാണ് ഗണേഷ് കുമാറിന്. എന്‍ സി പിയില്‍ എത്തിയാല്‍ ഗണേഷിന് മന്ത്രിസ്ഥാനം പീതാംബരന്‍ മാസ്റ്റര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ സോളാര്‍ കേസില്‍ സരിതയുടെ കത്തിലെ ഗൂഡാലോചനയ്ക്ക് പിന്നില്‍ കെ ബി ഗണേഷ് കുമാറാണെന്ന്‍ സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍ മൊഴി നല്‍കിയ സാഹചര്യത്തില്‍ ഗണേഷ് കുമാര്‍ മന്ത്രിയായാല്‍ ഇത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന ഭയം എന്‍ സി പിയ്ക്കും സി പി എമ്മിനുമുണ്ട്.

publive-image

സരിതയുടെ യഥാര്‍ത്ഥ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി എം പി ഉള്‍പ്പെടെ 4 പേരുകള്‍ കൂട്ടിച്ചേര്‍ത്ത് കത്ത് 25 പേജാക്കിയത് ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്ന ആരോപണമാണ് ഇതോടെ ശരിവയ്ക്കപ്പെട്ടിരിക്കുന്നത്.

സംഭവം വരും ദിവസങ്ങളിലും പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താനിരിക്കെ ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനത്തുണ്ടെങ്കില്‍ ഇത് സര്‍ക്കാരിന്റെ പ്രതിശ്ചായ കളങ്കപ്പെടുത്തുന്ന പുതിയ വിവാദമായി രൂപാന്തരപ്പെടുമെന്നാണ് എന്‍ സി പിയിലെ പ്രബല വിഭാഗത്തിന്റെ അഭിപ്രായം.

ഏത് സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം പിള്ള ഗ്രൂപ്പുമായി ചര്‍ച്ച ചെയ്തതെന്നാണ് സംസ്ഥാന ട്രഷര്‍ മാണി സി കാപ്പന്‍ ചോദിക്കുന്നത്. തോമസ് ചാണ്ടി പക്ഷത്തെ പ്രമുഖനാണ് മാണി സി കാപ്പന്‍. എ കെ ശശീന്ദ്രനും ഇതേ അഭിപ്രായമാണ്.

നിലവില്‍ ഹൈക്കോടതിയിലുള്ള ഫോണ്‍ കെണി കേസില്‍ തീര്‍പ്പായാല്‍ മന്ത്രി സ്ഥാനത്തേക്ക് തിരികെയെത്താനുള്ള തന്റെ അവസരം നഷ്ടപ്പെടുത്താനാണ് പീതാംബരന്‍ മാസ്റ്റര്‍ ശ്രമിക്കുന്നതെന്നാണ് ശശീന്ദ്രന്റെ സംശയം.

മാത്രമല്ല, എന്‍ സി പിയിലെത്തിയാല്‍ അച്ഛനും മകനും തമ്മിലുള്ള വിഴുപ്പലക്കലും സോളാര്‍ കേസുമായി പാര്‍ട്ടി ജനമധ്യത്തില്‍ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമാണ് എന്‍ സി പിയിലെ പ്രബല വിഭാഗത്തിനുള്ളത്. പവാറിന്റെ അടുപ്പക്കാരനായ ദേശീയ സമിതി അംഗം കെ ജെ ജോസ്മോനും ലയനത്തിനെതിരാണ്.

അതിനാല്‍ തന്നെ പിള്ള ഗ്രൂപ്പിന്റെ എന്‍ സി പി ലയനം നിലവില്‍ പ്രതിസന്ധിയിലാണ്. അതേസമയം, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയെ എന്‍ സി പിയില്‍ ഉള്‍പ്പെടുത്തിയേക്കും !

kerala politics ganesh Thomas chandi
Advertisment