Advertisment

ശിവസേനയ്ക്ക് പിന്നാലെ തെലുങ്കുദേശ൦ കൂടി പുറത്തായതോടെ എന്‍ഡിഎയുടെ അടിത്തറ ഇളകുന്നു. രാജസ്ഥാനില്‍ പരിഷത്ത് തെരഞ്ഞെടുപ്പില്‍ നിലംതൊട്ടില്ല. യുപിയില്‍ പ്രതിപക്ഷ ഏകോപനം. 2019 നരേന്ദ്രമോഡിയ്ക്ക് ബാലികേറാമലയാകുമോ ?

author-image
admin
New Update

ഡല്‍ഹി:  ഗുജറാത്തിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ ത്രിപുരയിലെ വന്‍ വിജയം ബി ജെ പിയെ സഹായിച്ചിരുന്നുവെന്നത് സത്യമാണ്. പക്ഷെ ത്രിപുരയുടെ മറവില്‍ മറ്റ്‌ തിരിച്ചടികള്‍ മൂടിവയ്ക്കാനുള്ള അവരുടെ ശ്രമം വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ് ഇന്നലെ നടന്ന രണ്ടു സംഭവങ്ങളിലൂടെ.

Advertisment

ഇന്നലത്തെ ആദ്യ തിരിച്ചടി രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പരാജയമായിരുന്നു. ഇവിടെ 6 ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലും കോണ്‍ഗ്രസ് വിജയിച്ചു. തൊട്ടുപിന്നാലെയാണ് മുന്‍ എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടതയുള്ള പ്രഖ്യാപനം.

publive-image

ഇതോടെ എന്‍ ഡി എയിലെ 2 പ്രധാന പാര്‍ട്ടികളാണ് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുന്നണി വിട്ടിരിക്കുന്നത്. ബി ജെ പിയുടെ എക്കാലത്തെയും പങ്കാളികളായിരുന്ന ശിവസേന ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ബി ജെ പിയുമായുള്ള പതിറ്റാണ്ടുകാലങ്ങളിലെ ബന്ധം മുറിച്ചു മാറ്റി. പിന്നാലെ എന്‍ ഡി എയുടെ നെടുംതൂണായിരുന്ന തെലുങ്കുദേശവും പോയിരിക്കുന്നു.

ഇതോടെ പുറത്തു പറഞ്ഞുകേള്‍ക്കുന്നതുപോലെ എന്‍ ഡി എയിലെ കാര്യങ്ങള്‍ അത്ര ഭദ്രമല്ലെന്നതാണ് റിപ്പോര്‍ട്ട്. ദേശീയ തലത്തില്‍ എന്‍ ഡി എ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. രാജസ്ഥാനില്‍ ബി ജെ പിയുടെ അവസ്ഥ തികച്ചും പരാജയമാണ്.

മഹാരാഷ്ട്രയില്‍ ബി ജെ പി മുന്നേറ്റത്തിന് അടിത്തറ ശിവസേനയായിരുന്നു. സേനയില്ലാതെ മഹാരാഷ്ട്രയില്‍ ബി ജെ പിയ്ക്ക് എന്ത് നേടാനാകുമെന്നത് കണ്ടറിയണം.  അടുത്തെങ്ങും അടുക്കാനാകാത്ത വിധം സേനാ തലവന്‍ ഉദ്ധവ് താക്കറെയും നരേന്ദ്ര മോഡിയും അമിത് ഷായും തമ്മില്‍ മാനസികമായി അകന്നിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ബി ജെ പിയുടെ ബലം യു പി ആയിരുന്നു. പ്രതിപക്ഷ ഭിന്നത മുതലാക്കിയായിരുന്നു ഇവിടെ ബി ജെ പി മുതലെടുപ്പ് നടത്തിയത്. എന്നാല്‍ ആ ബലഹീനത പരിഗണിക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനായി എസ് പിയും ബി എസ് പിയും കൈകോര്‍ക്കുകയാണ്. ഒപ്പം കോണ്‍ഗ്രസും ചേര്‍ന്നേക്കും.

ഒറ്റയ്ക്ക് നിന്ന് പോരടിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും ഈ മൂന്ന്‍ പാര്‍ട്ടികളുടെയും വോട്ടുകള്‍ ചേര്‍ത്താല്‍ ബി ജെ പിയ്ക്ക് മുകളിലാണ്. തെലുങ്ക് ദേശം ഉടക്കിയാല്‍ ആന്ധ്രയിലേക്ക് ബി ജെ പിയ്ക്ക് തിരിഞ്ഞുനോക്കാനാവില്ല. സമാന സാഹചര്യം തന്നെയാണ് തെലുങ്കാനയിലും.

മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബി ജെ പിക്കെതിരായ പടപ്പുറപ്പാടിലാണ്. അങ്ങനെ വന്നാല്‍ തെലുങ്കാനയും ബി ജെ പിയ്ക്ക് കൈമോശം വരും.

ബീഹാറില്‍ നിധീഷ് കുമാര്‍ പുതുതായി എന്‍ ഡി എ സഖ്യത്തില്‍ വന്നെങ്കിലും അദ്ദേഹം ഇപ്പോഴും മുന്നണിയില്‍ ശരിയായ സിറ്റിങ്ങിലായിട്ടില്ലെന്നതാണ് ശരി. എപ്പോള്‍ വേണമെങ്കിലും പൊളിയാവുന്ന ഒരു ബന്ധം മാത്രം. മാത്രമല്ല ബീഹാറില്‍ ഇപ്പോള്‍ നിധീഷിനേക്കാള്‍ പ്രിയം ലാലു പ്രസാദ് യാദവിനാണ്.

മധ്യപ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഈ ഘട്ടത്തിലെങ്കിലും ബി ജെ പിയ്ക്കില്ല. ബംഗാളില്‍ മമതാ ബാനര്‍ജി ബി ജെ പിയെ നിലംതൊടാന്‍ സമ്മതിക്കില്ല. ഒറീസയിലെ സ്ഥിതിയും അത്ര ഭദ്രമല്ല. ബിജു ഭട്നായിക് കാലങ്ങളായി അസംതൃപ്തനാണ്.

അടുത്തുവരാനിരിക്കുന്നത് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പാണ്. അവിടെ ഭരണം പിടിയ്ക്കാന്‍ ബി ജെ പി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ തന്നെ ധാരാളമാണ്. ഭരണവിരുദ്ധ വികാരം ഇല്ലെന്നിരിക്കെ കര്‍ണ്ണാടക കോണ്‍ഗ്രസിനെ എത്രകണ്ട് കയ്യൊഴിയുമെന്നു കണ്ടറിയണം. അഥവാ കൈയ്യൊഴിഞ്ഞാല്‍ തന്നെയും അത്ര വലിയൊരു മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി പോലും പ്രതീക്ഷിക്കുന്നുമില്ല.

എന്നാല്‍ കര്‍ണ്ണാടകം ബി ജെ പി തിരിച്ചുപിടിയ്ക്കുമെന്ന വിലയിരുത്തലുകളും ശക്തമാണെന്ന് സമ്മതിക്കേണ്ടി വരും.

തമിഴ്നാട്ടില്‍ സഖ്യങ്ങളിലാണ് ബി ജെ പിയുടെ കണ്ണ്. അണ്ണാ ഡി എം കെയെ അപ്പടി വിഴുങ്ങാമെന്ന് ബി ജെ പി കരുതിയെങ്കിലും അത് ഫലം കാണുന്നില്ല. ഡി എം കെയ്ക്ക് ഇപ്പോഴും പ്രിയ൦ കോണ്‍ഗ്രസിനോട് തന്നെ. രജനീകാന്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിലാണ് ഇപ്പോള്‍ ബി ജെ പിയുടെ കണ്ണ്.

കേരളത്തിലും അടുത്തെങ്ങും ബി ജെ പിയ്ക്ക് പ്രതീക്ഷ വയ്ക്കാനാകില്ല. ഈ സാഹചര്യത്തില്‍ 2019 ബി ജെ പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ബാലികേറാമലയാകുമെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്.

modi
Advertisment