Advertisment

പ്രചാരണകോലാഹലങ്ങൾ മിക്കതും പ്രഹസനങ്ങളാണ് ! നമ്മുടെ സ്ഥാനാർത്ഥികളെ നമ്മൾ വിശകലനം ചെയ്യുക. അവരുടെ സാമൂഹ്യ ഇടപെടലുകൾ അറിയാൻ ശ്രമിക്കുക… രാഷ്ട്രീയത്തിലുപരി അഴിമതിക്കാരല്ലാത്ത സംശുദ്ധരായ വ്യക്തികളെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്തുവിടുക…

New Update

publive-image

Advertisment

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം, അതിലധിഷ്ഠിതമായ അഴിമതികൾ, എവിടെയോ താളം തെറ്റിയ ഇവരുടെ അന്തർ ധാരകൾ, സോളാർ വിഷയം രണ്ടാം ഭാഗം അതുവഴി ദിവസവും പുറത്തുവരുന്ന നാറ്റക്കഥകൾ ഒക്കെ കണ്ടും കേട്ടും പകച്ചു നിൽക്കുന്ന ജനം.

7500 രൂപ ശമ്പളം കിട്ടുന്ന മെമ്പർ പണിക്ക് ഇത്ര വീറും വാശിയുമൊക്കെ കാണുമ്പോൾ അവർക്ക് ജനസേവ നം ചെയ്യാനുള്ള ഒടുങ്ങാത്ത ത്വരയാകാം എന്ന് നമുക്ക് സമാധാനിക്കാം. എന്നാൽ ?

ത്രിതല തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരേ ഒരു വോട്ട്, അല്ലെങ്കിൽ കഴിഞ്ഞ കാലത്തുനടന്ന അഴിമതികൾ അന്വേഷിക്കും എന്ന് പറഞ്ഞ് ആരെങ്കിലും വോട്ടഭ്യർത്ഥിക്കുന്നത് കണ്ടിട്ടുണ്ടോ? അവിടെയാണ് അന്തർധാരകൾ സജീവമായി നിലകൊള്ളുന്നു എന്ന് സംശയിക്കേണ്ടത്.

സത്യസന്ധമായ പൊതുപ്രവർത്തനം നടത്തുന്നവർ ധാരാളമുണ്ട്. അങ്ങനെയുള്ളവരെ ജനം എക്കാലവും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. വിദ്യാസമ്പന്നരായ യുവതലമുറ പൊതുരംഗത്തേക്ക് സജീവമായി വരുന്നത് പ്രതീക്ഷയുണർത്തുന്നു.

കിഴക്കമ്പലത്തിൻ്റെ വികസനം റോൾ മോഡലായി ഉയർന്നുവരുന്നത് ആർക്കൊക്കെയോ ഭീഷണിയാകുന്നുവെന്ന ഉൽബോധമാകാം അതിനെതിരേ കോപ്പുകൂട്ടാൻ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്ന ഘടകം.

നമ്മുടെ വോട്ടുകൾ വളരെ വിലപ്പെട്ടതാണെന്ന ബോധം നമുക്കാണാദ്യമുണ്ടാകേണ്ടത്. നിർഭാഗ്യവശാൽ പ്രബുദ്ധരെന്നവകാശപ്പെടുന്ന മലയാളികളിലും ആ അവബോധം ഇനിയും കൈവന്നിട്ടില്ല.

അതുകൊണ്ടല്ലേ നമ്മുടെ വീടുതേടി വോട്ടുയാചിച്ചുവരുന്നവൻ ജയിച്ചുകഴിഞ്ഞാൽ പിന്നെ അവൻ്റെ വാതിൽക്കൽ പോയി നമുക്ക് യാചിക്കേണ്ടിവരുന്നത്.

പ്രചാരണകോലാഹലങ്ങൾ മിക്കതും പ്രഹസനങ്ങളാണ്. നമ്മുടെ സ്ഥാനാർത്ഥികളെ നമ്മൾ വിശകലനം ചെയ്യുക,അവരുടെ സാമൂഹ്യയിടപെടലുകൾ അറിയാൻ ശ്രമിക്കുക. രാഷ്ട്രീയത്തിലുപരി അഴിമതിക്കാ രല്ലാത്ത സംശുദ്ധരായ വ്യക്തികളെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുത്തുവിടുക.

ഞാനിന്നുമോർക്കുന്നു, 1970 ൽ കേരളനിയമസഭാംഗമല്ലാതിരിക്കേ കേരള മുഖ്യമന്ത്രിയായ ശ്രീ.സി.അച്യു തമേനോൻ 1970 ഏപ്രിൽ മാസം കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും ഇടക്കാല തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഒരുതവണപോലും മണ്ഡലത്തിൽ പര്യടനം നടത്താതെയാണ് വൻ ഭൂരിപക്ഷത്തിൽ അദ്ദേഹം അന്ന് വിജയിച്ചത്. അത് അദ്ദേഹത്തിൻ്റെ സംശുദ്ധമായ വ്യക്തിത്വം ഒന്നുകൊണ്ടുമാത്രമായിരുന്നു. അതാകണം പൊതുപ്രവർത്തകരുടെ നേതൃഗുണം.

അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാകേണ്ടത് ഗ്രാമതലത്തിൽനിന്നാണ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമവികസനം അഴിമതിരഹിതമായിരുന്നു. അതിനായി കൂടുതൽ ജാഗ്രതയോടെ നമുക്ക് യത്നിക്കാം.

voices
Advertisment