Advertisment

പ്രണയ് കുമാറിനെ കൊല്ലാനെത്തിയത് മുന്‍ ഗുജറാത്ത് മന്ത്രിയെ കൊലപ്പെടുത്തിയ പാക് ചാരസംഘടനയിലെ വാടകക്കൊലയാളി, മറ്റുള്ളവര്‍ ബീഹാറില്‍ നിന്നും

New Update

നല്‍ഗോണ്ട(തെലങ്കാന): തെലങ്കാനയില്‍ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍വച്ച് എന്‍ജിനീയറെ വെട്ടിക്കൊന്ന സംഭവത്തില്‍ യുവതിയുടെ പിതാവും വാടക കൊലയാളികളും അടക്കം ഏഴ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണു പെരുമല്ല പ്രണയ് കുമാറി(24)നെ ഭാര്യ അമൃതവര്‍ഷിണി(22)യുടെ മുന്നില്‍വച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വാടക കൊലയാളിയായ സുഭാഷ് കുമാര്‍ ശര്‍മയെ ബിഹാറിലെ സമസ്തിപുരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ അച്ഛന്‍ മാരുതി റാവു, അമ്മാവന്‍ ശ്രാവണ്‍ റാവു എന്നിവരടക്കം ആറ് പേരെ നല്‍ഗോണ്ടയില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

അമൃതയുടെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഒരു കോടി രൂപയ്ക്കാണു ക്വട്ടേഷന്‍ നല്‍കിയതെന്നാണു പോലീസിനു ലഭിച്ച വിവരം. പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി കൊലയാളികള്‍ക്കു ബന്ധമുണ്ടെന്ന സൂചനയുണ്ട്. ദളിത് ക്രിസ്ത്യാനിയായ പ്രണയയും സവര്‍ണ വിഭാഗക്കാരിയായ അമൃതയും സ്‌കൂള്‍തലം മുതല്‍ പ്രണയത്തിലായിരുന്നു. കോളജില്‍ പഠിച്ചതോടെ ജീവിതം പങ്കിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. ഇതോടെ, അമൃതയുടെ വീട്ടുകാരില്‍നിന്നു വധഭീഷണിയുണ്ടായിരുന്നു. അതിനാല്‍, ചിലയിടങ്ങളില്‍ ഒളിച്ചുകഴിഞ്ഞു. കഴിഞ്ഞ മേയില്‍ പ്രണയയുടെ കുടുംബക്കാര്‍ ഇവരുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പിതാവിന്റെ പക വര്‍ധിക്കുകയായിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനാണു പ്രണയയെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘവുമായി ധാരണയായത്. രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ അമൃതയുടെ പിതാവ് മാരുതി റാവു ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേരുകയും ചെയ്തു. ക്വട്ടേഷന്‍ തുകയില്‍ പ്രതികള്‍ 18 ലക്ഷം രൂപയായിരുന്നു പ്രതികള്‍ െകെപ്പറ്റിയിരുന്നത്. ഗുജറാത്തിലെ മുന്‍ മന്ത്രിയായിരുന്ന ഹരെന്‍ പാണ്ഡ്യയെ കൊലപ്പെടുത്തി ജയില്‍മോചിതനായ കുറ്റവാളിയാണ് സുഭാഷ് കുമാര്‍ ശര്‍മ. നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വര്‍ഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി അറിയിച്ചു.

തന്നെയും ഭര്‍ത്താവിനെയും വേര്‍പിരിക്കാന്‍ അതിസമ്പന്നനായ പിതാവ് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ചു സമ്മര്‍ദം ചെലുത്തിയെന്ന് അമൃത വര്‍ഷിണി റാവു വ്യക്തമാക്കി. ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം ജീവിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ''ഇങ്ങനെ അരുംകൊല ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നു. പ്രണയയുടെ കുഞ്ഞിനെ ഞാന്‍ നശിപ്പിക്കില്ല. ഈ കുട്ടിയാണ് എന്റെ ഭാവി.

എന്നെ പൊന്നു പോലെ അദ്ദേഹം നോക്കിയിരുന്നു, ഗര്‍ഭിണിയായശേഷം നന്നായി പരിചരിച്ചിരുന്നു''.- അവര്‍ പറഞ്ഞു. പിതാവിന്റെ സ്വത്തിനെക്കുറിച്ചും അന്വേഷിക്കണം. അദ്ദേഹത്തിന് എല്ലാ പാര്‍ട്ടിയിലും വലിയ സ്വാധീനമുണ്ടെന്നും അമൃത പറഞ്ഞു. കോട്ടയത്ത് കെവിന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു തെലങ്കാനയിലെ കൊലപാതകം.

Advertisment