Advertisment

ഹൃദയരോഗം സമ്മാനിച്ച ദുരിതകാലത്തിന് വിട; ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ പ്രസാദ് ഇനി ജീവിതത്തിലേക്ക്; ഇനി ഒറ്റ ആഗ്രഹം മാത്രം, തന്റെ ജീവിതത്തിന് വെളിച്ചമേകിയ പ്രിയതാരം മമ്മൂട്ടിയെ ഒരു നോക്ക് കാണണം !

author-image
admin
Updated On
New Update

publive-image

Advertisment

തൃശൂര്‍: നാളെ സെപ്തംബര്‍ 29. ലോക ഹൃദയദിനം. ഹൃദയരോഗം സമ്മാനിച്ച ദുരിതകാലം അതിജീവിച്ച തൃശൂര്‍ സ്വദേശി പ്രസാദിന് (49) ഈ ഹൃദയദിനത്തില്‍ ഒറ്റ ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ. തന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തിന് വെളിച്ചമേകിയ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ ഒരു നോക്ക് കാണണം. കയ്‌പേറിയ ദുരിതകാലത്തെ പിന്നിട്ട് പ്രസാദിന് ജീവിതത്തിലേക്ക് തിരികെയെത്താനായത് മഹാനടന്റെ കാരുണ്യം കൊണ്ട് മാത്രമാണ്.

ആ കഥ ഇങ്ങനെ...തൃശൂര്‍ സ്വദേശിയായ പ്രസാദ് ഓട്ടോറിക്ഷ ഡ്രൈവറാണ്. തുച്ഛമായ വരുമാനത്തില്‍ ജീവിതം നയിച്ചുപോന്ന ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗം ബാധിച്ചു. കഴിഞ്ഞ ആറുമാസത്തിലേറെയായി കോവിഡ് പശ്ചാത്തലത്തിൽ ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു.

തൃശൂർ നഗരത്തിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയക്കായി സമീപിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ച സാഹചര്യത്തിൽ ചികിത്സയിൽ കാലതാമസം നേരിട്ടത്തിനെ തുടർന്നു കേരളത്തിലെ പല സ്വകാര്യ ആശുപത്രികളെ സമീപിച്ചുവെങ്കിലും താങ്ങാനാവാത്ത ലക്ഷങ്ങളുടെ ബില്ല് തുക കാരണം ശസ്ത്രക്രിയ നടത്താൻ സാധിക്കാതെ വന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുട്ടപർത്തിയിലെ സായിബാബ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയക്കായി സമീപിച്ചുവെങ്കിലും കോവിഡ് മഹാമാരിയെ തുടർന്നു അവിടെയും ശസ്ത്രക്രിയ ചെയ്യുവാൻ സാധിച്ചില്ല.

തുടർന്നദ്ദേഹം മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയെക്കുറിച്ചറിയുകയും ഫാൻസ്‌ പ്രവർത്തകർ വഴി അദ്ദേഹത്തിന്റെ ഓഫിസുമായി ബന്ധപ്പെടുകയും ചെയ്തു.രോഗഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം മമ്മൂട്ടിയും നിംസ് ഹാർട്ട്‌ ഫൌണ്ടേഷനും സംയുക്തമായി നടത്തിവരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് -റ്റൂ -ഹാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തുകയും സമയബന്ധിതമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഹൃദയ ശസ്ത്രക്രിയ തികച്ചും സൗജന്യമായി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നാളിത് വരെ മമ്മൂട്ടിയെ നേരിൽ കണ്ടിട്ടില്ലാത്ത പ്രസാദ് മമ്മൂട്ടിക്ക് കൈമാറണം എന്ന അഭ്യർത്ഥനയോടെ പുറത്തു വിട്ട വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ജീവിതത്തിലേക്ക് തിരിച്ചു വന്ന പ്രസാദിന്റെ ഇന്നത്തെ ഏറ്റവും വലിയ ആഗ്രഹം പ്രിയപ്പെട്ട മമ്മൂക്കയെ നേരിൽ കണ്ടു നന്ദി അറിയിക്കുക എന്ന് മാത്രമാണ്. തീർത്തും അപരിചിതരായ വ്യക്തികളുടെ ജീവിതത്തിനു വെളിച്ചമേകുകയാണ് മലയാളത്തിന്റെ ഈ മഹാനടൻ. 2007ൽ പദ്മശ്രീ മമ്മൂട്ടിയുടെ പേരിൽ നിംസ് മെഡിസിറ്റിയിൽ ആരംഭിച്ച സൗജന്യ ഹൃദയശസ്ത്രക്രിയ പദ്ധതിയായ ഹാർട്ട് റ്റൂ ഹാർട്ട് ഇതുവരെ 250 ഓളം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കാരുണ്യത്തിന്റെ മാതൃകയാകുകയാണ്.

Advertisment