Advertisment

അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ആകണം - ഫോമാ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി, ജോണ്‍ സി. വര്‍ഗ്ഗീസ്‌

New Update

ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫോമാ ഇന്ന്‌ വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്‌.

Advertisment

എന്നാല്‍ നാളിതു വരേയും ഒരു ദ്വിവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്‍വന്‍ഷന്‍, ലോക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ഫോമാ എന്ന മഹാസംഘടനക്കു നടത്താന്‍ പറ്റാത്തത്‌ ഒരു വലിയ കുറവായി കാണുന്നു.

publive-image

ഫോമയുടെ സ്ഥാപക നഗരിയായ ഹ്യൂസ്റ്റനില്‍ സംഘടിപ്പിച്ച യോഗത്തിലും പ്രസ്‌ മീറ്റിലും സംസാരിക്കുകയായിരുന്നു ഫോമയുടെ അടുത്ത ടേമിലേക്ക്‌ പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍. സി. വര്‍ഗീസ്‌. ഫോമായുടെ അംഗസംഘടനകളും ഡെലിഗേറ്റുകളും പരിഗണിച്ചു തീരുമാനമെടുത്താല്‍ ആ കുറവ്‌ നികത്താവുന്നതേയുള്ളൂ.

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റേയും, കുടിയേറ്റത്തിന്റേയും പടിവാതിലായ ന്യൂയോര്‍ക്ക്‌ നഗരം ബിസിനസ്സ്‌ കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ ഒരു തലസ്ഥാനം കൂടിയാണ്‌. വളരെയധികം മലയാളികള്‍ അധിവസിക്കുന്ന, ഫോമക്ക്‌ ഏറ്റവും അധികം അംഗസംഘടനാ ബലമുള്ള ഈ തന്ത്രപ്രധാനമായ മഹാനഗരിയില്‍ അടുത്ത ഫോമാ കണ്‍വന്‍ഷന്‍ വരണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്‌.

തന്നേയും തന്റെ പാനലിനേയും വിജയിപ്പിക്കുന്നതൊടൊപ്പം കണ്‍വന്‍ഷന്‍ വേദിയായി ന്യൂയോര്‍ക്ക്‌ സിറ്റി കൂടെ തെരഞ്ഞെടുക്കണമെന്ന അഭ്യര്‍ത്ഥനയാണ്‌ തനിക്കുള്ളത്‌.

തുടര്‍ന്ന്‌, ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ്‌ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റായ ഷിനു ജോസഫ്‌ - ഫോമാ ട്രഷറര്‍  സ്ഥാനാര്‍ത്ഥിയും മീറ്റിംഗില്‍ സംസാരിച്ചു. ഫോമായുടെ വരവു ചെലവു കണക്കുകള്‍ വളരെ സുതാര്യമാക്കും.

ഫോമായുടെ വെബ്‌സൈറ്റില്‍ സൈന്‍ ഓണ്‍ ചെയ്യുന്ന അംഗസംഘടനകള്‍ക്ക്‌ വളരെ കൃത്യമായി ഫോമയുടെ ഫൈനാന്‍ഷ്യല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന്‌ ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ്‌ പറഞ്ഞു. ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ സ്വാഭാവികമായി അംഗങ്ങള്‍ക്ക്‌ അല്‍പ്പം കൂടുതല്‍ ഹോട്ടല്‍, രജിസ്‌ട്രേഷന്‍ ഫീസ്‌ നല്‍കേണ്ടി വരും.

publive-image

എന്നാല്‍ ആ അധിക ചെലവും ഫീസും കുറക്കാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌ എന്ന വന്‍നഗരത്തില്‍ ഒരു കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ ബിസിനസ്സ്‌ സ്‌പോണ്‍സേര്‍സായി അധികം തുക തന്ന്‌ അധികം ബിസിനസ്സുകള്‍ തന്നെ വരാനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്‌. കൂടുതലായ ജനസാന്നിധ്യവും പങ്കാളിത്തവും കൂടിയാകുമ്പോള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക്‌ അധിക സാമ്പത്തിക ഭാരം വരാന്‍ ന്യായമില്ല.

ഫോമായുടെ സ്‌പോണ്‍സര്‍ഷിപ്പ്‌ മറ്റ്‌ വരുമാനങ്ങള്‍ വര്‍ദ്ധിപ്പിച്ച്‌ കണ്‍വന്‍ഷനില്‍ വരുന്നവരുടെ അധിക ചെലവുകള്‍ സബ്‌സിഡൈസ്‌ ചെയ്യാനാണ്‌ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന്‌ ജോണ്‍. സി. വര്‍ഗീസും, ഷിനു ജോസഫും മീഡിയാ പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

അതുപോലെ ഫോമാ ഒരു കണ്‍വന്‍ഷന്‍ സംഘടന മാത്രമല്ല. ഫോമാ അനുദിനമെന്നോണം മലയാളികളുടെ സര്‍വഥാ ഉന്നമനം ലക്ഷ്യമാക്കിയുള്ള എല്ലാ സേവനങ്ങളിലും എപ്പോഴും സന്നിഹിതവും സജ്ജവുമായിരിക്കുമെന്നിരുവരും പറഞ്ഞു.

ഫോമാ സ്ഥാപക പ്രസിഡന്റായ ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഭാരവാഹികളും, ഫോമയുടെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, ഫോമാ സ്ഥാപക കമ്മറ്റി അംഗങ്ങളും, മീഡിയാ പ്രതിനിധികളും പങ്കെടുത്തു.

ശശിധരന്‍ നായര്‍, ജോഷ്വാ ജോര്‍ജ്‌, ബാബു മുല്ലശ്ശേരില്‍, ബേബി മണക്കുന്നേല്‍, എന്‍.ജി. മാത്യു, ബാബു സക്കറിയാ, ബാബു തെക്കേകര, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ആശംസ അര്‍പ്പിക്കുകയും ചെയ്‌തു.

Advertisment