Advertisment

ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ശനിയാഴ്ച

New Update

ടൊറോന്റോ:  ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന അഞ്ചാമത് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ജൂലൈ 7 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ടൊറൊന്റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ (Albert Campbell Square) നടക്കും.

Advertisment

publive-image

ഇതാദ്യമായാണ് ടൊറോന്റോ ഡാൻസ് ഫെസ്റ്റിവൽ പ്രൊഫെഷണൽ അല്ലാത്തവർക്കും പങ്കെടുക്കാൻ അവസരം നൽകിക്കൊണ്ട് സൗജന്യമായി ഔട്ട്ഡോറിൽ നടത്തുന്നത്.

ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയിൽ നടക്കുന്ന ഈ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും.

നൂറോളം രാജ്യങ്ങളിൽ നിന്നായി ടൊറോന്റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്ക്കാരത്തിൽ വളർന്നവരുമാണ്. ഈ സാഹചര്യത്തിലാണ് വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോർത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാൻസ് ഫെസ്റ്റിവലിന് ഡാൻസിംഗ് ഡാംസൽസ് തുനിഞ്ഞിറങ്ങിയത്.

publive-image

ഇതിനോടകം 56 ഡാൻസ് കമ്പനികളെയും 60 -ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 500 -ലേറെ ഡാൻസിംഗ് പ്രൊഫഷണൽസിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു.

ടൊറോന്റോ ഇന്റർനാഷണൽ ഇൻഡോർ ഡാൻസ് ഫെസ്റ്റിവൽ പതിവ് പോലെ സെപ്റ്റംബർ 30 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ടൊറോന്റോയിലുള്ള ചൈനീസ് കൾച്ചറൽ സെന്ററിൽ നടക്കും.ടൊറോന്റോയിലെ പ്രമുഖ മലയാളി റിയൽറ്ററായ മനോജ് കരാത്തയാണ് ഇൻഡോർ ഡാൻസ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്പോൺസർ.

publive-image

ടൊറൊന്റോ ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറോന്റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന " ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയ നൃത്ത വിസ്മയമാക്കി ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലയാളിയായ മാനേജിംഗ് ഡയറക്‌ടർ മേരി അശോക് പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു. അതിന്റെ മുന്നോടിയായാണ് കഴിഞ്ഞ നാല് വർഷമായി ആഡിറ്റോറിയങ്ങളിലും തിയേറ്ററുകളിലും മാത്രമായി നടത്തിയിരുന്ന ഫെസ്റ്റിവലിന്റെ ഒരു ദിവസം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വർഷം തുറന്ന വേദിയിൽ നടത്താൻ തീരുമാനിച്ചത് .

വിവിധ തരത്തിലുള്ള നൃത്തങ്ങളുടെ ശില്പശാലയും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ് . ഇരുപതോളം സ്റ്റാളുകളും ഫുഡ് വെണ്ടർമാരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.

publive-image

മലയാളിയായ ജെറോം ജെസ്റ്റിനാണ് ടൊറോന്റോ ഇന്റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവലിന്റെ പുതിയ ലോഗോ ഡിസൈൻ ചെയ്തത്. ഡാൻസ് ഫെസ്റ്റിവലിന്റെ കിക്കോഫും ലോഗോയുടെ പ്രകാശനവും പ്രശസ്ത കൊറിയോഗ്രാഫർ കലാമാസ്റ്ററാണ് നിർവ്വഹിച്ചത് .

PGA ഇന്റർ നാഷണലാണ് ഡാൻസ് ഫെസ്റ്റിവലിന്റെ ഈ വർഷത്തെ മാർക്കെറ്റിങ് ഏറ്റെടുത്തിരിക്കുന്നത് .

കൂടുതൽ വിവരങ്ങൾക്കും , സ്പോൺസർഷിപ്പ് , വോളണ്ടറിങ് അവസരങ്ങൾക്കും ഡാൻസിംഗ് ഡാംസൽസിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com സന്ദർശിക്കുക .

കലയിലൂടെ സാംസ്ക്കാരിക വളർച്ചയും വിനിമയവും ലക്ഷ്യമിട്ടു ടൊറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ -പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഡാൻസിംഗ് ഡാംസൽസ് .

Advertisment