Advertisment

ഓസ്ട്രേലിയയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളികളായ സോഫിയയ്ക്കും കാമുകന്‍ അരുണിനും 25 വര്‍ഷം വരെ തടവിന് സാധ്യത ! ഇരുവരും 55 വയസുവരെ നാടും വീടും കാണാതെ ജയിലില്‍ കഴിയേണ്ടി വരും ? വിധി 3 ദിവസത്തിനകം

New Update

ഓസ്ട്രേലിയ:  മെല്‍ബണില്‍ മലയാളി യുവാവ് സാം എബ്രാഹം കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണ്‍ കമലാസനനും 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യത. കേസില്‍ 14 ദിവസം നീണ്ട വിശദമായ വിചാരണ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.

Advertisment

കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന്‍ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് 20 മുതല്‍ 25 വര്‍ഷം വരെ ഇരുവര്‍ക്കും ശിക്ഷ ലഭിക്കുമെന്നാണ് ഓസ്ട്രേലിയയിലെ നിയമവിദഗ്ധര്‍ നല്‍കിയ വിലയിരുത്തല്‍. കരുതിക്കൂട്ടിയ കൊലപാതകത്തിന് രാജ്യത്ത് ശിക്ഷ 25 വര്‍ഷം വരെ തടവാണ്.

അതേസമയം, ക്ലീന്‍ റിക്കോര്‍ഡ് ഉള്ളതും യാദൃശ്ചികമായി സംഭവിക്കുന്നതുമായ കൊലപാതക കേസുകളില്‍ ശിക്ഷ 10 15 വര്‍ഷത്തില്‍ ഒതുങ്ങാറാണ് പതിവ്.  എന്നാല്‍ സാം എബ്രാഹത്തിന്റെ കൊലപാതകം ഭാര്യയും കാമുകനും കൂടി ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍ കരുതിക്കൂട്ടി നടത്തിയതാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

publive-image

ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളും വാദങ്ങളും കോടതി ശരിവയ്ക്കുകയായിരുന്നു. 32 കാരിയായ സോഫിയയും 34 കാരനായ അരുണ്‍ കമലാസനനും 25 വര്‍ഷം വരെ തടവില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്. ശിക്ഷ 3 ദിവസത്തിനകം വിധിക്കും.

അതിനുമുമ്പ് ജൂറി കൂടി അന്തിമ നിര്‍ദ്ദേശം കോടതിയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്നോ നാളെയോ ജൂറിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സോഫിയയുടെ കുട്ടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വ൦ ചൂണ്ടിക്കാട്ടിയും സോഫിയയ്ക്ക് മുമ്പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നത് ചൂണ്ടിക്കാണിച്ചും ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും.

കരുതിക്കൂട്ടിയുള്ള കൊലപാതകമായതിനാല്‍ ഈ വാദം എത്രത്തോളം പരിഗണിക്കപ്പെടുമെന്നറിയില്ല. എന്നാല്‍ ജൂറി കോടതിയ്ക്ക് സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

2015 ഒക്ടോബര്‍ 14 നായിരുന്നു മെല്‍ബണിലെ വസതിയില്‍ പുനലൂര്‍ സ്വദേശിയും മെല്‍ബണില്‍ യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം കൊല്ലപ്പെടുന്നത്. ഭാര്യയ്ക്ക് തന്റെ സഹപാഠിയായിരുന്ന അരുണ്‍ കമലാസനനുമായുണ്ടായിരുന്ന പ്രണയമായിരുന്നു കൊലപാതകത്തിന് കാരണമായി മാറിയത്.

publive-image

ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതോടെ സാമിനെ ഒഴിവാക്കാനായിരുന്നു ഗൂഡാലോചന. ഇത് സംബന്ധിച്ച് ഇവര്‍ നടത്തിയ ആസൂത്രണങ്ങള്‍ സംബന്ധിച്ച സംഭാഷണങ്ങള്‍ ഇരുവരും തമ്മിലുള്ള ടെലഫോണ്‍ ആശയവിനിമയത്തില്‍ നിന്നും പോലീസ് ചോര്‍ത്തിയിരുന്നു.

സാമിന്‍റെ മരണത്തില്‍ സംശയം തോന്നിയ പോലീസ് ഇക്കാര്യം പരസ്യമാക്കാതെ പ്രതികളെ നിരീക്ഷിച്ചതായിരുന്നു കേസിന് വഴിത്തിരിവായത്. സാമിന്‍റെ സംസ്കാര ചടങ്ങിനു ശേഷം മടങ്ങിയെത്തിയ സോഫിയ അരുണ്‍ കമലാസനനൊപ്പം ഒന്നിച്ചു യാത്ര ചെയ്തതിന്റെയും ഉല്ലാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും തെളിവുകള്‍ പോലീസ് ശേഖരിച്ചു.

തുടര്‍ന്ന്‍ സാമിന്‍റെ കാര്‍ കാമുകന്റെ പേരിലേക്ക് മാറ്റിയത് സോഫിയ ഇടപെട്ടാണ്. സോഫിയയും അരുണും ഒന്നിച്ച് ബാങ്ക് അക്കൌണ്ടുകള്‍ തുറക്കുകയും ഈ അക്കൌണ്ടിലൂടെ നാട്ടിലേക്ക് പണം അയയ്ക്കുകയും ചെയ്തിരുന്നതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു.

publive-image

സാമിന്‍റെ മരണത്തിന് മുമ്പേ ഇരുവരും തമ്മില്‍ കൈമാറിയ സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തു. "ഇയാളെ എനിക്ക് മടുത്തു, നിന്റെ കരവലയത്തിലമരാന്‍ കൊതിയാകുന്നു" എന്ന് തുടങ്ങിയ സന്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്.

ഇത്തരം കാര്യങ്ങളുടെയെല്ലാം ഓഡിയോ, വീഡിയോ, ഹാര്‍ഡ് കോപ്പി തെളിവുകള്‍ പോലീസ് നിരത്തിയതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. സാം മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷം മുഴുവന്‍ തെളിവുകളോടും കൂടിയായിരുന്നു ഇരുവരുടെയും അറസ്റ്റ്. തുടര്‍ന്ന്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇവര്‍ നടത്തിയ കുറ്റസമ്മതങ്ങള്‍ റിക്കോര്‍ഡ് ചെയ്തതും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

പിന്നീട് വിചാരണ വേളയില്‍ തനിക്ക് സാമിന്‍റെ മരണത്തില്‍ പങ്കില്ലെന്നും നിരപരാധിയാണെന്നും സയനൈഡ് കഴിച്ചാണ് മരണമെന്നത് പോലീസ് പറഞ്ഞപ്പോഴാണ് അറിയുന്നതെന്നുമൊക്കെ സോഫിയ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി ഈ വാദങ്ങള്‍ തള്ളിയിരിക്കുകയാണ്.

publive-image

ഓസ്ട്രേലിയയിലെ ജയില്‍വാസം തടവുകാരെ സംബന്ധിച്ച് അത്ര സുഖകരമാകില്ല. വനിതാ തടവുകാര്‍ ജയിലിനുള്ളില്‍ ക്രൂരമായ മാനഭംഗത്തിനിരയാകുന്നത് സംബന്ധിച്ച പരാതികള്‍ ഏറെയാണ്‌.

അതേസമയം, തടവുകാലത്ത് നല്ല നടപ്പായാല്‍ ശിക്ഷാ കാലം സസ്പെന്‍ഡ് ചെയ്യാന്‍ ഇവര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണ്. തടവുകാരെ പുറത്ത് റോഡ്‌ ടാറിംഗ്, ഗാര്‍ഡനിംഗ്, മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള ജോലികള്‍ക്ക് കൊണ്ടുപോകാറുണ്ട്. ഇത്തരം വേളകളില്‍ ഇവര്‍ കാണിക്കുന്ന അച്ചടക്കവും കൃത്യതയും പരിഗണിച്ചാണ് നല്ല നടപ്പില്‍ കോടതി ഇളവ് അനുവദിക്കുക. നാലോ അഞ്ചോ വര്‍ഷങ്ങള്‍ വരെ ഇപ്രകാരം ഇളവിന് സാധ്യതയുണ്ട്.

sam abraham murder
Advertisment