Advertisment

കരയുന്ന കേരളത്തിന് നേരെ മുഖം തിരിക്കാൻ കരുണയുള്ള മലയാളിക്കാവുമോ? ഒരു ജന്മം സ്വരൂപിച്ചതെല്ലാം നഷ്ട്ടപ്പെട്ട് മാറത്തലക്കുന്ന നമ്മുടെ സഹോദരങ്ങളെ നമുക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നേ പറ്റൂ.. യുക്മ യു.കെ. മലയാളികളുടെ കരുണക്കായ് കൈനീട്ടുന്നു

New Update

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതക്കയത്തിൽ ആക്കിയിരിക്കുന്ന അതി ഭീകരമായ വാർത്തകൾ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോൾ, നമ്മെളെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്.

Advertisment

publive-image

വീടുകളുടെ മുകളിൽ വരെ വെള്ളം കയറിയപ്പോൾ രക്ഷപെടുവാൻ മാർഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവർത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ദുരിതക്കയത്തിലായ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി നമ്മളാൽ ആവുന്ന സഹായം ചെയ്യുവാൻ യുക്മയും നിങ്ങളുടെ മുൻപിൽ കൈനീട്ടുന്നു.

ഈ വാർത്തയെഴുതുന്ന സമയം വരെ 34 ഇൽ പരം ജീവനുകൾ നഷ്ടമായിരിക്കുന്നു. പത്തനംതിട്ടയിൽ മാത്രം 25000 ത്തിലധികം പേർ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാപുകളിൽ കഴിയുന്നു. എറണാകുളം ജില്ലയിൽ 35000 ആൾക്കാർ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നു.

ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾ, ഓണത്തിനായി കരുതിയിരുന്ന കാർഷിക വിളകൾ നശിച്ച കൃഷിക്കാർ, വളർത്തുമൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാർ, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളിൽ അഭയം തേടിയവർ, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികൾ മുതൽ രോഗക്കിടക്കയിൽ കഴിയുന്ന പ്രായമായവർവരെ.

നമ്മുടെ നാടിനെ ഒന്നടങ്കം മുക്കിയ ഈ മഹാവിപത്തിൽപെട്ടവരെ സംരക്ഷിക്കുവാൻ കേരള സർക്കാരും കേന്ദ്ര സർക്കാരും ആവതു ശ്രമങ്ങൾ ചെയ്യുന്നു എന്ന ഒരാശ്വാസം മാത്രമാണ് ഇപ്പോൾ നമുക്കുള്ളത്.

ഈ അവസരത്തിൽ കരുണയുള്ള, നന്മ വറ്റാത്ത ഹൃദയത്തിന്റെ ഉടമകളായ എല്ലാവരുടെയും മുൻപിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൈ നീട്ടുകയാണ് . നിങ്ങൾ നൽകുന്ന ഓരോ പൗണ്ടിനും ഗിഫ്റ്റ് എയ്ഡ് വഴി 25 പെൻസ് അധികമായി ലഭിക്കും.

കിട്ടുന്ന തുക മുഴുവനും, ഗിഫ്റ്റ് എയ്ഡ് അടക്കം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ നമ്മുടെ സഹോദരങ്ങൾക്കായി ഒരു ദിവസത്തെ വരുമാനം നമുക്ക് മാറ്റിവെക്കാം.

ഒരു ദിവസത്തെ നമ്മുടെ അദ്ധ്വാനഫലത്തെ സന്മനസ്സോടെ നൽകി നിസ്സഹായവരായ അവരെ സഹായിക്കാം. യുകെയിലെ ഓരോ മലയാളിയും മനസ്സു വെച്ചാൽ മാന്യമായ ഒരു തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ നമുക്ക് സാധിക്കും.

കരുണ വറ്റാത്ത സുമനസുകളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സംഭാവനകൾ നൽകുവാനുള്ള വിർജിൻ മണിയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. കൂടാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായുള്ള അവശ്യ വസ്തുക്കൾ സമാഹരിച്ചു നാട്ടിലെത്തിക്കുവാനും യുക്മ അടിയന്തിരമായി മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ട്.

https://uk.virginmoneygiving.com/charity-web/charity/displayCharityCampaignPage.action?charityCampaignUrl=kerala-disaster

Advertisment