Advertisment

കണ്ണിനു കുളിർമയും കാതിനു ഇമ്പവും പകർന്ന്‌ പാശ്ചാത്യലോകത്തിന്റെ മനസ്സ് കീഴടക്കി മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റർ മേളവും

New Update

മാഞ്ചസ്റ്റർ:  മലയാള ഭാഷയുടെ മഹിമ വിളിച്ചോതി തുഞ്ചത്ത് എഴുത്തച്ഛനെയും തുഞ്ചൻപറമ്പിലെ തത്തകളേയും അണിനിരത്തി മാഞ്ചസ്റ്റർ ഡേ പരേഡിൽ ഈ വർഷവും മിന്നിതിളങ്ങിയത് മാഞ്ചസ്റ്റർ മലയാളീകൾ. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വിനോദപ്രദര്‍ശനങ്ങളിൽ ഒന്നായ മാഞ്ചസ്റ്റർ ഡേ പരേഡിന്റെ ഒൻപതാം പതിപ്പിൽ വീഥികൾക്കു ഇരുവശവും നിറഞ്ഞ പതിനായിരക്കണക്കിലാളുകളുടെ മനം കവർന്ന് മാഞ്ചസ്റ്റർ മലയാളി അസ്സോസിയേഷനും മാഞ്ചസ്റ്റർ മേളവും.

Advertisment

publive-image

മലയാള ഭാഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്തർദേശീയ പ്രദർശനത്തിൽ ഭാഷയുടെ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും ഉയർത്തി കാണിച്ചുകൊണ്ട് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ഇരുപത് അടിയോളം ഉയരമുള്ള ഫ്‌ളോട്ടും മലയാള അക്ഷര മാലയും മലയാള വാക്കുകൾ ആലേഖനം ചെയ്ത പ്ലക്കാർഡും എം.എം.എ യുടെ മലയാളം സ്കൂളിലെ വിദ്യാർഥികളും അണിനിരന്നപ്പോൾ ഭാരതത്തിലെ ഒരു പ്രാദേശിക ഭാഷയും മലയാളികളും ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു.

"വേർഡ് ഓൺ ദി സ്ട്രീറ്റ് " എന്ന തീം ആസ്പദമാക്കി ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ അക്ഷര വൃക്ഷത്തിന്റെ ചുവട്ടിൽ താളിയോലയിൽ നാരായം കൊണ്ടെഴുതുന്ന തുഞ്ചത്ത് എഴുത്തച്ഛൻറെ ഫ്ളോട്ടായിരുന്നു ഈ വർഷത്തെ പ്രധാന ആകർഷണം.

publive-image

അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ പങ്കെടുത്ത ഈ വർഷത്തെ പരേഡിൽ ഭാരത്തിൽ നിന്നും പങ്കെടുത്ത ഏക ഗ്രൂപ്പും മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റേതായിരുന്നു. മാഞ്ചസ്റ്റർ മലയാളി അസോസിയേഷനും മാഞ്ചസ്റ്റർ മേളവും ചേർന്ന് മൂന്നാം വർഷമാണ് മാഞ്ചസ്റ്ററിന്റെ മനം കവരുന്നത്.

എം. എം. എ യുടെ പേരെഴുതിയ പ്ലക്കാഡു ഏന്തിയ സംഘടനയുടെ മുൻ പ്രസിഡണ്ട് മേഘല ഷാജിക്കു പിന്നിൽ ഇംഗ്ലണ്ടിലെ പ്രധാന മേളപ്രമാണിയായ രാധേഷ് നായരുടെ നേതൃത്യത്തിൽ നോർത്ത് വെസ്റ്റിലെ ഇരുപതോളം മേള വിദഗ്ദർ അണിനിരന്ന ശിങ്കാരി മേളം ഒരർത്ഥത്തിൽ മാഞ്ചസ്റ്റർ വീഥികളിൽ പെയ്തിറങ്ങുകയായിരുന്നു.

publive-image

അതിനു പിന്നിലായി മലയാള തനിമ വിളിച്ചോതി കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടം അവതരിപ്പിച്ച എം.എം.എ സപ്ലിമെന്ററി സ്കൂളിലെ കുട്ടികൾ, മുത്തുക്കുട ഏന്തിയ വനിതകളും പുരുഷന്മാരും അതിനുപിന്നിലായ് കുമ്മിയാട്ടവും അമ്മൻകുടവും കാണികളുടെ മനം കവർന്നു.

കേരളത്തിന്റെ 100 ശതമാനം സാക്ഷരതയായിരുന്നു വിവിധ റേഡിയോകളും തത്സമയ സംപ്രേഷണം നടത്തിയ ചാനലുകളും ഉയർത്തിക്കാണിച്ചത്. കലാരൂപങ്ങളുടെ വൈവിദ്ധ്യം കൊണ്ടും വർണ്ണ ശമ്പളമായ ഉടയാടകളുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ വേറിട്ട് നിന്നു. തുടർച്ചയായ രണ്ടാം വർഷവും കേരള ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എം.എം.എ ഈ വിജയം കൈവരിച്ചത്.

publive-image

ആഴ്ചകളോളം നീണ്ടുനിന്ന മലയാളി അസോസിയേഷൻ ട്രസ്റ്റിമാരുടേയും അംഗങ്ങളുടെയും അത്യധ്വാനത്തിന്റെ ഫലമായിരുന്നു പരേഡിലെ ഈ വിജയത്തിനാധാരം. കേരളം ഗവൺമെന്റിന്റെ മലയാളം മിഷന്റെ നോർത്ത് വെസ്റ്റിലെ കേന്ദ്രം കൂടിയാണ് എം.എം.എ നടത്തുന്ന സപ്ലിമെന്ററി സ്കൂൾ. കേരളത്തിൽനിന്നും പതിനായിരക്കണക്കിന് കിലോമീറ്ററകലെ മാതൃഭാഷയോട് എം.എം.എ കാണിക്കുന്ന പ്രതിബദ്ധതയുടെ ആവിഷ്ക്കരമായിരുന്നു ഈ വർഷത്തെ പരേഡിന് ആധാരം.

അതോടൊപ്പം തന്നെ ദ്രാവിഡ കലാരൂപങ്ങളുടെ ലാസ്യതയും താളവും പരേഡിന് മാറ്റുകൂട്ടി. അമ്മൻകുടത്തിന്റെയും കുമ്മിയാട്ടത്തിന്റെയും താളത്തിൽ നൃത്തം ചെയ്യുന്ന കാണികളെ തെരുവിലുടനീളം കാണാമായിരുന്നു.

publive-image

നിസ്വാർദ്ധമായ സഹകരണത്തോടും ഐക്യത്തോടും സമഭാവനയോടും കൂടി ഏകമനസ്സോടും കൂടി മുന്നോട്ടു പോകുന്ന മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ഓരോ അംഗങ്ങളും ഈ വിജയത്തിൽ പങ്കാളികൾ ആണ്.

ആഘോഷങ്ങളിൽ മാത്രം ചുരുങ്ങേണ്ടതല്ല അസോസിയേഷൻ പ്രവർത്തനമെന്നു ഉറക്കെ പ്രഖ്യാപിക്കുകയും വൈവിദ്ധ്യാമാർന്ന സംസ്കാരങ്ങളുമായി ഇഴുകി ചേർന്നതുകൊണ്ട് തങ്ങളുടെ പൈതൃകത്തെയും സംസകാരത്തെയും പ്രാചീനകലകളെയും പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തികൊടുക്കുകയും ചെയ്യുന്ന എം. എം.എ ഇംഗ്ലണ്ടിലെ മറ്റു അസ്സോസിയേഷനുകൾക്കു ഒരു മാതൃക കൂടിയാണ്.

publive-image

എം.എം എ പ്രസിഡന്റ് വിൽസന്റെയും, സെക്രട്ടറി കലേഷിന്റെയും നേതൃത്വത്തിൽ ട്രസ്റ്റിമാരും അംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിച്ചാണ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

Advertisment