Advertisment

യുക്മ റീജിയണൽ കലാമേളകൾ പ്രഖ്യാപനം പൂർത്തിയായി : പുതുതായി പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണിൽ ആദ്യ കലാമേള

New Update

യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയായി എല്ലാ റീജിയണൽ കമ്മറ്റികളും ഈ വർഷത്തെ റീജിയണൽ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വർഷത്തെ ആദ്യ റീജിയണൽ കലാമേള രാജ്യത്തിന്റെ വടക്കൻ മേഖലയിലെ പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണിൽ അരങ്ങേറും.

Advertisment

ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കെ സെപ്റ്റംബർ പകുതി മുതൽ ഒക്റ്റോബർ അവസാനം വരെ കലാമേളകളുടെ ഘോഷയാത്ര തന്നെയാകും യു.കെ. അങ്ങോളമിങ്ങോളം. ദേശീയ കലാമേളക്ക് മുൻപുതന്നെ രാജ്യത്തിന്റെ നാലുകോണുകളും മഞ്ജീരധ്വനിയാൽ മുഖരിതമാകുന്ന ഈ ആറാഴ്ചക്കാലം, കലാസ്നേഹികൾക്ക് ആഘോഷങ്ങളുടെയും ആരവങ്ങളുടെയും ഉത്സവകാലം തന്നെ.

publive-image

യുക്മ നോർത്ത് ഈസ്റ്റ് റീജിയനെയും സ്കോട്ട്ലൻഡ് റീജിയനെയും കൂട്ടിച്ചേർത്തുകൊണ്ട് രൂപീകരിച്ച "നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയൺ" ആണ് ഈ വർഷത്തെ ആദ്യ റീജിയണൽ കലാമേള സംഘടിപ്പിച്ചുകൊണ്ട് അരങ്ങേറ്റം ഉജ്വലമാക്കുന്നത്. ന്യൂകാസിലിലെ ഇംഗ്ലീഷ് മാർട്ടിയേഴ്സ് ചർച്ചു ഹാളിൽ സെപ്റ്റംബർ 16 ഞായറാഴ്ച കലാമേള അരങ്ങേറും. ഷെല്ലി ഫിലിപ്പ്, റജി തോമസ്, ജിജോ മാധവപ്പള്ളിൽ, സുനിൽ ബേബി തുടങ്ങിയവർ കലാമേളയ്ക്ക് നേതൃത്വം നൽകും.

സെപ്റ്റംബർ 29 ശനിയാഴ്ച യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണൽ കലാമേളയ്ക്ക് കീത്ത്‌ലിയിൽ അരങ്ങൊരുക്കുന്നു. കഴിഞ്ഞ വർഷവും റീജിയണൽ കലാമേള നടന്നത് കീത്തിലിയിൽ ആയിരുന്നു എന്നതുകൊണ്ടുതന്നെ, സംഘാടക മികവ് തെളിയിക്കുവാൻ പ്രസിഡന്റ് കിരൺ സോളമൻ, സെക്രട്ടറി ജസ്റ്റിൻ എബ്രഹാം, നാഷണൽ വൈസ് പ്രസിഡന്റ് ഡോക്റ്റർ ദീപ ജേക്കബ്, ജിജോ ചുമ്മാർ എന്നിവർ നയിക്കുന്ന റീജിയണൽ നേതൃത്വത്തിനും അംഗ അസ്സോസിയേഷനുകൾക്കും ഇതൊരു അവസരം കൂടിയാവുന്നു. കീത്ത്‌ലി ഹോളി ഫാമിലി കാത്തലിക് സ്കൂൾ തന്നെയാവും ഇത്തവണയും വേദി ഒരുക്കുന്നത്.

ഒക്റ്റോബർ ആറ് ശനിയാഴ്ച ശക്തരായ മൂന്ന് റീജിയണുകളിലാണ് കലാമേളകൾ അരങ്ങേറുന്നത്. ബാബു മങ്കുഴി, ജോജോ തെരുവൻ, ഓസ്റ്റിൻ അഗസ്റ്റിൻ, അഡ്വക്കേറ്റ് ഫ്രാൻസിസ് മാത്യു, കുഞ്ഞുമോൻ ജോബ് എന്നിവർ നയിക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസിൽഡൺ ജെയിംസ് ഹോൺസ്ബി സ്കൂളിൽ നടക്കും. ഇത് തുടർച്ചയായ നാലാം തവണയാണ് യുക്മ റീജിയണൽ കലാമേളയ്ക്ക് ബാസിൽഡൻ ആതിഥേയത്വം വഹിക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ റീജിയനായ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ കലാമേളയും ഒക്റ്റോബർ ആറിന് തന്നെയാണ് നടക്കുന്നത് . ഡിക്സ് ജോർജ്, സന്തോഷ് തോമസ്, ജയകുമാർ നായർ, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകുന്ന മിഡ്‌ലാൻഡ്‌സ് റീജിയൺ നിലവിലുള്ള ദേശീയ ചാമ്പ്യൻമാരാണ്. ബർമിംഗ്ഹാമിനടുത്തുള്ള എർഡിംഗ്ടൺ സെന്റ് എഡ്മണ്ട് കാത്തലിക് സ്കൂളിലാണ് ഇത്തവണത്തെ മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയ്ക്ക് വേദിയൊരുക്കുന്നത്.

സൗത്ത് ഈസ്റ്റ് റീജിയണിലാണ് ഒക്റ്റോബർ ആറിലെ മൂന്നാമത്തെ കലാമേള സംഘടിപ്പിക്കപ്പെടുന്നത്. നാഷണൽ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, റീജിയണൽ നേതാക്കളായ ലാലു ആന്റണി, അജിത് വെണ്മണി, ജോമോൻ കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന റീജിയണൽ കലാമേള സൗത്താംപ്ടണിലെ റീജൻറ്സ് പാർക്ക് കമ്മ്യൂണിറ്റി കോളേജിൽ ആണ് അരങ്ങേറുന്നത്.

സൗത്ത് വെസ്റ്റ് റീജിയൺ കലാമേള ഈ വർഷവും ഓക്സ്ഫോർഡ്‌ഷെയറിൽ തന്നെയാണ് നടത്തപ്പെടുന്നത്. ഒക്റ്റോബർ പതിമൂന്ന് ശനിയാഴ്ച ദി ബിസ്റ്റർ സ്കൂളിൽ വേദിയൊരുക്കുന്ന റീജിയണൽ കലാമേളയ്ക്ക് റീജിയണൽ പ്രസിഡന്റ് വർഗീസ് ചെറിയാൻ, സെക്രട്ടറി എം.പി.പദ്മരാജൻ, നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്, സജീഷ് ടോം, ഡോക്റ്റർ ബിജു പെരിങ്ങത്തറ തുടങ്ങിയവർ നേതൃത്വം നൽകും.

റീജിയണൽ കലാമേളകളുടെ സമാപന ദിവസമായ ഒക്റ്റോബർ 20 ന് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയാണ് നടക്കുന്നത്. റീജിയണൽ പ്രസിഡന്റ് ഷീജോ വർഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം, നാഷണൽ ട്രഷറർ അലക്സ് വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, തമ്പി ജോസ് തുടങ്ങിയവർ നയിക്കുന്ന കലാമേള മാഞ്ചസ്റ്ററിലെ സെയ്ൽ മൂർ കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും.

സപ്തവർണ്ണങ്ങൾ പീലിവിടർത്തിയാടുന്നപോലെ ഏഴ് കരുത്തരായ റീജിയണുകളിൽ യുക്മ കലാമേളകളുടെ ചിലമ്പൊലി ഉയരുമ്പോൾ, ഒക്റ്റോബർ 27 ന് നടക്കുന്ന ദേശീയ കലാമേളയിൽ മാറ്റുരക്കാനെത്തുന്ന കലാകാരന്മാരും കലാകാരികളും ആരെന്ന ചോദ്യത്തിന് ഉത്തരമാകും.

ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ യുക്മ റീജിയണൽ - ദേശീയ കലാമേളകൾ മറുനാട്ടിലെ മലയാണ്മയുടെ മഹത്തരമായ ആഘോഷവും ഉത്സവവും തന്നെ. ഏവരെയും കലാമേളകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Advertisment