Advertisment

ലോക കേരള സഭ കഴിഞ്ഞപ്പോള്‍ പ്രാഞ്ചിമാര്‍ വക സോഷ്യല്‍ മീഡിയയിലെ ഫോട്ടോ സെക്ഷനും തള്ളും തകൃതി. മടങ്ങിവന്ന പ്രാഞ്ചിയേട്ടന്മാര്‍ സ്വന്തമായി സ്വീകരണം സംഘടിപ്പിക്കാന്‍ നെട്ടോട്ടത്തില്‍. കുവൈറ്റിലെ 'ലോക' സഭാംഗങ്ങളുടെ മൊത്തം സ്പോണ്‍സറായി അസല്‍ പ്രാഞ്ചിയുടെ തള്ളോട് തള്ള് പൊടിപൂരം !!

author-image
വല്ലഭന്‍
New Update

 ലോക കേരള സഭ എന്ന ആഗോള ധൂര്‍ത്ത് നടത്തിയത് എന്തിനെന്നോ എന്തായിരുന്നു ലക്ഷ്യമെന്നോ ഒരെത്തും പിടിയുമില്ല. എന്തായാലും തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞു. പക്ഷേ, ആഗോള തലത്തില്‍ സമ്മേളനത്തിന്റെ അലയടികള്‍ അടങ്ങുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അവിടെ കണ്ട നേതാക്കളുടെയൊക്കെ കൂടെ നിന്ന് ഫോട്ടോയും സെല്‍ഫിയുമെടുത്ത് ഫെയ്സ്ബുക്കില്‍ വിതറിക്കൊണ്ടിരിക്കുകയാണ്.

Advertisment

ചിലര്‍ പ്രവാസ ലോകത്ത് മടങ്ങിയെത്തുമ്പോള്‍ സ്വീകരണം സംഘടിപ്പിക്കാന്‍ സുഹൃത്തുക്കളെ അങ്ങോട്ട് വിളിച്ച് പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സുഹൃത്തുക്കള്‍ വഴങ്ങുന്നില്ല. 'എയര്‍പോര്‍ട്ടില്‍ വന്നു സ്വീകരിക്കാമോ' എന്നാണു ചോദ്യം. ബൊക്കെയുടെയും വഴിച്ചെലവും കൊടുക്കാമത്രേ.

പക്ഷേ, നല്ല തണുപ്പായതിനാല്‍ അങ്ങനെ പുറത്തിറങ്ങാന്‍ പറ്റില്ലെന്നാണ് സുഹൃത്തുക്കളുടെ മറുപടി. അതിനുള്ള സംവിധാനവും ഒരുക്കാമെന്ന് പറഞ്ഞിട്ടും ഇതുവരെ ആ ശ്രമവും വിജയിച്ചു കാണുന്നില്ല.

publive-image

"അങ്ങനെയെങ്കില്‍ സൌകര്യപ്രദമായ ഒരു ദിവസം നമുക്ക് ഒത്തുകൂടാം. എനിക്കൊരു സ്വീകരണം. അടിപൊളി ഫുഡ്. മുഴുവന്‍ ചിലവും എന്റെ വക." അതാലോച്ചിക്കാമെന്ന് പറഞ്ഞ് ലോക കേരള സംഭാ൦ഗമായ 'പാര്‍ലമെന്‍റ൦ഗത്തെ' സമാധാനിപ്പിച്ചിരിക്കുകയാണ് ചില സുഹൃത്തുക്കള്‍.

ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പും അവര്‍ പോയി മടങ്ങിവന്ന ശേഷവും ഇവര്‍ തള്ളുന്ന തള്ള് കേട്ടാല്‍ പെറ്റമ്മ പോലും സഹിക്കില്ലത്രേ. ചിലര്‍ ലോക കേരള സഭയില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുവൈറ്റില്‍ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ക്രോഡീകരിച്ച് അവിടെ അവതരിപ്പിക്കാനുള്ള പ്രബന്ധവുമായാണ് പോയത്.

അവിടെ ചെന്നപ്പോള്‍ ദൈവം അനുഗ്രഹിച്ച് പാന്റിന്റെ സ്വിപ്പ് വലിച്ചിടാന്‍ പോലും എഴുന്നേറ്റ് നില്‍ക്കാന്‍ അവസരം ലഭിച്ചില്ല. പിന്നല്ലേ പ്രബന്ധത്തിന്റെ കാര്യം. പിന്നെ ചിത്രയുടെയും മറ്റും പാട്ട് കച്ചേരി കേള്‍ക്കാന്‍ പറ്റിയത് മാത്രം മിച്ചം.

എന്തായാലും ലോക കേരള സഭയിലും അതോടനുബന്ധിച്ച സമ്മേളനങ്ങളിലും പങ്കെടുക്കുന്ന പ്രാഞ്ചിമാരെ മൊത്തത്തില്‍ റാഞ്ചിയ വലിയൊരു പ്രാഞ്ചിയുണ്ടത്രെ കുവൈറ്റില്‍. സര്‍ക്കാര്‍ ചിലവില്‍ തിരുവനന്തപുരത്തേക്ക് പോയ പ്രാഞ്ചിമാര്‍ക്ക് ടിക്കറ്റെടുത്ത് നല്‍കിയത് താനാണെന്നാണത്രെ ഈ പ്രാഞ്ചിയുടെ തള്ള്. അത് പറഞ്ഞ് പ്രചരിപ്പിക്കാന്‍

നാട്ടുകാരനായ ചാക്യാരെ തന്നെ അദ്ദേഹം ചട്ടം കെട്ടിയിട്ടുമുണ്ട്. കുവൈറ്റിലെ വലിയ വ്യവസായിയെ മൊത്തത്തില്‍ അമ്മിയുണ്ടാക്കിയ പണത്തിന്റെ മൊഞ്ചിലാണത്രെ ഈ തള്ള്. അതിന്റെ പണി കുവൈറ്റില്‍ നിന്നും കിട്ടാന്‍ ബാക്കിയിരിക്കുകയാണ്.

അതിനിടയില്‍ ഈ തള്ള് പ്രാഞ്ചി നാട്ടില്‍ ചെന്ന് കണ്ണില്‍ കാണുന്ന നേതാക്കള്‍ക്കൊക്കെ സംഭാവന നല്‍കി അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കില്‍ തള്ളുന്നുമുണ്ട്. ഈ ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുന്ന നേതാക്കള്‍ക്കൊക്കെ നാളെ സരിതയുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത നേതാക്കളുടെ ഗതി വരാതിരുന്നാല്‍ നന്നായിരുന്നു.

publive-image

വല്ലവനും അധ്വാനിച്ച പണം അടിച്ചുമാറ്റിയതിന്റെ ഗമയിലുള്ള ഈ തള്ളലൊക്കെ എത്രകാലം ഉണ്ടാകുമോ ആവോ ?

എന്തായാലും ലോക കേരള സഭയില്‍ അംഗങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്തെന്ന് ഇതുവരെ മനസിലായിട്ടില്ല. പ്രവാസ ലോകത്തെ സംഘടനകളെയാണ് പരിഗണിച്ചിരിക്കുന്നതെന്നാണ് ഒരു മാനദണ്ഡം. നാട്ടില്‍ എല്ലാവര്‍ഷവും ആഗോള സമ്മേളനം സംഘടിപ്പിക്കുന്ന ഒരു സംഘടനയ്ക്കും ഉണ്ട് രണ്ട് ലോക കേരള സഭാംഗങ്ങള്‍. അസല്‍ രണ്ടു പ്രാഞ്ചിമാര്‍.

അവരുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുത്താലെ അതിന്റെ രസം പിടികിട്ടൂ. വേദിയില്‍ രണ്ടോ മൂന്നോ മന്ത്രിമാരുടെ കൂടെ ഇവരടക്കം കുറെ കോട്ടിട്ട പ്രാഞ്ചിയേട്ടന്മാര്‍. സദസില്‍ ദിവസക്കൂലിക്ക് വന്ന 28 ഓട്ടോറിക്ഷാ തൊഴിലാളികളും. അവരാണത്രെ 'ആഗോള' പ്രവാസി പ്രതിനിധികള്‍. സമ്മേളനം നടക്കുന്നത് നാലായിരം ആളുകള്‍ പങ്കെടുക്കുന്ന ഹാളിലൊക്കെയാണത്രെ.

സദസിന്റെ ഫോട്ടോ മാത്രം പത്രത്തിലും ഫെയ്സ്ബുക്കിലും കൊടുക്കില്ല. സ്റ്റേജിന്റെ ഫോട്ടോ മന്ത്രിമാരോക്കെയുള്ളതുകൊണ്ട് ജാഡയാക്കി കൊടുക്കുകയും ചെയ്യും. ഒരു സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പിന്നെ അവരുടെ വേറൊരു സമ്മേളനത്തില്‍ പങ്കെടുക്കില്ല. കാരണം അവര്‍ക്കറിയാം ഈ സംഘടനയുടെ പ്രവാസി പങ്കാളിത്തം.

അങ്ങനെയുള്ള സംഘടനകളുടെ പ്രതിനിധികളാണത്രെ സമ്മേളനത്തില്‍ കയറിക്കൂടിയത്. അവരെന്ത് പ്രവാസി ക്ഷേമമാണാവോ നടപ്പിലാക്കുന്നത്. പിന്നെ ഒള്ളത് പറയണമല്ലോ , അല്‍പ്പമെങ്കിലും മാന്യന്മാര്‍ പണം നല്‍കാതെ  ലോക കേരള സഭയില്‍ ഉള്‍പ്പെട്ടത് കുവൈറ്റില്‍ നിന്നാണ് . ബാക്കിയൊക്കെ തഥൈവ ..!!

അങ്ങനെ ആഗോള തലത്തില്‍ പ്രാഞ്ചിമാരെ സംഘടിപ്പിച്ചപ്പോള്‍ കണ്ണുകിട്ടാതിരിക്കാനോ ദോഷം പറയാതിരിക്കാനോ പ്രതിപക്ഷത്തിനും കൊടുത്തു 15 സീറ്റ്.  ഒരുളുപ്പുമില്ലാതെ അവരതും വാങ്ങി നേരെ പോയി സമ്മേളനത്തില്‍ പങ്കെടുത്തു.

അവരുടെ പേരില്‍ നടപടിയെടുക്കണമെന്നാണ് ദേശീയ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ പറയുന്നത്. എന്തായാലും ലോകകേരള സഭ എന്നാല്‍ എന്തിരോ .. ! ഏതോ ... !!

dasanum vijayanum loka kerala sabha krishnankutty vallabhan
Advertisment