Advertisment

കുവൈറ്റില്‍ വീണ്ടും നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് സജീവമാകുന്നു. 550 കെഡി ശമ്പളത്തിന് 10 ലക്ഷം രൂപ ? ഏജന്റുമാരും സജീവമാകുന്നു 

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

കുവൈറ്റ്:  കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന ഇടപെടലുകളെ തുടര്‍ന്ന്‍ ഏതാനും നാളുകളായി നിലച്ചിരുന്ന നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് വീണ്ടും പൂര്‍വ്വാധികം ശക്തമായി പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ കമ്പനിയിലേക്ക് റിക്രൂട്ട്മെന്റ് അനുമതി ലഭിച്ചെന്ന പേരില്‍ 550 കെ ഡി ശമ്പളവും 50 കെ ഡി അലവന്‍സും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

publive-image

10 ലക്ഷം രൂപയാണ് ഇതിന് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കുവൈറ്റിലുള്ളവര്‍ക്കും നാട്ടില്‍ നിന്നും വരുന്നവര്‍ക്കുമായി പ്രത്യേകം മുഖാമുഖങ്ങളാണ് നടത്തുന്നത്. കുവൈറ്റിലേക്കുള്ള നേഴ്സിംഗ് നിയമനങ്ങള്‍ നോര്‍ക്കയും ഒഡാപെക്കും പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും കുവൈറ്റ് അധികൃതരും പലതവണ വ്യക്തമാക്കിയിട്ടും തട്ടിപ്പ് വീണ്ടും അരങ്ങേറുകയാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം സത്യം ഓണ്‍ലൈനിന് ലഭിച്ചത്.

publive-image

അല്‍ ഷുക്കൂര്‍ എന്ന കമ്പനിയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ജസ്റ്റിന്‍ എന്ന ഏജന്റുമായി ഇടപാടുകാരനെന്ന നിലയ്ക്ക് ഒരാള്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. നിയമനത്തിന്റെ കാര്യവും ശമ്പളവും നല്‍കേണ്ട തുകയും രീതിയുമെല്ലാം ജസ്റ്റിന്‍ എന്ന പേരില്‍ സംസാരിക്കുന്നയാള്‍ ശബ്ദരേഖയില്‍ കൃത്യമായി വിവരിക്കുന്നുണ്ട്.

ലോക്കലില്‍ ഉള്ളവര്‍ ആദ്യം 2500 കെ ഡിയും എല്ലാം ശരിയാക്കിയ ശേഷം ബാക്കി 2000 കെ ഡിയുമായി ആകെ 10 ലക്ഷമെന്നാണ് ആവശ്യപ്പെടുന്നത്. ഒന്നേകാല്‍ ലക്ഷത്തോളമാണ് ശമ്പള വാഗ്ദാനം. ശമ്പളമായി 550 കെ ഡിയും അലവന്‍സായി 50 കെഡിയും വാഗ്ദാനം ചെയ്യുന്നു. 5 ദിവസം 8 മണിക്കൂര്‍ വീതമാണ് ജോലിയത്രേ.

publive-image

അതേസമയം, നാട്ടില്‍ നിന്നും വരുന്നവരാണെങ്കില്‍ 3000 കെ ഡി ആദ്യം നല്‍കണമത്രേ. നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് സന്ദര്‍ശക വിസയും താമസ സൌകര്യവും കമ്പനി നല്കുമത്രേ. മുമ്പ് ഇതേപോലെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ കൊണ്ടുവന്ന് താമസിപ്പിച്ച നൂറുകണക്കിനാളുകളെ മാസങ്ങള്‍ക്ക് ശേഷം പോലീസെത്തി മോചിപ്പിച്ചാണ് നാട്ടിലേക്ക് കയറ്റി വിട്ടതെന്ന് മറന്നാണ് വീണ്ടും റിക്രൂട്ട്മെന്റ് പൊടിപൊടിക്കുന്നത്.

നിരവധി ആളുകള്‍ ഇവരുടെ തട്ടിപ്പില്‍ അകപ്പെട്ട് വഞ്ചിതരാകുന്നുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരം തട്ടിപ്പുകള്‍ വീണ്ടും റിക്രൂട്ട്മെന്റുമായി രംഗത്ത് വരുന്നതിനെതിരെ റിപ്പോര്‍ട്ട് ചെയ്ത സത്യം ഓണ്‍ലൈന് ശ്രീലങ്കയില്‍ നിന്നുള്ള നമ്പരില്‍ നിന്ന് ഫോണില്‍ വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്.

publive-image

കുവൈറ്റിലേക്കുള്ള നേഴ്സിംഗ് നിയമനങ്ങളിലെ പ്രധാന വില്ലന്‍ ഉതുപ്പ് വര്‍ഗീസിനെ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. മുമ്പ് നേഴ്സിംഗ് തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഉതുപ്പ് മൂന്നു മാസത്തോളം ജയിലിലായിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങി വീട്ടില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും പണം വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തിന് വിദേശത്തേക്ക് പോകാന്‍ അനുമതിയില്ല. പാസ്പോര്‍ട്ട് സി ബി ഐ കണ്ടുകെട്ടിയിരിക്കുകയാണ്.

Advertisment