Advertisment

'ചിന്തയുടെ ഇസ്‌ലാം' ദോഹയില്‍ പ്രകാശനം ചെയ്തു

author-image
admin
New Update

ദോഹ:  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ 'ചിന്തയുടെ ഇസ്‌ലാം' ആറാം പതിപ്പ് ദോഹയില്‍ പ്രകാശനം ചെയ്തു.

Advertisment

സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് ആദ്യ പ്രതി നല്‍കി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രകാശനം നിര്‍വ്വഹിച്ചു.

publive-image

ഇസ്‌ലാം വാക്കുകളില്‍ നിന്നും കര്‍മ്മങ്ങളിലേക്കുള്ള മനുഷ്യന്റെ മുന്നേറ്റമാണ് ആഗ്രഹിക്കുന്നതെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മന്ത്രമായ ഇസ്‌ലാമിനെ ശരിയാംവിധം പ്രതിനിധീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പുസ്തകം പരിചയപ്പെടുത്തി. ഇസ്‌ലാമോഫോബിയയുടെ കാലത്ത് ഇസ്‌ലാമിനെ തനതായ രീതിയില്‍ ലളിതമായി പരിചയപ്പെടുത്തുന്നു എന്നതാണ് അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ 'ചിന്തയുടെ ഇസ്‌ലാം' എന്ന കൃതിയെ ഏറെ സവിശേഷമാക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

ചിന്തയും വായനയും ക്രിയാത്മകമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്നും നിരന്തരമായ വായനയും അന്വേഷണവുമാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് എന്നും പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് കൊണ്ട് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. കേവലം ആചാരനുഷ്ടാനങ്ങള്‍ക്കപ്പുറം സവിശേഷമായ ഇസ്‌ലാമികാദര്‍ശത്തെ അടുത്തറിയുവാന്‍ ചിന്തയുടെ ഇസ്‌ലാം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഡോ. എം.പി ഷാഫി ഹാജി, തായമ്പത്ത് കുഞ്ഞാലി, ജാഫര്‍ തയ്യില്‍, കെ.കെ അഷ്‌റഫ്, ഡോ. മുഹമ്മദ് ബഷീര്‍, ഡോ. ഹസ്സന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

പാസ് ഖത്തര്‍ പ്രസിഡന്റ് ഷബീര്‍ ഷംറാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലാം ആവേലം സ്വാഗതവും അഹമ്മദ് കുട്ടി ഉണ്ണിക്കുളം നന്ദിയും പറഞ്ഞു.

Advertisment