Advertisment

ഡോ. അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കയിലേക്ക് ക്ഷണം

author-image
admin
New Update

ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്‌ളസ് സി.ഇ.ഒ.യുമായ അമാനുല്ല വടക്കാങ്ങരക്ക് അമേരിക്കയിലേക്ക് ക്ഷണം.

Advertisment

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന നാലാമത് ഗ്രാന്റ് അച്ചീവേര്‍സ് കോണ്‍ഫറന്‍സില്‍ ഭാഷാ പഠനത്തിന്റെ നൂതനരീതികളെകുറിച്ച് വിഷയമവതരിപ്പിക്കുവാനാണ് ഡോ. അമാനുല്ലയെ ക്ഷണിച്ചിരിക്കുന്നതെന്നും അറബി ഭാഷയുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ നാല്‍പതോളം പുസ്തകങ്ങള്‍ വിശിഷ്യാ സ്‌പോക്കണ്‍ അറബിക്കുമായി ബന്ധപ്പെട്ട ഒരു ഡസനോളം വരുന്ന പുസ്തകങ്ങള്‍ പരിഗണിച്ച് അമാനുല്ലയെ മജസ്റ്റിക് ഗ്രാന്റ് അച്ചീവേര്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും അമേരിക്കിലെ കിംഗ്‌സ് യൂണിവേര്‍സിറ്റി പ്രസിഡണ്ടും ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. എസ്. സല്‍വിന്‍ കുമാര്‍ പറഞ്ഞു. മെയ് 5 മുതല്‍ 8 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രമുഖര്‍ സംബന്ധിക്കും.

publive-image

അമേരിക്കയിലും യൂറോപ്പിലും ഏറെ പ്രചാരമുള്ള സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി, അറബിക് ഫോര്‍ എവരിഡേ എന്നിവ ഉള്‍പ്പടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അമാനുല്ല

അറബി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ച് കിംഗ്‌സ് സര്‍വകലാശാല നേരത്തെ അദ്ദേഹത്തിന് ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയുമാണ് ഇത് അടിവരയിടുന്നത്.

മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതനായ തങ്കയത്തില്‍ മുഹമന്മദ് കുഞ്ഞിപ്പ ഹാജിയുടേയും ഹലീമ ഹജ്ജുമ്മയുടേയും മകനായ അമാനുല്ല അറബി ഭാഷയുമായി ബന്ധപ്പെട്ട് മാത്രം നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ . വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷ പഠിക്കുന്നതിനുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയ അമാനുല്ലയുടെ പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി സ്‌ക്കൂളുകളില്‍ പഠിപ്പിക്കപ്പെടുന്നു.

സാമൂഹ്യ പ്രാധാന്യമുള്ള ഒരു ഡസനോളം പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. പെരുമ്പിലാവ് അന്‍സാര്‍ ഇംഗഌഷ് സ്‌ക്കൂള്‍, ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച അമാനുല്ല സ്‌പോക്കണ്‍ അറബിക് പരിശീലന രംഗത്തും ശ്രദ്ധേയനാണ്.

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നയതന്ത്രപ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേരെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ച അദ്ദേഹത്തിന്റെ അറബി സംസാരിക്കുന്നതിന് സഹായിക്കുന്ന പുസ്തകങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ഏറെ പ്രചാരമുള്ളവയാണ്.

വിദ്യാഭ്യാസ വിചക്ഷണനും പെരുമ്പിലാവ് അന്‍സാരി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന പി. മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ മകള്‍ റഷീദയാണ് ഭാര്യ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവരാണ് മക്കള്‍.

Advertisment