follow us

1 USD = 66.646 INR » More

As On 25-02-2017 19:46 IST

കുവൈറ്റിലേക്ക് ഒരിക്കല്‍ നിര്‍ത്തിവച്ച ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് വീണ്ടും പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. സ്പോണ്‍സര്‍ ബാങ്ക് ഗ്യാരന്റി നല്‍കണം, 6 മാസത്തിലൊരിക്കല്‍ തൊഴിലാളിയെ എംബസിയില്‍ ഹാജരാക്കണം

ഡല്‍ഹി ബ്യൂറോ » Posted : 16/02/2017

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുവൈറ്റ് പുനരാരംഭിക്കുന്നു. കുവൈറ്റില്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഫിലിപ്പീന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇവിടെയ്ക്ക് ആളെ അയയ്ക്കുന്നത് നിര്‍ത്തിവച്ച സാഹചര്യത്തിലാണ് കുവൈറ്റ് വീണ്ടും ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഇന്ത്യ മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിച്ചുകൊണ്ട്‌ തന്നെ റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികളാണ് കുവൈറ്റില്‍ പുരോഗമിക്കുന്നതെന്നാണ് സൂചന.



കുവൈറ്റില്‍ ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വനിതകള്‍ സ്വദേശികളുടെ വീടുകളില്‍ വ്യാപകമായ പീഡനത്തിന് വിധേയരാകുന്നു, അടിമകളെപ്പോലെ പീഡിപ്പിക്കപ്പെടുന്നു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

വനിതാ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ സ്പോണ്‍സര്‍ 750 ദിനാര്‍ ബാങ്ക് ഗ്യാരന്റി നല്‍കുക, 6 മാസത്തിലൊരിക്കല്‍ തങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത തൊഴിലാളിയെ എംബസിക്ക് മുമ്പില്‍ ഹാജരാക്കുക തുടങ്ങി നിരവധി നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ അന്ന് കുവൈറ്റ് വിസമ്മതിച്ചിരുന്നു. അതെ തുടര്‍ന്നാണ്‌ 2015 മേയ് മാസം മുതല്‍ കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടിംഗ് ഇന്ത്യ നിര്‍ത്തിവച്ചത്.

എന്നാല്‍ ഇപ്പോള്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള റിക്രൂട്ടിംഗ് അവര്‍ നിര്‍ത്തിയതോടെ ഈ മേഖലയില്‍ വ്യാപകമായ തൊഴില്‍ ക്ഷാമം നേരിടുകയാണ് കുവൈറ്റ്. ഒരു സ്വദേശിയെ ഫിലിപ്പീനി വനിത കൊലചെയ്യപ്പെട്ട കേസില്‍ ഫിലിപ്പീനി വനിതയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടതോടെയാണ്‌ അവര്‍ കുവൈറ്റിലേക്കുള്ള റിക്രൂട്ടിംഗ് നിര്‍ത്തി വച്ചത്. ഇതോടെ ഇനി ഇന്ത്യയെ ആശ്രയിക്കുകയല്ലാതെ കുവൈറ്റിനു മുമ്പില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ല.

അതിനാല്‍ തന്നെ ഇന്ത്യ മുന്നോട്ട് വച്ച കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് തന്നെയുള്ള റിക്രൂട്ട്മെന്റിനാണ് സാധ്യത തെളിയുന്നത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, അധിക സമയം ജോലി ചെയ്യിപ്പിക്കുക, കരാറില്‍ പറയാത്ത ജോലികള്‍ ചെയ്യിപ്പിക്കുക, വാഗ്ദാനം ചെയ്ത ശമ്പള൦ നല്‍കാതിരിക്കുക, അവധി അനുവദിക്കാതിരിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്നത്.

ഇത് തടയാനാണ് സ്പോണ്‍സര്‍ 6 മാസത്തിലൊരിക്കല്‍ നിയമിക്കപ്പെട്ട തൊഴിലാളിയെ എംബസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഇങ്ങനെ ഹാജരാകുന്ന തൊഴിലാളിയെ ഒറ്റയ്ക്ക് വിളിച്ചിരുത്തി അവര്‍ തൊഴില്‍ സ്ഥലത്ത് ഏതെങ്കിലും വിധമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ ആരായും.

ഉണ്ടെന്നാണ് മറുപടിയെങ്കില്‍ സ്പോണ്‍സര്‍ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവച്ച തുകയില്‍ നിന്നും ടിക്കറ്റും ശമ്പള കുടിശിക ഉണ്ടെങ്കില്‍ അതും ഈടാക്കി തൊഴിലാളിയെ അവര്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും. ഇതായിരുന്നു ഇന്ത്യ മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇത് പാലിക്കാന്‍ കുവൈറ്റ് തയാറാകാതെ വന്നതോടെയാണ് റിക്രൂട്ടിംഗ് നിലച്ചത്.

വീണ്ടും റിക്രൂട്ടിംഗ് ആരംഭിക്കുമ്പോള്‍ ഈ നിബന്ധനകള്‍ ഏത് വിധത്തിലാകും പാളിക്കപ്പെടുകയെന്ന്‍ കണ്ടറിയണം. മാത്രമല്ല അങ്ങനെ റിക്രൂട്ട്മെന്റ് ആരംഭിച്ചാല്‍ തന്നെ ഏജന്‍സികള്‍ വ്യാപകമായ ഇടപാടുകള്‍ നടത്തി നിരവധി പേരെ വഞ്ചനയ്ക്ക് വിധേയരാക്കാനുള്ള സാധ്യതയും തള്ളികളയാകാനില്ല. തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടില്ല എന്നുറപ്പ് വരുത്താനും കഴിയാതെ വരും.





:) Your LIKE & SHARE can do More Than You Think !

More News


:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+