Advertisment

പിഎസ്‌സി ജോലി: വിഡ്ഢികൾ ആകുന്ന കേരള ജനത...

New Update

publive-image

Advertisment

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു...

ഈ വാർത്ത ഇന്ന് കണ്ടപ്പോൾ വളരെ വിഷമം തോന്നി. കാരണം ഒരു യോഗ്യത പോലും ഇല്ലാത്ത എത്ര ആളുകളെയാണ് രാഷ്ട്രീയ ദല്ലാളന്മാർ വിവിധ വകുപ്പുകളിൽ കുത്തിക്കയറ്റുന്നത്.

കുറേ വർഷം ഏതെങ്കിലും ഒരു പാർട്ടിക്ക് വേണ്ടി കുറച്ചു അടിയും പിടിയും ഉണ്ടാക്കും സാവധാനത്തിൽ നേതാക്കന്മാരുടെ കൂടെ കൂടും പിന്നെ പതിയെ ഏതെങ്കിലും ഒരു വകുപ്പിലേക്ക്.

ലക്ഷക്കണക്കിന് ആളുകളാണ് ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ വിവിധ സ്ഥലങ്ങളിൽ പരിശീലനപരിപാടിക്ക് പോകുന്നത്. അതും സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്നവർ പോലും. എന്നിട്ടോ...

കുറഞ്ഞ ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്യും അതിലേക്ക് ഒരുപാട് പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ജോലി കിട്ടും കിട്ടും എന്ന പ്രതീക്ഷയിൽ അവർ കാത്തിരിക്കും. ഒരുപാട് സ്വപ്നങ്ങളെ മുറുകെപിടിച്ച്...

ഒടുവിൽ ഒഴിവുകൾ ഉണ്ടെങ്കിലും അതൊന്നും റിപ്പോർട്ട് ചെയ്യാതെ ആ വകുപ്പുകളും മസിലുപിടിക്കുന്നു.

മൂന്ന് വർഷം കഴിയുമ്പോൾ ലിസ്റ്റിന്റെ കാലാവധി കഴിയും അത് തള്ളിപ്പോകുന്നു. പല ആളുകൾക്കും അവരുടെ അവസാന പരീക്ഷ ആയിരിക്കും അത്.

പല കുടുംബത്തിനും ഈ ഒരു ജോലി അവരുടെ ഒക്കെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരിക്കും. പക്ഷേ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ അവന്റെ പ്രതീക്ഷകൾ തെറ്റുന്നു.

പിന്നെ പല തൊഴിലുകൾ തേടി അലയുന്നു. ചിലർ ആത്‍മഹത്യ ചെയ്യുന്നു. ചിലർ കഞ്ചാവ് വിൽപന പോലും തുടങ്ങുന്നു. അപ്പോഴും പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കും എന്നതാണ് സത്യാവസ്ഥ.

ഏതാണ്ട് 2017ല്‍ ഇതുപോലെ തന്നെ ഒരു സംഭവം ഉണ്ടായിരുന്നു, നിരവധി ഒഴിവുകൾ ഉണ്ടായിട്ടും അതൊന്നും റിപ്പോർട്ട് ചെയ്യാതെ വിവിധ ബോർഡുകൾ അവഗണന കാണിച്ചപ്പോൾ ജോലി നഷ്ടപ്പെട്ടത് രാവും പകലും കഷ്ടപ്പെട്ടു പഠിച്ചു പിഎസ്‌സി റാങ്ക് ലിസ്റ്റിൽ എത്തിയ നിരവധി ആളുകൾക്കാണ്. അന്നും അവരുടെ സങ്കടങ്ങൾ ആരും കേട്ടില്ല, കണ്ടില്ല...

ഒരുപാട് ആളുകളുടെ അവസാന പരീക്ഷ ആയിരുന്നു അതൊക്കെ. ഇന്ന് അവർ എങ്ങനെ ജീവിക്കുന്നു എന്നു നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ?

കുറച്ചു അറിവുകൾ മാത്രം ഉണ്ടെങ്കിൽ പട്ടിണി മാറില്ല. അവർക്ക് ആവശ്യമായ തൊഴിലും കിട്ടണം. അന്ന് പഠിച്ചപ്പോൾ ആ പണം ചിലവാക്കിയത് നഷ്ടം. കുറേ പിഎസ്‌സി സ്ഥാപനങ്ങൾ രക്ഷപ്പെട്ടു എന്നു പറയാം. ഒന്നു ചീഞ്ഞാൽ അല്ലേ മറ്റൊന്നിന് വളമാകൂ...

ഇനിയെങ്കിലും ഒഴിവുള്ള അത്രമാത്രം ലിസ്റ്റ് ഇടുക. അടുത്ത ഒഴിവ് വരുമ്പോൾ അടുത്ത പരീക്ഷ നടത്തുക അല്ലാതെ സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരെ ഇങ്ങനെ അപമാനിക്കരുത്.

ഇന്നത്തെ ഈ ആത്‍മഹത്യയിൽ ശരിക്കും ഈ സർക്കാർ ആണ് ഉത്തരവാദികൾ. ഒരു കുടുംബത്തിന്റെ സ്വപ്നമാണ് നിങ്ങൾ തകർത്തത്. ഈ പാപങ്ങൾ ഒക്കെ നിങ്ങൾ ഏത് ഗംഗയിൽ ഒഴുക്കി തീർക്കും?

പൊറുക്കുക സഹോദരാ... ഇവിടെ വാഗ്ദാനങ്ങൾ മാത്രമേ കിട്ടൂ. അതുകണ്ടിട്ട് സ്വപ്നം കാണരുതെ...

 

 

PRATHIKARANAM
Advertisment