Advertisment

ഭക്ഷണം കിട്ടുമ്പോള്‍... ഉറക്കം ഒക്കുമ്പോള്‍... വിശ്രമം എന്നൊന്നില്ല... ധനമന്ത്രിയായിരിക്കെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ മുഴുവന്‍ കരിമ്പന്‍ ! ഉടന്‍ സ്റ്റാഫിലൊരാളെ കാറില്‍ കയറ്റി അദ്ദേഹത്തിന്‍റെ ഷര്‍ട്ടൂരി മാറിയിട്ടു. മറ്റൊരിക്കല്‍ നിയമസഭയിലേയ്ക്ക് പുറപ്പെടാനിരിക്കെ അലക്കുകാരന്‍ ചതിച്ചു. ഡ്രസ് വന്നില്ല. തൊട്ടടുത്ത മുറിയിലെത്തി കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ കുപ്പായം കടം വാങ്ങി മുട്ടോളം വരുന്ന ഷര്‍ട്ടുമിട്ട് നിയമസഭയിലെത്തി. രാത്രിയിലെ ഫയല്‍ നോട്ടം ഉറങ്ങാതിരിക്കാന്‍ എഴുന്നേറ്റിരുന്നും പിന്നെ നടന്നും - 16 വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോ പ്രിയ നേതാവിന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു

author-image
സത്യം ഡെസ്ക്
Updated On
New Update

നിയമസഭാംഗത്വത്തിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ ചാണ്ടിയോടൊപ്പം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരിക്കെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ പിടി ചാക്കോ.

Advertisment

നിയമസഭാംഗത്വ ജൂബിലി ആഘോഷിക്കുന്ന ഉമ്മന്‍ ചാണ്ടിയേക്കുറിച്ച് സത്യം ഓണ്‍ലൈനുവേണ്ടി പ്രിയ നേതാവിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവതിരിപ്പിക്കുകയാണ് പിടി ചാക്കോ.

publive-image

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ഫയല്‍ കെട്ടിക്കിടന്നു എന്നൊരാക്ഷേപം ഒരിക്കലും ഉണ്ടായിട്ടില്ല. പാതിരാത്രി കഴിഞ്ഞും കൊച്ചുവെളുപ്പാന്‍ കാലത്തുമൊക്കെയായി ഫയലുകള്‍ അനസ്യൂതം നീങ്ങിക്കൊണ്ടിരുന്നു.

നിരവധി പൊതുയോഗങ്ങളും ഔദ്യോഗികയോഗങ്ങളും ചര്‍ച്ചകളും ആള്‍ക്കൂട്ടവും തുടര്‍ച്ചയായ ഫോണ്‍കോളുകളുമൊക്കെ കഴിഞ്ഞ് ഫയല്‍നോട്ടം ആരംഭിക്കുന്നതു തന്നെ പാതിരാ അടുത്താണ്.

പ്രൈവറ്റ് സെക്രട്ടറി പിഎസ് ശ്രീകുമാര്‍, സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രപ്രസാദ് എന്നിവരാണ് കൂട്ട്. ഉറക്കം വന്നു തുടങ്ങുമ്പോള്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു നിന്നാണ് ഫയല്‍ നോട്ടം.

ഉറക്കം കലശലാകാന്‍ തുടങ്ങിയാല്‍ നടന്നോണ്ട് ഫയല്‍ നോട്ടം. രണ്ടു പേര്‍ മേശയുടെ രണ്ടു വശങ്ങളില്‍ നില്ക്കും. അവര്‍ക്കിടയിലൂടെയാണു നടത്തം.പിന്നെയും കുറച്ചു കഴിയുമ്പോള്‍ ഒപ്പിട്ടശേഷം അതിനടിയില്‍ ഇടുന്ന തീയതി തെറ്റാന്‍ തുടങ്ങും.

ചിലപ്പോള്‍ സ്ഥലംമാറി ഒപ്പിടും. ഇനി രക്ഷയില്ലെന്നു പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് അറിയാം. മുഖ്യമന്ത്രിയെ ഉറക്കം പിടിമുറുക്കിക്കഴിഞ്ഞു. അതോടെയാണ് അന്നത്തെ ഫയല്‍ നോട്ടം അവസാനിപ്പിക്കുന്നത്.

publive-image

അപ്പോള്‍ സമയം രണ്ടുമണിയൊക്കെ ആയിക്കാണും. ഊര്‍ജത്തിന്റെ അവസാന കണികയും വറ്റിത്തീര്‍ന്നിരിക്കുന്നു. നേരെ കട്ടിലിലേക്ക്. കിടന്ന് ഉറങ്ങരുത് എന്നാണ് തത്വം. അതായത് കിടന്നിട്ട് ഉറക്കത്തിനായി കാത്തിരിക്കരുത് എന്ന്. ഉറക്കത്തോടെ കിടക്കണം. അപ്പോള്‍ കിടന്നതറിയാതെ ഉറങ്ങാനാകും.

എംഎല്‍എ ഹോസ്റ്റലിലും കിടപ്പ്  നിലത്ത്  

വളരെ ചെറുപ്പം മുതല്‍ പരുക്കന്‍ ജീവതചര്യകളിലൂടെയാണ് കടന്നുവന്നത്. രാഷ്ട്രീയത്തില്‍ തലതൊട്ടപ്പനോ, കുടുംബപാരമ്പര്യമോ ഇല്ലാതിരുന്നതിനാല്‍ കഠിനാധ്വാനം മാത്രമായിരുന്നു കൈമുതല്‍.

രാത്രിയില്‍ പത്രക്കെട്ട് കൊണ്ടുപോകുന്ന വണ്ടികളിലും ബോട്ടുകളിലും ബസിലും മറ്റും യാത്ര ചെയ്താണ് വിദ്യാര്‍ത്ഥി, യുവജനരാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നത്. ഡിസിസി ഓഫീസുകളിലും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമായിരുന്നു ഉറക്കം.

publive-image

ഭക്ഷണം, ഉറക്കം, വിശ്രമം, തുടങ്ങിയ കാര്യങ്ങളിലൊന്നും വാശിയില്ല. ഭക്ഷണം കിട്ടുമ്പോള്‍, ഉറക്കം ഒക്കുമ്പോള്‍, വിശ്രമം എന്നൊരു സംഭവം ഇല്ലതാനും. എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ മുറിയിലെ കട്ടില്‍ സന്ദര്‍ശകര്‍ സ്ഥിരം കയ്യടക്കം.

മിക്കവാറും തറയിലാണ് എംഎല്‍എയുടെ കിടപ്പ്. രണ്ടു ജോഡി ഖദര്‍ വസ്ത്രങ്ങളാണ് ഏറെക്കാലം ഉണ്ടായിരുന്നത്. കൂടുതല്‍ ഉണ്ടെങ്കില്‍ അത് ആരെങ്കിലും കൊണ്ടുപോയിരിക്കും.

ഷര്‍ട്ട് ഇല്ലെങ്കില്‍ കടം വാങ്ങും 

ധനമന്ത്രിയായിരിക്കുമ്പോള്‍ പത്തനംതിട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയിലെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം ധരിച്ച ഷര്‍ട്ടില്‍ നിറയെ കരിമ്പന്‍. മറ്റൊരു ഷര്‍ട്ട് എടുക്കാനില്ല.

കരിമ്പനടിച്ച ഷര്‍ട്ടിട്ട് ഓടികാറില്‍ കയറുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെയും കൂടി കാറില്‍ കയറ്റി. യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ ഡ്രസ് ഊരിവാങ്ങിയാണ് ധനമന്ത്രി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്!

publive-image

മറ്റൊരിക്കല്‍ നിയമസഭയിലേക്കു പോകാന്‍ തുടങ്ങുമ്പോള്‍, അലക്കുകാരന്‍ ഡ്രസുമായി എത്തിയിട്ടില്ല. സഭയില്‍ പോകാതിരിക്കാനും പറ്റില്ല. തൊട്ടടുത്ത മുറിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജിന്റെ മകനുണ്ട്.

ആജാനുബാഹുവായ അദ്ദേഹത്തില്‍ നിന്നു കടം വാങ്ങിയ മുണ്ടും ഷര്‍ട്ടും വാങ്ങി സഭയിലെത്തി. മുട്ടിനു താഴെവരെയുള്ള ഷര്‍ട്ടില്‍ ഒരാള്‍ക്കൂടി കയറാമായിരുന്നു!

സൗന്ദര്യസംരക്ഷണം  മറിയാമ്മ കത്രികയെടുക്കും വരെ ! 

വസ്ത്രധാരണം പോലെ തന്നെയാണ് സൗന്ദര്യസംരക്ഷണവും. രാവിലെ കുളികഴിഞ്ഞ് ഒറ്റത്തവണ ചീകിവയ്ക്കും. പിന്നീട് നീണ്ട സമൃദ്ധമായ കോലന്‍ മുടി, അതിന്റെ വഴിക്ക്. കൃതാവ് ഊര്‍ന്നിറങ്ങി കീഴ്ത്താടിയില്‍ മുടി ഒരുപാട് നീണ്ടു കഴിയുമ്പോള്‍ ഭാര്യ മറിയാമ്മ കത്രികയെടുക്കും.

publive-image

പലപ്പോഴും രാമേശ്വരത്തെ ക്ഷൗരംപോലെയാണ് അതിന്റെ അവസ്ഥ. സമീപകാലത്താണ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിത്തുടങ്ങിയത്.

ഒരു ടിവി ഇന്റര്‍വ്യൂവിനും മുഖത്ത് ടച്ചഅപ് ചെയ്തിട്ടില്ല. അല്പം ശ്രദ്ധിച്ചാല്‍ പത്തുവയസ് കുറയ്ക്കാമെന്ന് മറിയാമ്മയക്ക് പരിവേദനമുണ്ട്. ആരു കേള്‍ക്കാന്‍?

ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ന്യൂഡല്‍ഹിയിലെ കൊണാര്‍ക്ക് പബ്ലിക്കേഷന്‍ 2011ല്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. എല്ലാം റെഡിയായിട്ടും കവര്‍ ചിത്രം ആകുന്നില്ല. ഇവിടെ നിന്ന് അയച്ച എല്ലാ ചിത്രങ്ങളും അവര്‍ നിരസിച്ചു.

ഇന്റര്‍നാഷണല്‍ നിലവാരമുള്ള കവര്‍ ചിത്രമാണ് അവര്‍ക്കു വേണ്ടത്. എല്ലാ പണികളും കഴിഞ്ഞ ബുക്കിന്റെ പബ്ലിക്കേഷന്‍ മുടങ്ങും എന്ന ഘട്ടമെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്തെ ഒരു സ്റ്റുഡിയോയില്‍ വരാമെന്നേറ്റു. പറഞ്ഞ സമയത്തിന് അല്പം വൈകി അദ്ദേഹം പാഞ്ഞെത്തി. നേരെ സ്റ്റുഡിയോയിലേക്ക്.

publive-image

ക്യാമറ അസിസ്റ്റന്റ് ചീപ്പും ടച്ചപ്പുമായി ഓടിവന്നു. ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല. കാറിലിരുന്ന് പാറിക്കളിച്ച മുടി കൈകൊണ്ട് ഒതുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ക്യാമറാമാന്‍ നാലഞ്ചു തവണ ക്ലിക്ക് ചെയ്തു. ഉമ്മന്‍ ചാണ്ടി വന്നപോലെ പാഞ്ഞു പോകുകയും ചെയ്തു.

കാമറാമാന്‍ പിറകെ ഓടി. അത് പരീക്ഷണ ക്ലിക്ക് ആയിരുന്നു എന്നു പറഞ്ഞുനോക്കി. അപ്പോഴേക്കും ഉമ്മന്‍ ചാണ്ടി കാറില്‍ കയറിയിരുന്നു. വിറയ്ക്കുന്ന കൈകളോടെ കാമറാമാന്‍ ഫോട്ടോ കംപ്യൂട്ടറില്‍ പകര്‍ത്തി. ഭാഗ്യം, അതു ക്ലിക്കായി.

അതാണ് ഉമ്മന്‍ ചാണ്ടി സ്റ്റുഡിയോയിലെടുത്ത ഏക ഫോട്ടോ. അതാണ് ഇപ്പോഴും വലിയ തോതില്‍ ഉപയോഗിക്കപ്പെടുന്നത്.

പെട്രോള്‍ അടിക്കാന്‍ മോതിരം ഊരി പണയം വച്ചതും ചരിത്രം  

യാത്ര ഉമ്മന്‍ ചാണ്ടിക്ക് ഹരമാണ്. കേരളത്തിന്റെ തലങ്ങും വിലങ്ങും ഇതുപോലെ യാത്ര ചെയ്തിട്ടുള്ള മറ്റൊരു നേതാവ് കാണില്ല. കോട്ടയം ഡിസിസി പ്രസിഡന്റ് ആയിരുന്നപ്പോള്‍ പാര്‍ട്ടിവക ജീപ്പില്‍ സ്വയം ഡ്രൈവ് ചെയ്തായിരുന്നു യാത്ര.

പെട്രോള്‍ അടിക്കാന്‍ മോതിരം ഊരി പണയം വച്ചിട്ടുണ്ട്. പിന്നീട് യാത്ര അംബാസിഡര്‍ കാറിലായി. ഒരു കാറില്‍ ഇത്രയധികം ആളുകള്‍ കയറുമോയെന്ന് അതിന്റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അമ്പരന്നുപോയിട്ടുണ്ടത്രേ.

കഠിനമായ ജീവിതവഴികളിലൂടെ കടന്നുവന്നതുകൊണ്ടാകാം സോളാര്‍ കമ്മീഷനു മുന്നില്‍ തുടര്‍ച്ചയായ 14 മണിക്കൂര്‍ ഇരുന്നുകൊടുത്തത്. കണ്ണൂരില്‍വച്ച് നെഞ്ചിനു കല്ലേറു കിട്ടിയപ്പോള്‍ കേരളത്തില്‍ ഒരിലപോലും അനങ്ങാതിരുന്നത്. സോളാര്‍ കേസില്‍ ഉരുക്കിയിട്ടും ഉരുകിത്തീരാതിരുന്നത്.

oommen chandy
Advertisment