Advertisment

നാല് ഹാര്‍ബറുകളിലായി സ്വകാര്യ ബോട്ടുകള്‍ക്ക് ആയിരം ബെര്‍ത്തുകള്‍

New Update

ദോഹ: രാജ്യത്തെ നാല് മീന്‍പിടിത്ത ഹാര്‍ബറുകളിലായി സ്വകാര്യ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും നങ്കൂരമിടാനായി ആയിരം ബെര്‍ത്തുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമായി.

Advertisment

അല്‍ വഖ്‌റ, അല്‍ഖോര്‍, അല്‍ സഖീറ, അല്‍ റുവൈസ് ഹാര്‍ബറുകളിലായാണ് സ്വകാര്യ ബോട്ടുകള്‍ക്കായി സ്ഥലം അനുവദിക്കുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. എല്ലാ ഹാര്‍ബറുകളിലും ബെര്‍ത്ത് സ്ഥാപിക്കാനുള്ള പദ്ധതി നിര്‍മാണം ആരംഭിച്ചു. അടുത്ത 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ മവാനി ഖത്തറിനാണ് നിര്‍മാണച്ചുമതല. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് മവാനി ഖത്തര്‍ പദ്ധതി നടപ്പാക്കുന്നത്.

publive-image

സമുദ്ര ഗതാഗത മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി. പുത്തന്‍ ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ബെര്‍ത്തുകളുടെ നിര്‍മാണം. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തിലാണ് പദ്ധതി. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ബോട്ടുകളുടെയും കപ്പലുകളുടെയും എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഇവയ്ക്ക് നങ്കൂരമിടാനായി പ്രത്യേക സ്ഥലം അനുവദിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ സമുദ്രഗതാഗത ആസൂത്രണ-ലൈസന്‍സിങ് ഡയറക്ടര്‍ ഡോ. സലേഹ് ഫെത്തായിസ് അല്‍മാരി പറഞ്ഞു. സ്വകാര്യ ബോട്ട് ഉടമകളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാന്‍ പര്യാപ്തമായ തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി നിര്‍മാണം.

അപകടകരമായ കാലാവസ്ഥകളില്‍നിന്നും ബോട്ടുകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ചെലവുകുറക്കല്‍, പരിസ്ഥിതി, സുസ്ഥിരതാ ചട്ടങ്ങള്‍ നിരീക്ഷിക്കുക, പദ്ധതി ഡിസൈനിങ്ങിലും നടത്തിപ്പിലും ലോകനിലവാരം പുലര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകളെന്നും അദ്ദേഹം പറഞ്ഞു. അല്‍ വഖ്‌റയില്‍ 436, അല്‍ റുവൈസില്‍ 324, അല്‍ഖോറില്‍ 200, അല്‍ സക്കീറയില്‍ 28 എന്നിങ്ങനെയാണ് ബര്‍ത്തുകള്‍ സ്ഥാപിക്കുന്നത്. എല്ലാ വലുപ്പത്തിലുമുള്ള ബോട്ടുകള്‍ക്കും നങ്കൂരമിടാന്‍ പര്യാപ്തമായ തരത്തിലാണ് ബര്‍ത്തുകള്‍ സ്ഥാപിക്കുന്നത്. സ്വകാര്യ ബോട്ട് ഉടമകളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം മീന്‍പിടിത്ത ഹാര്‍ബറുകളുടെ ഭാരം കുറക്കാനും പദ്ധതി സഹായകമാകുമെന്ന് നഗരസഭ മന്ത്രാലയത്തിലെ സമുദ്ര ഫിഷിങ് ഹാര്‍ബര്‍ വിഭാഗം മേധാവി ഹമദ് മുര്‍ഷിദ് അല്‍ മുറൈഖി പറഞ്ഞു.

മീന്‍പിടിത്ത തൊഴിലാളികള്‍ക്കുള്ള കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും സ്വകാര്യ കപ്പല്‍, ബോട്ടുടമകള്‍ക്കും പ്രത്യേകം ബെര്‍ത്തുകളാണ്. അല്‍ സഖീറയിലെ ബര്‍ത്തുകളുടെ നിര്‍മാണം 10 മാസത്തിനുള്ളിലും അല്‍ഖോറിലേത് 14 മാസത്തിനുള്ളിലും അല്‍ റുവൈസിലെയും അല്‍ വഖ്‌റയിലെയും 18 മാസങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാകും. ബോട്ടുകള്‍ക്കായി 22 മീറ്റര്‍ നീളവും കപ്പലുകള്‍ക്കായി 10 മീറ്റര്‍ നീളവുമുള്ള ബര്‍ത്തുകളാണ് സുസ്ഥിര, പരിസ്ഥിതി സൗഹൃദസാമഗ്രികള്‍കൊണ്ട് നിര്‍മിക്കുന്നത്.

qatar
Advertisment