Advertisment

എല്ലാ മന്ത്രാലയങ്ങളിലും ഓരോ ആർഎസ്എസുകാരനുണ്ട്; അവർ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

New Update

കലബുറഗി: എല്ലാ മന്ത്രാലയങ്ങളിലും ആര്‍എസ്എസ് ആളുകളെ നിയമിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍ഡിഎ മുന്നണിയിലെ മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അവരെല്ലാം ആര്‍എസ്എസിന്റെ കൈയിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പര്യടനത്തിനിടെ നടന്ന കലബുറഗിയിലെ പൊതുപരിപാടിയിലാണ് രാഹുലിന്റെ പ്രസ്താവന.

Advertisment

publive-image

പര്യടനത്തിലുടനീളം രാഹുല്‍ ആര്‍എസ്എസിനെയും ബിജെപിയേയും കടന്നാക്രമിച്ചു. എല്ലാ മന്ത്രാലയങ്ങളിലും മന്ത്രിമാര്‍ക്കൊപ്പം സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായി ഒരു ആര്‍എസ്എസുകാരനുണ്ട്. ഇവരെ നിയമിക്കുന്നത് മന്ത്രിമാരല്ലെന്നും ആര്‍.എസ്.എസിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ ധനകാര്യമന്ത്രാലയത്തിന്റെയോ അരുണ്‍ ജയ്റ്റ്‌ലിയുടെയോ ആശയമല്ല നോട്ട് നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്‍എസ്എസ് നല്‍കിയ പ്രത്യേക പ്രത്യയശാസ്ത്ര നിര്‍ദേശമാണ് നോട്ട് നിരോധനമെന്നും രാഹുല്‍ വിമര്‍ശിച്ചു. ബിജെപിയെ സംബന്ധിച്ച് അവരുടെ സംഘടനകളുടെ പ്രത്യയശാസ്ത്രം ജനങ്ങളില്‍ നടപ്പാക്കുക എന്നത് അടിസ്ഥാനപരമായ പോരാട്ടത്തിന്റെ ഭാഗമാണ്. അതേസമയം ബിജെപി വിശ്വസിക്കുന്ന സ്ഥാപനങ്ങളെ ജനാധിപത്യവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ആശയം. ആര്‍എസ്എസ് കാര്യാലയത്തില്‍ ഒരു ആശയം ഉടലെടുത്താല്‍ അത് അവര്‍ പ്രധാനമന്ത്രിക്ക് കൈമാറുന്നു. അദ്ദേഹം അത് നടപ്പിലാക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Advertisment