Advertisment

പെട്ടിയെടുപ്പുകാരുടെയും ആദര്‍ശധീരരുടെയും വാഴ്ത്തുപാട്ടുകളില്‍ നിന്നും രാഹുല്‍ ഗാന്ധി ഇനിയെങ്കിലും ഒഴിഞ്ഞു നില്‍ക്കുമോ ? അതോ കത്തെഴുതിയവരെ കുത്തിപ്പുറത്താക്കുമോ. നേതാക്കളയച്ച കത്തിന്റെ ഉള്ളടക്കം ഇനിയെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ പരിശോധിക്കാന്‍ നേതൃത്വം തയ്യാറാകണം. മണ്ടത്തരം ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും!

New Update

publive-image

Advertisment

ഡല്‍ഹി: പ്രതിസന്ധികളില്‍ തളരാതെ മുമ്പോട്ടു പോകുക എന്നതാണ് ഒരു യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന്. തിരിച്ചടികള്‍ ഏറെ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഈ വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ മുതല്‍ ഉന്നത നേതാവ് വരെയുള്ള സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് മുമ്പോട്ടു പോകാനാകൂ. ഈ ഒരു വിലയിരുത്തലില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നോക്കിയാല്‍ കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ അധ്യക്ഷനായ രാഹുല്‍ ഗാന്ധി പരാജയമാണെന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് അപ്പുറം പാര്‍ട്ടി അണികള്‍ക്കൂടി പറഞ്ഞു തുടങ്ങി എന്നതു യാഥാര്‍ത്ഥ്യമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം രാഹുല്‍ ഗാന്ധിയെ തളര്‍ത്തി എന്നത് സത്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ പിഴവുകള്‍ മനസ്സിലാക്കി കൂടുതല്‍ ഊര്‍ജ്ജസ്വല്ലതയോടെ പാര്‍ട്ടിയെ നയിക്കേണ്ട അദ്ദേഹം പക്ഷേ ചെയ്തത് രാഷ്ട്രീയ ഒളിച്ചോട്ടമായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികള്‍ വ്യക്തിപരമായി അദ്ദേഹത്തിന് ഗുണം ചെയ്തു എന്നു കരുതുന്നവരുണ്ടാകാമെങ്കിലും ഒരു പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടാക്കിയ തിരിച്ചടി കാണാതെ പോകരുത്.

publive-image

രാഹുല്‍ ഗാന്ധിയുടെ ഒളിച്ചോട്ടത്തിന് പിന്നാലെ സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായങ്കിലും പാര്‍ട്ടി സംഘടനാ സംവീധാനം ഏറെ ദുര്‍ബലമാകുന്ന കാഴ്ചയാണ് കാണാനായത്. ഇതൊക്കെ തന്നെയാണ് പാര്‍ട്ടിയെ തിരുത്താനെന്ന നിലയില്‍ 23 നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.

ആ കത്തെഴുതിയ നേതാക്കളെ പഴിക്കുകയല്ല, മറിച്ച് അവര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും വേണ്ട തിരുത്തല്‍ വരുത്തുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതിനു പകരം കത്തെഴുതിയവരെ ഒറ്റപ്പെടുത്താനും ബിജെപി ഏജന്റുമാരെന്നു പരിഹസിക്കുകയും ചെയ്താല്‍ ചരിത്രപരമായ മണ്ടത്തരം കോണ്‍ഗ്രസ് ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്.

ഏറെ പിന്നോട്ടൊന്നും പോകേണ്ടതില്ല ഈ മണ്ടത്തരങ്ങള്‍ കാണാന്‍. ആന്ധ്രയില്‍ വൈ എസ് ആറിനു ശേഷം ജഗനെ മുഖ്യമന്ത്രിയാക്കണമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു. പക്ഷേ വന്നതോ കെ. റോസയ്യയും. ഫലമോ ഇന്നു ആന്ധ്രയില്‍ കോണ്‍ഗ്രസിനെ കാണണമെങ്കില്‍ മഷിയിട്ട് നോക്കണം. ഗോവ, മധ്യപ്രദേശ്, രാജസ്ഥാന്‍, മണിപ്പൂര്‍..ആലോചിച്ചാല്‍ പട്ടിക അങ്ങനെ നീളും.

ഇനിയും അടുത്ത മണ്ടത്തരമായി ഈ 23 നേതാക്കളെക്കൂടി വെറുപ്പിച്ചാല്‍, അകറ്റിയാല്‍ അതുപാര്‍ട്ടിയുടെ അടിത്തറയ്ക്ക് കോട്ടം തട്ടും എന്ന യാഥാര്‍ത്ഥ്യം നേതൃത്വത്തിന് തിരിച്ചറിയാന്‍ കഴിയുമോ. രാജസ്ഥാനിലെ പ്രതിസന്ധി പരിഹാരമൊക്കെ കണ്ടപ്പോള്‍ ചിലര്‍ വാഴ്ത്തുപാട്ടുകളുമായി ഇറങ്ങിയിട്ടുണ്ട്. അതൊക്കെ താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

publive-image

നിലവില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളൊക്കെ പാര്‍ട്ടിയുടെ പ്രതിസന്ധിയിലും കൂടെ നിന്നവരാണ്. അവര്‍ക്കുപോലും ഇപ്പഴെത്തെ നേതൃത്വം- അത് നേതാക്കളെ ഒന്നു കാണാനാണെങ്കില്‍ കൂടിയും- അപ്രാപ്യമാണെങ്കില്‍ മറ്റു സാധാരണ പ്രവര്‍ത്തകരുടെ സ്ഥിതി പറയേണ്ടതില്ലല്ലോ. ചില പതിവു പെട്ടിയെടുപ്പുകാരുടെ കുടില തന്ത്രങ്ങളില്‍ നിന്നും രാഹുല്‍ഗാന്ധി പുറത്തുവരണമന്നു ചുരുക്കും. അതേ പാര്‍ട്ടിക്ക് ഗുണം ചെയ്യൂ.

രാഹുല്‍ ഗാന്ധി പദവികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമ്പോള്‍ അദ്ദേഹത്തിനായി മുറവിളി കൂട്ടേണ്ട കാര്യമില്ല എന്നു തന്നെ നേതാക്കള്‍ തിരിച്ചറിയണം. പുതിയ ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ നിയമിക്കുക. പാര്‍ട്ടി സംഘടനാ സംവീധാനം മെച്ചപ്പെടുത്തുക.

ഈ കാര്യങ്ങള്‍ക്ക് സോണിയയും രാഹുലും പ്രിയങ്കയും പിന്തുണ നല്‍കുക. ഇതാണ് പാര്‍ട്ടിയോട് ഈ പറയുന്ന ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗാന്ധിക്കുടുംബം ആദ്യം ചെയ്യേണ്ട്. പിന്നെ ചില കപട ആദര്‍ശധീരരുടെ ഉപദേശം സ്വീകരിക്കാതിരിക്കുകയും.

congress priyanka gandhi#rahul gandhi#soniya gandhi
Advertisment