Advertisment

പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് നടന്‍ വിജയ ദേവര്‍കൊണ്ട; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് നടന്‍ വിജയ് ദേവര്‍കൊണ്ട രംഗത്ത്. അഞ്ച് ലക്ഷം രൂപയാണ് വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക സംഭാവന ചെയ്ത കാര്യം വികാരപരമായ കുറിപ്പിനൊപ്പം ഫെസ്ബുക്കിലൂടെയാണ് വിജയ് പങ്കുവച്ചത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നതായി മനസിലാക്കുന്നു. ഇത് തികച്ചും ദു:ഖകരമാണ്. എന്റെ ആദ്യത്തെ അവധിക്കാല സന്ദര്‍ശന കേന്ദ്രം കേരളമായിരുന്നു. കേരളീയര്‍ എനിക്ക് അതിരറ്റ സ്‌നേഹമാണ് നല്‍കിയത്. നല്ലവരായ ആളുകളാണ് കേരളത്തിലുള്ളത്. നിങ്ങളിലേക്ക് എത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍ നിങ്ങള്‍ എല്ലാവരും എന്റെ മനസിലുണ്ട്. ദുരിതം അനുഭവിക്കുന്ന കേരളത്തിനായി ചെറിയ തുകകള്‍ സ്വരുക്കൂട്ടി നമുക്ക് വലിയൊരു തുകയുണ്ടാക്കാം. അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു കൊണ്ട് ഞാന്‍ അതിന് തുടക്കം കുറിക്കുന്നു.

പ്രകൃതിദുരന്തം അനുഭവിക്കുന്ന കേരളത്തിനു സംഭാവനയുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമല്‍ സംഭാവന നല്‍കി. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതായി. വയനാട്, ഇടുക്കി ജില്ലകളില്‍ ഈമാസം 14 വരെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 13 വരെയും എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ 12 വരെയുമാണ് റെഡ് അലര്‍ട്ട്.

Advertisment