Advertisment

‘അയ്യോ എന്നെ കൊല്ലല്ലേ ... ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലേ' - മരണവെപ്രാളത്തിലുള്ള രാജേഷിന്‍റെ ആ നിലവിളി ഞാന്‍ ഫോണില്‍ കേട്ടതായി ഖത്തറിലെ കാമുകി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദോഹ ∙ മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം ആക്രമിക്കുമ്പോൾ താനുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് ഖത്തറിലെ നൃത്താധ്യാപിക .

‘അയ്യോ എന്നെ കൊല്ലല്ലേ... അയ്യോ എന്നെ കൊല്ലല്ലേ... ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല ’എന്ന് മരണവെപ്രാളത്തില്‍ രാജേഷ് ഉറക്കെ നിലവിളിക്കുന്നത് ഫോണിലൂടെ താന്‍ കേട്ടുവെന്നും യുവതി ആദ്യമായി വെളിപ്പെടുത്തി .

കൊലപാതകത്തിൽ തന്റെ മുൻ ഭർത്താവ് അബ്ദുൽ സത്താറിനു പങ്കുണ്ടെന്നു കരുതുന്നില്ല. കുടുംബബന്ധങ്ങളുടെ വില നന്നായി അറിയാവുന്നയാളാണു സത്താർ. ഇങ്ങനെയൊരു കാര്യം ചെയ്യാൻ സത്താറിനു കഴിയുമെന്നു തോന്നുന്നില്ല.

രാജേഷിനെ കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്ന സാലിഹ് ബിൻ ജലാൽ സംഭവ ദിവസങ്ങളിൽ ഖത്തറിൽ തന്നെ ഉണ്ടായിരുന്നുവെന്നാണു താൻ മനസ്സിലാക്കുന്നതെന്നും നൃത്താധ്യാപിക ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തോടു പറഞ്ഞു.

രാജേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയതിനു ശേഷം രാജേഷിനെ പലതവണ സാമ്പത്തികമായി സഹായിച്ചിരുന്നു. രാജേഷിന്റെ ഭാര്യയുടെ ആശുപത്രി ചെലവും മകന്റെ ഫീസും വരെ നൽകിയിട്ടുണ്ട്. ഇക്കാര്യം രാജേഷിന്റെ സഹോദരിമാർക്കും അറിയാം.

രാജേഷ് പച്ചയായ ഒരു കുടുംബസ്ഥൻ ആയിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. രാജേഷിന്റെ ഭാര്യ ഗർഭിണിയാണെന്ന വിവരം മാസങ്ങള്‍ക്ക് മുൻപേ തനിക്കറിയാമായിരുന്നു.

പക്ഷേ, എന്നെങ്കിലും ഒരുമിച്ചു കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ വീട്ടുകാരും ഭർത്താവും എന്നെ ഉപേക്ഷിച്ചു. എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. എന്നാൽ, രാജേഷിനു ചെന്നൈയിൽ ജോലി ശരിയാക്കിയതു താനല്ലെന്നും അതിനുള്ള ബന്ധങ്ങൾ തനിക്കില്ലെന്നും അവർ പറഞ്ഞു.

നാലര ലക്ഷം റിയാൽ വായ്പയെടുത്ത് ബ്യൂട്ടിപാർലർ ആരംഭിച്ചതോടെയാണു തന്റെയും സത്താറിന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ബിസിനസിൽ നഷ്ടമുണ്ടാകാനോ, വിവാഹമോചനത്തിലെത്താനോ രാജേഷ് ഒരു കാരണമല്ല.

13 വർഷമായി ഖത്തറിലാണു സ്ഥിരതാമസം. നാട്ടിലെ ഒരു ഗുണ്ടയെയും അറിയില്ല. രാജേഷിനെ പോലെ നിഷ്ക്കളങ്കനായ ഒരാളെ കൊല്ലാൻ ഒരു സ്ത്രീയും കൊട്ടേഷൻ കൊടുക്കുമെന്നു കരുതുന്നില്ല.

അതേസമയം, തന്റെയും സത്താറിന്റെയും ബിസിനസ് പങ്കാളിയായ ഒരാളുമായി തങ്ങൾക്കു പ്രശ്നങ്ങളുണ്ടായിരുന്നു. ഇയാൾ രാജേഷിനെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.

തനിക്കു പറയാനുള്ള കാര്യങ്ങൾ എവിടെ വേണമെങ്കിലും പറയാമെന്നു പൊലീസിനോടു പറഞ്ഞിരുന്നതായും അവർ വ്യക്തമാക്കി.

kuwait latest qatar
Advertisment