Advertisment

ഇന്ത്യയ്‌ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് രാജ്‌നാഥ് സിങ്

New Update

ഗ്വാളിയോര്‍: ഇന്ത്യയ്‌ക്കെതിരെ കല്ലെറിയാന്‍ കശ്മീരിലെ യുവാക്കളെ പ്രേരിപ്പിക്കുന്നത് പാകിസ്താനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്താനുള്ള സാഹചര്യം ഇപ്പോഴും പാകിസ്താനില്‍ നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി, ഐജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ നടപടിയെടുക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

Advertisment

publive-image

വര്‍ഗീയ ലഹളകള്‍ക്കെതിരെയും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അശുദ്ധമാക്കുന്നതിനുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലന കേന്ദ്രങ്ങളുടെയും ആശയവിനിമയ കേന്ദ്രങ്ങളുടെയും രൂപത്തില്‍ പാകിസ്തനിലും പാക്ക് അധീന കശ്മീരിലും ഇപ്പോഴും അവര്‍ ഭീകരവാദത്തിന് സൗകര്യമൊരുക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ക്കു സാമ്പത്തിക പിന്തുണയടക്കം പാകിസ്താന്‍ നല്‍കുന്നുണ്ട്. കശ്മീരിലെ വിഘടനവാദികള്‍ക്കും ഇന്ത്യ വിരുദ്ധശക്തികള്‍ക്കും പാകിസ്താന്‍ പിന്തുണ നല്‍കുന്നതാണ് അവിടത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന കാരണം. കശ്മീരില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാ സേനാംഗങ്ങള്‍ സാഹചര്യങ്ങളെല്ലാം മികച്ച രീതിയില്‍ മറികടക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

നക്‌സലുകള്‍ കാരണം രാജ്യത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെയേറെ കുറഞ്ഞു. നക്‌സലുകള്‍ക്കു കീഴടങ്ങുന്നതിനുള്ള നയം ഉടന്‍ നടപ്പാക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ നിയന്ത്രണ വിധേയമാണ്. എന്നാല്‍ മ്യാന്‍മര്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളെ കരുതിയിരിക്കണം.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന വാര്‍ഷികയോഗമാണ് മധ്യപ്രദേശില്‍ പുരോഗമിക്കുന്നത്. മൂന്നു ദിവസം നീളുന്ന യോഗത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കും.

Advertisment