Advertisment

അയോദ്ധ്യയിലെ ഭൂമി പൂജ മാറ്റണം, ഇല്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകും; മുഹൂര്‍ത്തം നിശ്ചയിച്ച വ്യക്തിക്ക് വധഭീഷണി

New Update

ബംഗളുരു: അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ നടത്തുന്നതിന് മുഹൂര്‍ത്തം നിശ്ചയിച്ച വ്യക്തിക്ക് വധഭീഷണി. പണ്ഡിറ്റ് എന്‍.ആര്‍.വിജയേന്ദ്ര ശര്‍മ്മയ്ക്കാണ് ഫോണ്‍സന്ദേശത്തിലൂടെ സുരക്ഷ ഭീഷണി ലഭിച്ചത്.

Advertisment

publive-image

കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അജ്ഞാത ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ച് വരികയായിരുന്നു. ഭൂമി പൂജയുടെ മുഹൂര്‍ത്തം മാറ്റണമെന്നും ഇല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു സന്ദേശങ്ങള്‍. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.

ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന് നിശ്ചയിച്ചതെന്തിനാണെന്നും, നിങ്ങള്‍ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്തിനാണ് ആഗ്രഹിക്കുന്നതെന്നും ചോദിച്ചായിരുന്നു സന്ദേശങ്ങള്‍. ഫോണ്‍ വിളിച്ച വ്യക്തികള്‍ അവരുടെ പേരുകള്‍ പറഞ്ഞിട്ടില്ലെന്നും പണ്ഡിറ്റ് ശര്‍മ്മ വ്യക്തമാക്കി.

അതേസമയം തന്റെ ചുമതലകള്‍ മാത്രമാണ് നിര്‍വഹിച്ചതെന്നും പരിപാടിയുടെ സംഘാടകര്‍ തന്നെ സമീപിച്ചതിനാലാണ് മുഹൂര്‍ത്തം നിശ്ചയിച്ച് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വധഭീഷണികളെ കാര്യമാക്കുന്നില്ലെന്നും പണ്ഡിറ്റ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബെല്‍ഗാവിയിലെ തിലക് വാഡി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലാണ് ചടങ്ങിന്റെ സംഘാടകര്‍ പണ്ഡിറ്റ് ശര്‍മ്മയെ ഭൂമി പൂജയുടെ മുഹൂര്‍ത്തം നിശ്ചയിക്കുന്നതിനായി സമീപിച്ചത്. ഏപ്രിലിലെ അക്ഷയ ത്രിതീയ ദിനമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, കൊറോണയുടേയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ തിയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ram mandhir
Advertisment