Advertisment

രാമകഥനം മലയാളിക്ക് പകര്‍ന്നേകുന്നത് ജീവിത പുണ്യം തന്നെ! സുന്ദരകാണ്ഡത്തിന്റെ ശക്തി

author-image
സത്യം ഡെസ്ക്
Updated On
New Update

അധ്യാത്മരാമയണം കിളിപ്പാട്ട് എന്ന തുഞ്ചത്താചാര്യന്റെ രാമകഥയിലൂടെ മലയാളി രാമായണത്തെ സ്വന്തം കഥയാക്കി മാറ്റി. രാമകഥനം മലയാളിക്ക് പകര്‍ന്നേകുന്നത് ജീവിത പുണ്യം തന്നെയാണ്. അതിന്നും തുടരുന്നു അനസ്യൂതം.

Advertisment

publive-image

കാവ്യ കൃതിയില്‍ ഉള്ള ആദ്യത്തെ സൃഷ്ടിയാണ് വാത്മീകി രാമായണം. ഹിന്ദു മതത്തിലെ രണടാമത്തെ വലിയ ഇതിഹാസം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. ബ്രഹ്മര്‍ഷിമാരില്‍ ഒരാളായ വാത്മീകിയുടെ ആശ്രമത്തില്‍ വന്ന നാരദനോട് , ധൈര്യം , വീര്യം ,ക്ഷമ, വിജ്ഞാനം, കാരുണ്യം, സൌന്ദര്യം , പ്രൌടി,ശമം ,ക്ഷമ, ശീലഗുണം, അജ്ജയ്യത തുടങ്ങിയ ഗുണങളോട് കൂടിയ ഏതെങ്കിലും ഒരു മനുഷ്യന്‍ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദന്‍ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്.

തുടര്‍ന്ന്, രാമായണത്തില്‍ വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, അത്രി, സുതീക്ഷ്ണന്‍ തുടങ്ങിയ ഋഷിവൃന്ദം രാമനെ സാക്ഷാല്‍ ജഗദീശ്വരനായ വിഷ്ണുവിന്റെ അവതാരമായി കാണുന്നു. യോഗികള്‍ രാമനെ ആത്മസ്വരൂപമായി കാണുന്നു. രാമായണത്തിന്റെ പൊരുള്‍ അനുസരിച്ച് ശ്രീ രാമന്‍ മനുഷ്യ കുലത്തിലുള്ള ഉത്തമ പുരുഷനായും സീതാ ദേവിയെ ഉത്തമ സ്ത്രീയായും കരുതപ്പെടുന്നു. ഇതെല്ലാം ചിന്തിക്കുമ്പോള്‍ രാമന്‍ മാതൃകാ പുരുഷോത്തമനും സര്‍വ്വനിയാമകനായ മഹേശ്വരനും സര്‍വ്വാന്തര്യാമിയായ ആത്മാവുമൊക്കെയാണെന്നു സിദ്ധിക്കുന്നു.

ഇങ്ങനെയെല്ലാമുള്ള രാമന്റെ സ്വരൂപഭാവങ്ങളും ജന്മ കര്‍മങ്ങളും ഗുണഗണങ്ങളുമാണ് രാമായണം വര്‍ണിക്കുന്നത്. അതുകൊണ്ട് രാമായണം ആസ്വദിക്കുന്നവര്‍ക്ക് മനുഷ്യത്വാദര്‍ശവും ഈശ്വര ജ്ഞാനവും ആത്മബോധവുമൊക്കെയാണ് പകര്‍ന്നു കിട്ടുന്നത്.പൗരാണിക കാലം മുതല്‍ തന്നെ ഹിന്ദുക്കള്‍ രാമായണ പാരായണത്തിന് അതീവ പ്രാധാന്യം നല്കി പോരുന്നുണ്ട്. ഏഴ് കാണ്ഡങ്ങളിലായി 24000 ശ്‌ളോകങ്ങള്‍ ആണ് വാത്മീകി രാമായണം ഉള്‍ക്കൊള്ളുന്നത്.

മനുഷ്യനെ ബാധിച്ചിരിക്കുന്ന ദുര്‍ഗുണ ദുര്‍വാസനയെ അകറ്റി അവനു ശുദ്ധിയുടെ പുണ്യം പകരുന്ന പവിത്ര സാധനയാണ് നാമകീര്‍ത്തനമെന്ന് ആചാര്യന്മാരെല്ലാം ഉദ്‌ഘോഷിക്കുന്നു. രാമായണത്തിലങ്ങോളമിങ്ങോളം ഭഗവന്നാമകീര്‍ത്തനം നിറഞ്ഞ വരികളുടെ ഒരു ഘോഷയാത്ര തന്നെ നമുക്ക് കാണാന്‍ കഴിയും. രാമായണം പാരായണം ചെയ്യുന്നവര്‍ക്ക്, തങ്ങള്‍ നാമപാരായണമല്ലേ ചെയ്യുന്നത് എന്ന പ്രതീതിയാണ് പലപ്പോഴുമുണ്ടാവുക.

കാവ്യത്തിന്റെയും സംഗീതത്തിന്റെയും പുണ്യംകൂടി രാമായണം പകര്‍ന്ന് നല്‍കുന്നുണ്ട്. പുരാണ പണ്ഡിതന്‍മാര്‍ രാമായണത്തെ വിവക്ഷിക്കുന്നത് രാമന്റെ ‘അയന’ മായിട്ടാണ്. മറ്റൊരു നിഗമനം കൂടി അതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘രാ’ മായണം എന്ന പുരാണ തത്വം രണ്ടും ഒരു പോലെ ശരിയാണെന്ന് അനുഭവങ്ങളിലൂടെ നമുക്ക് വ്യക്തമാകുന്നുണ്ട്.

‘അയനം’ എന്നാല്‍ സഞ്ചാരം എന്ന അര്‍ത്ഥം കല്പ്പിക്കാം. ബാലകാണ്ഡത്തില്‍ തുടങ്ങുന്ന ഭഗവാന്റെ സഞ്ചാരം പട്ടാഭിക്ഷേകത്തിലും നിലയ്ക്കുന്നില്ല. ഉത്തരരാമായണത്തിലൂടെ തന്റെ പ്രിയ അനുയായികളോടൊപ്പം സരയൂ നദിയുടെ നീലകലക്കയത്തിലലിയുമ്പോഴാണ് അതവസാനിക്കുന്നത്. അവതാരോദ്ദേശം തീര്‍ന്നു കഴിഞ്ഞൂ. അതോടെ ത്രേതായുഗത്തിനും അന്ത്യമായി.

കൊല്ലവര്‍ഷത്തിന്റെ അവസാന മാസമാണ് കര്‍ക്കിടകം. മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന ഒരു കാലഘട്ടം. തൊഴില്‍ രഹിതയും വിളസമൃദ്ധിയില്ലായ്മയും ആ സമയത്ത് മനുഷ്യ ജീവിതങ്ങള്‍ക്ക് ഭാഗീകമായെങ്കിലും ഇരുട്ടനുഭവിക്കേണ്ടി വരും. ആ മാസത്തിന് പഞ്ഞ കര്‍ക്കിടകമെന്ന പേരു വീണത് ഒരു പക്ഷെ അതുകൊണ്ട് തന്നെയായിരിക്കും.

അത്തരം സന്ദര്‍ഭങ്ങളില്‍ ഭഗവല്‍ ചിന്തകൊണ്ട് മാത്രമേ മനസ്സിനെ സ്വസ്ഥപ്പെടുത്താവുകയുള്ളൂ. ഒരു ആദര്‍ശവാനും സത്യനിഷ്ടനുമായ അവതാരപുരുഷന്റെ തത്വകള്‍ ഉള്ളിലേക്കാവഹിക്കുമ്പോള്‍ ഉള്ളില്‍ തിങ്ങിവിങ്ങുന്ന ‘ര’ അല്പാല്പമായെങ്കിലും അലിഞ്ഞു തീരാതിരിക്കില്ലെന്ന് നിസ്സംശയം പറയാം.

കര്‍ക്കിടക മാസത്തിന്റെ പ്രഥമ ദിനത്തില്‍ തന്നെ ഉമ്മറത്തൊരുക്കിയ നിലവിളക്കിന് മുമ്പില്‍ പ്രായഭേദമന്യേ കേരളീയര്‍ രാമായണം വായന തുടങ്ങും. കള്ളകര്‍ക്കിടകത്തിന്റെ കറുത്ത സന്ധ്യകള്‍ ആ നനുത്ത ശീലുകള്‍ കേട്ടുകൊണ്ടായിരിക്കും കണ്ണുകള്‍ ചിമ്മുന്നത്.

കര്‍ക്കിടകവും രാമായണവും തമ്മിലുള്ള അഭേദ്യമായ ബന്ധം അവിടെ ആരംഭിക്കുകയാണ്.

തറയിലിരുന്നുകൊണ്ടോ ഗ്രന്ഥം താഴെ വച്ചുകൊണ്ടോ രാമായണം പാരായണം ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ ആവണ പലകയിലോ അല്ലെങ്കില്‍ മാന്‍തോലിലോ അതുമല്ലെങ്കില്‍ അശുദ്ധിയില്ലാത്ത പീഠത്തിലോ (അത് നിലവിളക്കിനെക്കാളും പൊക്കത്തിലാകരുത്) വടക്കോട്ട് തിരിഞ്ഞിരുന്നുകൊണ്ടുവേണം രാമായണം പാരായണം ചെയ്യാന്‍ .

ഏറ്റവും പ്രധാനമായ രാമായണ ഭാഗം സുന്ദരകാണ്ഡമാണ്. ശ്രീരാമഭക്തനും ദൂതനുമായ ഹനുമാന്‍ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്ക് നല്‍കുന്നതും പകരം രാമന് നല്‍കാന്‍ സീത ചൂഢാരത്‌നം നല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവും മറ്റുമാണ് സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം.

സങ്കടമോചനം, വിഘ്‌ന നിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ് സുന്ദരകാണ്ഡപാരായണം. ദേവീദേവന്‍മാരുടെ ശക്തി തീഷ്ണത കുറയ്ക്കാന്‍ പോലും സുന്ദരകാണ്ഡ ശീലുകള്‍ക്ക് കഴിവുണ്ടെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

സമൂഹ്യ ജീവിതത്തിന്റെ ഏതു തുറയില്‍ ചരിക്കുന്നവരായാലും, അവനു വേണ്ട എല്ലാ നല്ല മാതൃകകളും രാമായണത്തിലുണ്ട്. നല്ല പിതാവ് എങ്ങനെയായിരിക്കണമെന്നതിന് ദശരഥമഹാരാജാവ് മാതൃകയാകുന്നുണ്ട്. ഉത്തമ ഭാര്യക്ക് സീതയും, ഊര്‍മ്മിളയും, മണ്‌ഡോദരിയുമുണ്ട്. സഹോദരന്‍മാര്‍ തമ്മിലുള്ള സ്‌നേഹ വിശ്വാസത്തിനും, പരസ്പര ബഹുമാനത്തിനും രാമലക്ഷ്മണഭരത ശത്രുഘ്‌നന്‍മാരുമുണ്ട്.

ഉത്തമദാസനു ഉദാഹരണമായി ഹനുമാനും, സുഗ്രീവനുമുണ്ട്. സന്നിദ്ധ ഘട്ടങ്ങളില്‍ സാരോപദേശം നല്‍കാന്‍, ഗുരുശ്രേഷ്ഠന്‍മാരായ വസിഷ്ഠനും, വിശ്വാമിത്രനുമുണ്ട്. അപവാദങ്ങളുടെ പേരില്‍ അബലയും, അനാഥയും സര്‍വ്വോപരി ഗര്‍ഭിണിയുമായ ,ഭര്‍ത്താവിനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട (സീത) സ്ത്രീക്ക് സ്വാന്തനവും, അഭയവും നല്‍കി ആശ്വസിപ്പിക്കാന്‍ വാല്മീകി എന്ന ദൈവ ദൂതനുണ്ട്.

ദുഷ്ടനിഗ്രഹത്തിനും, ശിഷ്ട സംരക്ഷണത്തിനും വില്ലാളി വീരന്‍മാരായ രാമലക്ഷമണ്‍മാരുണ്ട്. ഉത്തമ ഭരണാധികാരികള്‍ എങ്ങനെ ആയിരിക്കണമെന്നതിന്, അനുപമമായ രാമനും, ഭരതനുമുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത, രാമ രാജ്യം എന്ന സംജ്ഞ ശ്രീരാമ ചന്ദ്രന്‍ ഭരിച്ചിരുന്ന അയോദ്ധ്യ എന്ന മാതൃകാ രാജ്യത്തേയും സര്‍വ്വകാര്യങ്ങളോടും. സമാധാനത്തോടും കൂടി ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചു വന്ന, അവിടുത്തെ ജനങ്ങളേയും മനസ്സില്‍ കണ്ടതിന്റെ ഫലമായി, ഉളവായതാണ്.

ക്ഷമയുടെ മൂര്‍ത്തിമദ്ഭാവമാണ് സീതയും ഊര്‍മ്മിളയും. സത്യ പരിപാലനം എത്ര മഹത്തായ ധര്‍മ്മമെന്ന് ദശരഥന്‍ ലോകത്തിന് കാട്ടി തരുന്നു. എത്ര ശക്തിമാനായാലും, അഹങ്കാരവും, അധര്‍മ്മ ചിന്തയും വ്യക്തികളെ എങ്ങനെ നാശത്തിലേക്ക് തള്ളിവിടുന്നു.എന്നതിന് രാവണനും, ഇന്ദ്രജിത്തും ഉത്തമോദാഹരണങ്ങളാണ്. അങ്ങനെ നോക്കിയാല്‍, ഒരു സാധാരണ വ്യക്തിയെപ്പോലും, ഉത്തമ ജീവിതത്തിലൂടെ മോക്ഷപ്രാപ്ത്തിയിലെത്തിക്കുവാന്‍ പ്രാപ്തനാക്കുന്നവയായ, സാരോപദേശങ്ങളും, ജീവിത സന്ദര്‍ഭങ്ങളും എത്ര വേണമെങ്കിലുമുണ്ട്.

ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്‌നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം.

പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരും അദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്‌നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു.

പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ നമുക്ക് കര്‍ക്കിടവും രാമായണവും പകര്‍ന്നുനല്‍കുന്നത് ഒരു ജീവിതചര്യയും മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമാണ്.

ramayanam
Advertisment