Advertisment

സ്വന്തം ഭാര്യയായ സീതയെ സംശയിച്ചു ചാരിത്ര്യം തെളിയിക്കാനായി അഗ്നിശുദ്ധി വരുത്തുവാൻ പറഞ്ഞ ശ്രീരാമൻ എങ്ങനെയാണ് മാതൃകാ പുരുഷനാകുന്നത്..? രാമായണത്തെ തെറ്റിദ്ധരിച്ചവരുടെ സംശയ നിവാരണം- സിപി കുട്ടനാടൻ

author-image
സത്യം ഡെസ്ക്
Updated On
New Update

കർക്കിടക വിചാരം - സിപി കുട്ടനാടൻ

Advertisment

publive-image

തെറ്റിദ്ധാരണകൾ ദൂരീകരിയ്ക്കുന്നതിൻ്റെ ഭാഗമായയുള്ള രണ്ടു മുൻ ലേഖനങ്ങളും സജ്ജനങ്ങൾക്ക് ഉപയോഗപ്രദമായി എന്നറിയുന്നതിൽ സന്തോഷം. സത്യം ഓൺലൈൻ്റെ എല്ലാ മാന്യ വായനക്കാർക്കുമായി മൂന്നാം ഘട്ടത്തിലേക്ക് കടക്കാം. പൊതുവായി നേരിടുന്ന ചോദ്യങ്ങൾ തന്നെ ആദ്യം കൊടുക്കാം

1, രാവണൻ ദ്രാവിഡ രാജാവാണ്. ആര്യനായ രാമൻ ദ്രാവിഡ ജനതയുടെ മേൽ അധിനിവേശം ചെയ്ത കഥയല്ലേ സത്യത്തിൽ രാമായണം ..?

2, സ്വന്തം ഭാര്യയായ സീതയെ സംശയിച്ചു ചാരിത്ര്യം തെളിയിക്കാനായി അഗ്നിശുദ്ധി വരുത്തുവാൻ പറഞ്ഞ ശ്രീരാമൻ എങ്ങനെയാണ് മാതൃകാ പുരുഷനാകുന്നത്..?

3, മോഹിച്ച പെണ്ണിനെ അടുത്ത് കിട്ടിയിട്ടും ബലാത്കാരം ചെയ്യാതിരുന്ന രാവണനല്ലേ, സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെ അപേക്ഷിച്ചു ഹീറോ ..?

ആര്യൻ ഇൻവേഷൻ തിയറിയുടെ സാധൂകരണമാണ് രാമായണം മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് ഒന്നാമത്തെ ചോദ്യത്തിൻ്റെ കാതൽ. അതുകൊണ്ട് അല്ല എന്നതാണ് ഉത്തരം. കാരണം ആര്യൻ ഇൻവേഷൻ തിയറി എന്നത് തന്നെ പൊട്ടിപ്പൊളിഞ്ഞ കെട്ടുകഥയാണ്. നരവംശ ശാസ്ത്രജ്ഞരായ വസന്ത് ഷിൻഡെയും നീരജ് റായിയും രാഘിഗടിയിൽ നിന്നും ലഭിച്ച പുരാതന മനുഷ്യാസ്ഥികൂടത്തിൽ നടത്തിയ പഠനത്തിൽ ആര്യാഗമനം എന്നത് കെട്ടുകഥയാണെന്ന് 2019 സെപ്റ്റംബർ 6ന് തെളിയിച്ചിട്ടുണ്ട്.

അത് സായിപ്പന്മാർക്ക് ഇന്ത്യയിൽ ഒരു ചരിത്രപരമായ നിലനിൽപ് കിട്ടുവാനായി പ്രയോഗിച്ച നമ്പറായിരുന്നു. ഇന്ത്യക്കാരെ നോക്കി സായിപ്പന്മാർ പറഞ്ഞു "ക്വിറ്റ് ഇന്ത്യ പോലുള്ള പരിപാടികൾ ഞങ്ങളോട് വേണ്ട ഇന്ത്യ കുടിയേറ്റ രാഷ്ട്രമാണ്. ആദ്യം വന്നവർ ആദ്യം പോകട്ടെ, നിങ്ങൾ വന്നതുപോലെ ഞങ്ങളും വന്നു" എന്നൊക്കെ പറയുവാനുള്ള ഒരു ബേസ് ഉണ്ടാക്കുകയായിരുന്നു.

അതിനായി അവർ വളച്ചൊടിച്ചു പ്രചരിപ്പിച്ചതിൽ ഇന്ത്യൻ ഫിലോസഫിയിലെ പുരാണങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് രാമായണ കഥയിൽ ഇങ്ങനെയൊരു തിയറി ആരോപിക്കുവാൻ അവർക്കും ഇന്നത്തെ അഭിനവ അർബൻ നക്സലുകൾക്കും, ഇക്കൂട്ടർ ഒരുക്കുന്ന സംവാദാത്മക വ്യാജ ചക്രവ്യൂഹത്തിൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്ന പാവപ്പെട്ട കുട്ടിരാമന്മാർക്കും സാധിയ്ക്കുന്നത്. എന്തായാലും വിഷയത്തിൽ നിന്നും തെന്നിമാറാതെ നമുക്ക് രാമായണവും ആര്യാഗമന സിദ്ധാന്തവും ഉദ്ധരിച്ചുകൊണ്ട് തന്നെ ഈ വാദങ്ങൾ പൊളിയ്ക്കാം.

ആര്യൻ ഇൻവേഷൻ തിയറിയുടെ അടിസ്ഥാന വാദങ്ങളും രാമായണ കൃതിയിലെ രേഖപ്പെടുത്തലുകളും യോജിച്ചു പോകുന്നില്ല. അതായത് ദ്രാവിഡർ എന്നത് ഭാരതത്തിലെ പുരാതന സമൂഹമായിരുന്നു എന്നും. അവർ പൊക്കം കുറഞ്ഞവരും കറുത്തവരും പതിഞ്ഞ മൂക്കുള്ളവരും താരതമ്യേന കൃശ ഗാത്രരുമാണ് എന്നുമൊക്കെയാണ് വാദങ്ങൾ.

അങ്ങനെയുള്ള സമൂഹത്തെ യൂറോപ്പിൽ നിന്നും അധിനിവേശം ചെയ്ത ആര്യ ജനത ഇറാൻ വഴി വന്ന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള തങ്ങളുടെ അധിനിവേശം സിന്ധു നദിവഴി നടത്തിയെന്നും ഹാരപ്പ പോലെയുള്ള ആദി നാഗരികതകളെ തകർത്തുകൊണ്ടായിരുന്നു ഉയരമുള്ളവരും വെളുത്ത ശരീരമുള്ളവരും സുന്ദരന്മാരുമായ ആര്യ ബ്രാഹ്മണ സമൂഹം അതിക്രമിച്ചു കയറി ദ്രാവിഡരെ ആട്ടിപ്പായിച്ചു ഇന്ത്യയിൽ വാസമുറപ്പിച്ചത് എന്നാണ് ആര്യവിരോധികകളായ സോകോൾഡ് ദ്രാവിഡ സ്നേഹികൾ പ്രചരിപ്പിക്കുന്നത്.

എന്തായാലും കൊള്ളാം. ഈ തിയറിയുടെ അടിസ്ഥാനത്തിൽ നമ്മൾ ചിന്തിയ്ക്കുകയാണെങ്കിൽ ആര്യാഗമന തിയറിക്കാരുടെ വാദ പ്രകാരം രാവണൻ ദ്രാവിഡനാണ്, അതായത് രാവണൻ കറുത്ത് കുറിയ അബ്രാഹ്മണനായ ഒരു പാവം മനുഷ്യൻ ആയിരിയ്ക്കണം.എന്നാൽ രാമായണത്തിലെ രാവണൻ അങ്ങനെയല്ല രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നത്. കിളിപ്പാട്ടിലെ രാവണൻ അപാര ശക്തിമാനും സുഭഗ സുന്ദരമായ ശരീരമുള്ളവനും അതി സുന്ദരനും നാലുവേദങ്ങളും മനഃപാഠമാക്കിയ അതി വിജ്ഞാനിയായ ബ്രാഹ്മണനാണ് എന്നാണ്.

ഇതേപ്പറ്റി രാവണ ദൂതനായ ശുകനും രാവണ മന്ത്രിയായ ശുപാർശ്വനും രണ്ടു സന്ദർഭങ്ങളിലായി വിവരിയ്ക്കുന്നുണ്ട്. യുദ്ധകാണ്ഡത്തിലെ "രാവണശുക സംവാദം" എന്ന ഭാഗത്തും പിന്നെ മേഘനാഥ വധം കഴിഞ്ഞുള്ള "രാവണ വിലാപം" എന്ന ഭാഗത്തുമാണ് ഈ പരാമർശങ്ങൾ വരുന്നത്. രാമായണം കൈവശമുള്ളവർ എടുത്ത് പരിശോധിയ്ക്കുക. അത് ഇപ്രകാരമാണ്

"ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-

താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.

കര്‍മ്മഭൂവാമത്ര ഭാരതഖണ്ഡത്തില്‍

നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാല്‍

പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം

ധന്യനായുള്ളവനോര്‍ക്കമഹാമതെ!

പൌലസ്ത്യപുത്രന‍ാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍

ത്രൈലോക്യസമ്മതന്‍ ഘോരതപോധനന്‍

എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ

പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ"

ഇവിടെ ശുകൻ ലങ്കാധിപതി രാവണനോട് പറയുകയാണ് ഭാരതഭൂമിയിൽ ബ്രാഹ്‌മണ ജന്മം ലഭിച്ച അങ്ങ് ഇത്തരം മോശപ്പെട്ട പ്രവൃത്തികൾ ചെയ്ത് ജീവിക്കുന്നത് ഭൂഷണമല്ല എന്നും അജ്ഞാനികളെ പോലെ പെരുമാറുന്നത് എന്തുകൊണ്ടാണ് എന്നുമൊക്കെയാണ് സംഭാഷണ ഭാഗം. ഇത് വായിച്ചിട്ട് ദ്രാവിഡ സിദ്ധാന്തക്കാരുടെ രാവണ സങ്കല്പമാണ് ഇതെന്ന് എനിയ്ക്ക് തോന്നുന്നില്ല. ശരി ഇനി അടുത്ത ഭാഗത്തേയ്ക്ക് പോകാം.

"ബുദ്ധിമാനായ സുപാർശ്വൻ നയജ്ഞന-

ത്യുത്തമൻ കർബ്ബുരസത്തമൻ വൃത്തവാൻ

രാവണൻ തന്നെത്തടുത്തു നിർത്തിപ്പറ-

യാവതെല്ലാം പറഞ്ഞീടിനാൻ നീതികൾ:

‘ബ്രഹ്മകുലത്തിൽ ജനിച്ച ഭവാനിഹ

നിർമലനെന്നു ജഗത്ത്രയ സമ്മതം

താവകമായ ഗുണങ്ങൾ വർണ്ണിപ്പതി-

നാവതല്ലോർക്കിൽ ഗുഹനുമനന്തനും

ദേവദേവേശ്വരനായ പുരവൈരി-

സേവകന്മാരിൽ പ്രധാനനല്ലോ ഭവാൻ

പൌലസ്ത്യനായ കുബേര സഹോദരൻ

ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപൻ

സാമവേദജ്ഞൻ സമസ്തവിദ്യാലയൻ

വാമദേവാധിവാസാത്മാ ജിതേന്ദ്രിയൻ

വേദവിദ്യാവ്രതസ്നാന പരായണൻ

ബോധവാൻ ഭാർഗ്ഗവശിഷ്യൻ വിനയവാൻ"

ഇതാണ് രാവണൻ്റെ ഗുണഗണങ്ങൾ സുപാർശ്വൻ എന്ന മന്ത്രി പറയുന്ന ഭാഗം. ഇതൊക്കെ സോകോൾഡ് ദ്രാവിഡ പരികല്പനകൾക്ക് യോജിയ്ക്കുന്ന സംഗതികളല്ല.

ഇനി ശ്രീരാമസ്വാമിയെ ആര്യപുത്രാ എന്ന് വിളിയ്ക്കുന്നതാണ് യഥാർത്ഥ പ്രശ്നമെങ്കിൽ, ആര്യൻ എന്ന പദത്തിൻ്റെ അർഥം സംസ്കൃതത്തിൽ ശ്രേഷ്ഠൻ എന്നാണ്. ഭാഗവതത്തിൽ ഏകാദശസ്കന്ദത്തിൽ ഉദ്ധവരുടെ ചോദ്യങ്ങളിലൊന്നിൽ കപോതങ്ങളുടെ കഥ പറയുന്ന ഭാഗത്ത് ആൺകിളി തൻ്റെ ഇണയായ പെൺകിളിയെ 'ആര്യേ' എന്ന് വിളിയ്ക്കുന്ന സന്ദർഭമുണ്ട്. ദയവ് ചെയ്ത് ദ്രാവിഡ സിദ്ധാന്തക്കാർ പറയരുത് അത് ദ്രാവിഡ കിളികളെ അടിച്ചോടിച്ചു ഇന്ത്യയിൽ അധിനിവേശം ചെയ്ത ആര്യ കിളിയാണെന്ന്. ഇത്തരം നിരവധി കഥാസന്ദർഭങ്ങൾ പല പുരാണങ്ങളിലും കണ്ടെത്താൻ സാധിയ്ക്കും.

ഇനി അടുത്ത ചോദ്യത്തിലേക്ക് കടക്കാം. സീതയുടെ അഗ്നിശുദ്ധി തെളിയിക്കലാണ് ഇവിടുത്തെ പ്രശ്നം. ഇത് മനസ്സിലാകണമെങ്കിൽ ആരണ്യകാണ്ഡത്തിലെ മാരീചനിഗ്രഹത്തിന് മുമ്പുള്ള ഭാഗവും പിന്നെ യുദ്ധകാണ്ഡത്തിലെ സീതാ സ്വീകരണം എന്ന ഭാഗവും ശ്രദ്ധാപൂർവം വായിച്ചാൽ മതി.

"മാരീചൻ മനോഹരമായൊരു പൊന്മാനായി

ചാരുപുളളികൾ വെളളികൊണ്ടു നേത്രങ്ങൾ രണ്ടും

നീലക്കൽകൊണ്ടു ചേർത്തു മുഗ്‌ദ്ധഭാവത്തോടോരോ

ലീലകൾ കാട്ടിക്കാട്ടിക്കാട്ടിലുൾപ്പുക്കും പിന്നെ

വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-

രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും

രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോൾ

രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാൾ.

രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥൻ

ദേവിയോടരുൾചെയ്താനേകാന്തേ, "കാന്തേ! കേൾ നീ

രക്ഷോനായകൻ നിന്നെക്കൊണ്ടുപോവതിനിപ്പോൾ

ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!

നീയൊരു കാര്യം വേണമതിനു മടിയാതെ

മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം.

വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞു വസിക്ക നീ

ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.

ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-

ദാശ്രയഭൂതേ! സീതേ! ധർമ്മരക്ഷാർത്ഥം പ്രിയേ!"

രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും

കോമളഗാത്രിയായ മായാസീതയെത്തത്ര

പർണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കൽ

ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോൾ."    

ഇത് മാരീചൻ പൊന്മാനായി വരുന്നതിനു മുമ്പ് ശ്രീരാമസ്വാമി സീതാദേവിയോട് പറയുന്ന കാര്യമാണ്. വഹ്നിമണ്ഡലത്തിൽ ഒരുവർഷം മറഞ്ഞു വസിക്കുവാനാണ് ദേവിയോട് ഭഗവാൻ ആവശ്യപ്പെടുന്നത്. വഹ്നിമണ്ഡലമെന്നാൽ അഗ്നിമണ്ഡലം. അങ്ങനെ അഗ്നിയിൽ മറഞ്ഞു നിന്ന ശേഷം മായാസീതയെ പർണ്ണശാലയിൽ നിറുത്തുവാനാണ് ശ്രീരാമസ്വാമിയുടെ നിർദ്ദേശം. സീതാദേവി അത് അക്ഷരം പ്രതി അനുസരിയ്ക്കുന്നു. ഇത് മറ്റാരുമറിയാത്ത കാര്യമാണ്. എന്തിന് ലക്ഷ്മണ സ്വാമിയെ പോലും ഇതൊന്നുമറിയിക്കുന്നില്ല ഭഗവാൻ അത് എവിടെയാണ് പരാമർശിക്കുന്നതെന്നു നമുക്ക് നോക്കാം.

"ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-

മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.

"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-

മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.

രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ

ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു.

അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ

ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.

ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ

മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ

രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-

ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ

അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ

കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ

അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ

രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം."  

ഇത് ആരണ്യകാണ്ഡത്തിലെ "സീതാന്വേഷണം" എന്ന ഭാഗത്ത് പരാമർശിയ്ക്കുന്ന സംഭവമാണ്. ഇതിൽ ലക്ഷമണസ്വാമിയെ പോലും ഈ സംഭവങ്ങൾ അറിയിക്കുവാൻ ശ്രീരാമസ്വാമി കൂട്ടാക്കുന്നില്ല. ശേഷം വാനരസഖ്യം ചെയ്തു, സേതുബന്ധനം ചെയ്ത് ലങ്കയിലെത്തി രാവണനെ യുദ്ധം ചെയ്തു തോൽപ്പിച്ച ശേഷം സീതാ ദേവിയെ സ്വീകരിച്ചപ്പോൾ വർഷം ഒന്ന് കഴിഞ്ഞിരുന്നു. ഇനി അഗ്നിയിൽ മറഞ്ഞിരിയ്ക്കുന്ന സീതാദേവിയെ വീണ്ടെടുക്കുവാൻ മായാസീതയെ അഗ്നിയിലിറക്കിയ ശേഷം തിരികെ യഥാർത്ഥ സീതയെ സ്വീകരിയ്ക്കുക എന്നതാണ് കരണീയം. കാരണം ഇക്കാര്യങ്ങൾ ശ്രീരാമസ്വാമിയ്ക്കും സീതാദേവിയ്ക്കും മാത്രമേ അറിയൂ. യുദ്ധകാണ്ഡത്തിലെ സീതാസ്വീകരണം എന്ന ഭാഗം പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും.

"കാര്യാർത്ഥമായ്‌ പുരാ നിർമ്മിതമായൊരു

മായാജനകജാരൂപം മനോഹരം

കണ്ടു കോപം പൂണ്ടു വാച്യവാദങ്ങളെ-

പ്പുണ്ഡരീകാക്ഷൻ ബഹുവിധം ചൊല്ലിനാൻ

ലക്ഷ്മണനോടു മായാസീതയും ശുചാ

തൽക്ഷണേ ചൊല്ലിനാളേതുമേ വൈകാതെ

'വിശ്വാസമാശു മൽഭർത്താവിനും മറ്റു

വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ

കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക

ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ'

സൗമിത്രിയുമതു കേട്ടു രഘൂത്തമ

സൗമുഖഭാവമാലോക്യ സസംഭ്രമം

സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്‌

ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു

രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ"

ഇതാണ് പ്രസ്തുത ഭാഗം. ഇവിടെ ഇക്കാര്യം കൃത്യമായി അറിയാവുന്നവർ രണ്ടുപേർ മാത്രമാണ് (ശ്രീരാമനും സീതയും). മറ്റുള്ളവർ കാഴ്ചക്കാർ മാത്രമാണ്. രാമായണം അധീകരിച്ചാണ് സംസാരിയ്ക്കുന്നതെങ്കിൽ ഇക്കാര്യങ്ങളൊക്കെ എങ്ങനെ വിമർശന വിധേയമാക്കുവാൻ സാധിയ്ക്കും. കാരണം വിമർശങ്ങളായി ഉന്നയിക്കുന്നത് വ്യഖ്യാനിച്ചുണ്ടാക്കിയ തർക്കങ്ങളാണ്. എന്നാൽ അതിനെയൊക്കെ ഇവിടെ ഖണ്ഡിയ്ക്കുന്നത് രാമായണത്തിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നവയെ ഉദ്ധരിച്ചുകൊണ്ടാണ്.

ഇനി മൂന്നാമത്തെ ചോദ്യത്തിലേക്ക് കടക്കാം. ഈ ചോദ്യത്തിൽ പ്രധാനമായും ഉദ്ദേശിയ്ക്കുന്നത് ശ്രീരാമൻ ഭാര്യയെ ഉപേക്ഷിച്ചത് തെറ്റാണെന്നും, എന്നാൽ വല്ലവൻ്റെയും ഭാര്യയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിയ്ക്കാതിരുന്ന രാവണൻ മഹാനാണെന്നുമാണ്. എന്നാൽ അങ്ങനെയല്ല. ഇത്തരം നറേഷനുകൾ വിതണ്ഡ ഭാവനയുടെ പ്രതിലോമകരമായ സൃഷ്ടികൾ മാത്രമാണ്. എന്താണ് യാഥാർഥ്യം എന്നത് നമുക്ക് പരിശോധിയ്ക്കാം. സീതാ പരിത്യാഗം എല്ലാ രാമായണ ആഖ്യാനങ്ങളിലുമുള്ളതാണ് (വ്യാഖ്യാനം എന്ന് തെറ്റിദ്ധരിക്കരുത്, ആഖ്യാനം എന്നത് മറ്റൊരു അർത്ഥ തലമാണ്) ഉത്തര രാമായണമെന്നും അല്ല ഉത്തര കാണ്ഡമെന്നും വിളിക്കപ്പെടുന്നതാണ് ആഖ്യാനങ്ങളായി കരുതപ്പെടുന്നത്. ഇത് എല്ലാ രാമായണങ്ങളിലുമുണ്ട്. ഇതിലാണ് സീതാ പരിത്യാഗം ഉൾപ്പെട്ടിരിയ്ക്കുന്നത്.

പ്രജാക്ഷേമ തത്പരനാണ് ശ്രീരാമൻ. തൻ്റെ പ്രജകളുടെ അഭിപ്രായങ്ങൾക്ക് വലിയ മൂല്യം കല്പിയ്ക്കുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള രാമരാജ്യത്തിൽ (രാമരാജ്യത്തെക്കുറിച്ച് വിശദമായി പിന്നീട് എഴുതാം) ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളുമില്ലാതെ എല്ലാവരും ഭംഗിയായി ജീവിയ്ക്കണമെന്നതാണ് ശ്രീരാമചന്ദ്ര മഹാരാജാവിൻ്റെ താത്പര്യം. യുദ്ധകാണ്ഡത്തിലെ ശ്രീരാമൻ്റെ രാജ്യഭാരഫലം എന്ന ഭാഗത്ത് ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.

"നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-

വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ.

സാകേതവാസികളായ ജനങ്ങൾക്കു

ലോകാന്തരസുഖമെന്തോന്നിതിൽപ്പരം"

അതായത് അച്ഛൻ മക്കളെ സംരക്ഷിക്കുന്നതുപോലെയായിരുന്നു ശ്രീരാമസ്വാമി പ്രജകളെ സംരക്ഷിച്ചിരുന്നതെന്ന്. അങ്ങനെയുള്ളപ്പോഴാണ് കോസല രാജ്യത്തെ അലക്കുകാരനായ ഭദ്രൻ എന്നയാൾ തൻ്റെ എട്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്നു നര്‍മ്മം പറഞ്ഞുകൊണ്ടിരിക്കെ സീതാപവാദ കഥ പറഞ്ഞു.

രാവണൻ്റെ അധീനതയില്‍ കഴിഞ്ഞവളെ രാജാവായ രാമന്‍ സ്വീകരിച്ചതുകൊണ്ട് പൗരജനങ്ങളുടെ ഭാര്യമാര്‍ മറ്റൊരുവൻ്റെ അധീനതയിലിരുന്നാല്‍ അവരും രാജപാത പിന്തുടർന്ന് അത്തരക്കാരെ സ്വീകരക്കേണ്ടി വരുമെന്നും. കാരണം, രാജാവ് ചെയ്യുന്നത് എന്തോ അത് പ്രജകളും ചെയ്യേണ്ടി വരുമെന്നും.

അന്യൻ്റെ അധീനതയില്‍ കഴിഞ്ഞ സ്വഭാര്യയെ ഓരോരുത്തരും സ്വീകരിക്കേണ്ടി വന്നാല്‍ അത് രാജ്യത്ത് ധാര്‍മ്മികമായ അസ്ഥിരത ഉണ്ടാക്കുമെന്നുമൊക്കെ ഭദ്രൻ തട്ടിവിട്ടു.മഹാരാജാ ശ്രീരാമചന്ദ്രന് വേണമെങ്കിൽ ഭദ്രൻ്റെ തലയറുക്കാം. മറ്റാരും ചോദിയ്ക്കാൻ വരില്ല. അവിടെയാണ് ശ്രീരാമൻ്റെ ധർമ്മബോധം പ്രകാശിപ്പിക്കപ്പെടുന്നത്.

പ്രജകൾക്ക് സംശയമുള്ളതൊന്നും അനുഷ്ഠിക്കുന്നവനല്ല ഭരണാധികാരി എന്ന് ഉത്തമനായ ശ്രീരാമചന്ദ്രസ്വാമി ലോകത്തിന് കാട്ടിക്കൊടുത്തു. അതായത് ഒരുവന് മുഖ്യധർമ്മം ഗൗണ ധർമ്മം എന്നിങ്ങനെ രണ്ടു ധർമ്മങ്ങളുണ്ട്. സമാജഹിതം, രാഷ്ട്രഹിതം എന്നിവയാണ് ഏതു കാര്യത്തിലും മുഖ്യധർമ്മം. അതായതു സ്വന്തം മകൻ കൊലപാതക കേസിൽ പ്രതിയായി വന്നാൽക്കൂടെ ന്യായാധിപനായ പിതാവ് അനുഷ്ഠിയ്ക്കേണ്ടത് മുഖ്യധർമ്മാണ്. അത്തരം സന്ദർഭങ്ങളിൽ പിതാവിൻ്റെ കടമ എന്നത് ഗൗണ ധർമ്മമായി തീരും. ഇതാണ് ഇവിടെയും സംഭവിച്ചിരിയ്ക്കുന്നത്.

അവശേഷിയ്ക്കുന്ന പ്രശ്‌നം രാവണൻ ഹീറോ അല്ലെ എന്ന ചോദ്യമാണ്. രാമായണത്തിലാണ് രാവണനെ പരാമർശിയ്ക്കുന്നത്. അപ്പോൾ രാമായണം ഉദ്ധരിച്ചുകൊണ്ട് തന്നെ രാവണനെ വിലയിരുത്തണം. രാവണൻ മഹാജ്ഞാനി ആണെന്നും മഹാദേവ ഭക്തനാണെന്നും വേദങ്ങളെല്ലാം പഠിച്ച മഹാ പണ്ഡിതനാണെന്നും വില്ലാളി വീരനാണെന്നും സുന്ദരരൂപനാണെന്നുമൊക്കെ രാമായണത്തിൽ പല തവണ പറയുന്നുണ്ട്.

പക്ഷെ രാവണൻ എന്ന വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു പറഞ്ഞാൽ മാത്രമേ ഇത്തരം വിശേഷണങ്ങൾ വ്യക്തികൾക്ക് ഉണ്ടായിട്ട് കാര്യമില്ലെന്നുള്ള സത്യം നമുക്ക് മനസ്സിലാകൂ. രാമായണം അവതരിപ്പിക്കുന്ന കഥാപാത്രമാണ് രാവണൻ.

അങ്ങനെയുള്ള രാവണനെക്കുറിച്ചു രാമായണമല്ലാതെ മറ്റൊരു റഫറൻസില്ല. അതിനാൽ ബാലകാണ്ഡത്തിലെ "ശിവൻ്റെ കഥാകഥനം" എന്ന ഭാഗത്ത് ബ്രഹ്‌മദേവൻ മറ്റു ദേവകൾക്കൊപ്പം വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനോട് രാവണനെപ്പറ്റി പരാതി പറയുന്നുണ്ട്. അത് താഴെ നൽകുകയാണ്. വായിച്ചു മനസ്സിലാക്കുക.

"പൗലസ്ത്യ‍തനയനാം രാവണൻതന്നാലിപ്പോൾ

ത്രൈലോക്യം നശിച്ചിതു മിക്കതും ജഗൽപതേ!

മദ്ദത്തവരബലദർപ്പിതനായിട്ടതി-

നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!

ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-

നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.

പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു

നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.

യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല

യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460

ധർമ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാൻ

ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.

മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ

മൃത്യുവെന്നതും മുന്നേ കൽപിതം ജഗൽപതേ!"     

ഇതിൽ പറയുന്നത് മനസ്സിലായല്ലോ..? മറ്റുള്ള രാജാക്കന്മാരെയും ദേവന്മാരെയും അടിച്ചോടിച്ചു രാജ്യങ്ങൾ പിടിച്ചടക്കുകയാണ് രാവണൻ. യാഗങ്ങളും ഹോമങ്ങളും മുടക്കി മുനിമാരെ പിടിച്ചു തിന്നുകയാണ് അയാൾ. ധർമ്മപത്നികളായ സ്ത്രീകളെ പിടിച്ചുകൊണ്ടു പോയി ലോകത്തെ നശിപ്പിയ്ക്കുകയാണ് രാവണൻ എന്നൊക്കെയാണ് പരാതി. ഇങ്ങനെയൊക്ക ചെയ്യുന്ന ആൾക്ക് ഹീറോ പരിവേഷം കൊടുക്കണം എന്ന് തോന്നുന്നവരോട് കൂടുതലൊന്നും പറയാനില്ല. ഇനി അടുത്തത് സുന്ദരകാണ്ഡത്തിൽ 'ലങ്കാദഹനം" എന്ന ഭാഗത്ത് ഹനുമാൻസ്വാമിയുടെ വാലിൽ രാക്ഷസന്മാർ കൊളുത്തിയ തീയുമായി ലങ്ക മുഴുവൻ ശ്രീഹനുമാൻ തീവച്ചപ്പോൾ രാവണൻ്റെ പ്രജകളായ രാക്ഷസ സ്ത്രീകൾ അലമുറയിടുന്നതിൻ്റെ ഭാഗത്തുള്ള ലങ്കയിലെ പ്രജകളുടെ രാവണ മഹാരാജാവിനെക്കുറിച്ചുള്ള പരാമർശങ്ങളാണ്. അത് ഈ വിധമാണ്

"ദുരിതമിതുരജനിചരവരവിരചിതം ദൃഡം

മറ്റൊരു കാരണമില്ലിതിനേതുമേ

പരധനവുമമിതപരദാരങ്ങളും ബലാൽ

പാപി ദശാസ്യൻ പരിഗ്രഹിച്ചാൻ തുലോം

അറികിലനുചിതമതുമദേന ചെയ്തീടായ്‌വി-

നാരുമതിൻ്റെ ഫലമിതു നിർണ്ണയം

മനുജതരുണിയെയൊരു മഹാപാപി കാമിച്ചു

മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.

സുകൃതദുരിതങ്ങളും കാര്യമകാരവും

സൂക്ഷിച്ചു ചെയ്തുകൊള്ളേണം ബുധജനം

മദനശരപരവശതയൊടു ചപലനായിവൻ

മാഹാത്മ്യമുള്ള പതിവ്രതമാരെയും

കരബലമൊടനുദിനമണഞ്ഞു പിടിച്ചതി

കാമിചാരിത്ര്യഭംഗം വരുത്തീടിനാൻ

അവർ മനസി മരുവിന തപോമയപാവക

നദ്യ രാജ്യേ പിടിപെട്ടിതു കേവലം

നിശിചരികൾ ബഹുവിധമൊരോന്നേ പറകയും

നിൽക്കും നിലയിലേ വെന്തുമരിക്കയും

ശരണമിഹ കിമിതി പലവഴിയുമുടനോടിയും

ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും"

ഇനി അടുത്തതായി യുദ്ധകാണ്ഡത്തിലെ രാമരാവണയുദ്ധം എന്ന ഭാഗത്ത് രാക്ഷസ സ്ത്രീകൾ കരയുന്ന ഭാഗത്ത് രാവണനെക്കുറിച്ചും ശൂർപ്പണഖയുടെ പ്രവൃത്തിയെക്കുറിച്ചും പ്രജകൾ പരാമർശിയ്ക്കുന്ന സന്ദർഭമുണ്ട്. അത് താഴെക്കൊടുക്കാം.

"രാക്ഷസരാജ്യം മുഴുവനതുനേരം

രാക്ഷസസ്ത്രീകൾ മുറവിളികൂട്ടിനാർ

'താത! സഹോദര! നന്ദന! വല്ലഭ!

നാഥ! നമുക്കവലംബനമാരയ്യോ!

വൃദ്ധയായേറ്റം വിരൂപയായുള്ളൊരു

നക്തഞ്ചരാധിപ സോദരി രാമനെ

ശ്രദ്ധിച്ച കാരണമാപത്തിതൊക്കവെ

വർദ്ധിച്ചു വന്നതു മറ്റില്ല കാരണം

ശൂർപ്പണഖയ്ക്കെന്തു കുറ്റമതിൽപരം

പേപ്പെരുമാളല്ലയോ ദശകന്ധരൻ!

ജാനകിയെക്കൊതിച്ചാശു കുലം മുടി-

ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ"

ഇത് ശുദ്ധമായ മലയാളമാണ്. വായിച്ചു മനസിലാക്കുക. ഇതിൽക്കൂടുതൽ വിവരണത്തിന് ഇവിടെ ഞാൻ മുതിരുന്നില്ല. ഇങ്ങനെ പല സന്ദർഭങ്ങളും രാവണൻ്റെ സ്വഭാവദൂഷ്യം വിവരിയ്ക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവും. മേൽപ്പറഞ്ഞ ഭാഗത്ത് പറഞ്ഞിരിക്കുന്നു പതിവ്രതമാരെ പിടികൂടി ചാരിത്ര്യ ഭംഗം വരുത്തിയ ആളാണ് രാവണൻ എന്ന്. എങ്കിൽ എന്തുകൊണ്ടാണ് സീതാദേവിയോട് അങ്ങനെ പെരുമാറാതിരുന്നത് എന്നത് ന്യായമായ സംശയമാണ്.

ഈ സംശയം മാറുവാനായി ആഖ്യാനത്തിലെ (ശംഭുക മഹർഷി വധം പഠിയ്ക്കുവാനായി നിങ്ങൾ അവലംബിച്ച ഉത്തര കാണ്ഡത്തിൽ) ഒരു ഭാഗമായ പുഞ്ചികസ്ഥലയുടെ ശാപം എന്ന ഭാഗം വായിക്കുക. അവിടെ പറഞ്ഞിരിക്കുന്ന സംഗതി എന്തെന്നാൽ,. പുഞ്ചികസ്ഥലയെന്ന അപ്സരസ്സിനെ മാനഭംഗം ചെയ്യുവാൻ രാവണൻ ശ്രമിക്കുകയും അപ്സരസ്സ് ബ്രഹ്മാവിനെ അഭയം പ്രാപിച്ചപ്പോൾ. കോപിഷ്ഠനായ ബ്രഹ്മാവ് രാവണനെ ശപിച്ചു.

ആ ശാപം ഇപ്രകാരമായിരുന്നു. "ഏതെങ്കിലും സ്ത്രീയെ നീ അവളുടെ അനുവാദമില്ലാതെ പ്രാപിയ്ക്കാൻ ശ്രമിച്ചാൽ നിൻ്റെ തലകൾ പൊട്ടിത്തെറിച്ചു മരണം സംഭവിയ്ക്കും" ഈ ശാപം നിലനിൽക്കുന്നതിനാലാണ് പിന്നീട് രാവണൻ സ്ത്രീകളെ ഉപദ്രവിയ്ക്കാതെയിരുന്നത്. അല്ലാതെ രാവണൻ നീതിമാനായതുകൊണ്ടല്ല. പോട്ടെ ഇതെല്ലാം അംഗീകരിച്ചു ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ.

അവനവൻ്റെ ഭാര്യയെ വല്ലവനും പിടിച്ചുകൊണ്ട് പോയി ഉപദ്രവിയ്ക്കാതെ വച്ചാൽ അത് സത്കർമമാണോ. വല്ലവൻ്റെയും ഭാര്യയെ തട്ടിക്കൊണ്ടു പോകുന്നതിനെ എങ്ങനെയാണ് മഹത്വ വത്കരിയ്ക്കുവാൻ സാധിയ്ക്കുക. ഇതിൽക്കൂടുതൽ വിശദീകരണം ഇനി ആവശ്യമില്ലെന്ന് തോന്നുന്നു.

ഒരുകാര്യം കൂടെ അനുബന്ധമായി ചേർക്കട്ടെ. ഇങ്ങനെ ഇതെല്ലാം എഴുതിയിരിക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ടവരെ ബോധിപ്പിക്കുവാൻ മാത്രമാണ്. തെറ്റിദ്ധരിച്ചു ജീവിക്കുന്നതാണ് എനിക്ക് സുഖകരം എന്ന് ചിന്തിയ്ക്കുന്നവരെ ഉദ്ദേശിച്ചല്ല.

അതിനാൽ രാമായണത്തെ വിമർശിയ്ക്കുന്നതിനു മുമ്പ് അതൊന്നു വായിച്ചു നോക്കിയിട്ട് വിമർശിയ്ക്കുന്നതല്ലേ ഉചിതം. രാമായണം കണ്മുന്നിൽ ഇരിയ്‌ക്കെ അത് അറിയാത്ത പാവപ്പെട്ടവരെ വഞ്ചിച്ചു തെറ്റിദ്ധരിപ്പിയ്ക്കുന്നത് മര്യാദയാണോ..?

അത്തരം കുത്സിത പ്രവൃത്തികളിൽ നിന്നും ദയവ് ചെയ്ത് ഏവരും പിന്തിരിയുക. ധാർമിക ജീവിതത്തിൻ്റെ പ്രഘോഷമായ രാമായണം ഭൂമിയിൽ ഉയർന്നു കേൾക്കട്ടെ. എല്ലാവർക്കും നല്ലത് സംഭവിയ്ക്കട്ടെ

ജയ് ഭജ്‌രംഗ്‌ബലി

ramayanam cp kuttanadan
Advertisment