Advertisment

‘രാമഭക്തി സാമ്രാജ്യത്തിലെ’ ചക്രവര്‍ത്തി ഭക്തഹനുമാന്‍; ഈശ്വരനേക്കാള്‍ കഴിവുനേടിയ ഭക്തന്‍

author-image
സത്യം ഡെസ്ക്
Updated On
New Update

രാമയണ ശീലുകള്‍ കാറ്റില്‍പോലും ഒഴുകിയെത്തുമ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് ആദികാവ്യത്തിലെ ഭക്തിയുടെ മൂര്‍ത്തീരൂപം ആരെന്നത്. ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ ‘രാമഭക്തി സാമ്രാജ്യത്തിലെ’ ചക്രവര്‍ത്തി ഭക്തഹനുമാന്‍ തന്നെയാണ്. രമായണമാകുന്ന മഹാസമുദ്രം മുഴുവന്‍ അരിച്ചു പെറുക്കി തിരഞ്ഞാലും രാമഭക്തിയില്‍ ഈ വാനര പ്രമുഖനെ വെല്ലുന്ന മറ്റാരുമില്ല.

Advertisment

വാനരനാകിലും ബുദ്ധിയില്‍ ,സിദ്ധിയില്‍ ദേവന്‍മാരേക്കാള്‍ ഉയര്‍ന്നവനാണ് ഹനുമാന്‍. സത്യം, ദയ, തപസ്സ്, ബ്രഹ്മചര്യം, ആര്‍ജ്ജവം, തുടങ്ങിയ ഗുണഗണങ്ങളെല്ലാം ഏറ്റവുമധികം ചാര്‍ത്തിനല്‍കപ്പെട്ടത് ആദികാവ്യത്തില്‍ ഹനുമാനാണ്.

publive-image

ഹനുമാന്‍ ഇല്ലായിരുന്നെങ്കില്‍ രാമായണം കഥയുടെ ഗതിതന്നെ എന്താകുമായിരുന്നു എന്നു ചിന്തിക്കുക പോലും അസാധ്യം. ശ്രീപരമേശ്വര ന്റെ അനുഗ്രഹത്താല്‍ അഞ്ജനാ ദേവിക്ക് ,വായു ദേവനില്‍ ജനിച്ച അത്ഭുത ശിശുവായി ഹനുമാനെ നാം ശിവപുരാണത്തിലൂടെ അറിയുന്നു ..!! ഉദിച്ചുയരുന്ന സൂര്യനെ കണ്ടപ്പോള്‍ ഏതോ പഴമെന്നു ധരിച്ച് അത് കൈക്കലാക്കാന്‍ ആകാശത്തിലേക്ക് കുതിച്ചു ബാല വാനരന്‍.

ഒടുവില്‍ ദേവേന്ദ്രന്റെ വജ്രായുധ പ്രഹരം. വജ്രായുധം തട്ടി ഹനു (താടി ) മുറിഞ്ഞതിനാല്‍ ഹനുമാന്‍ എന്ന പേരും ലഭിച്ചു എന്ന് ഭവിഷ്യ പുരാണം. ബ്രഹ്മാവില്‍ നിന്ന് ചിരഞ്ജീവിത്വവും ,വിഷ്ണുവില്‍ നിന്ന് ഭക്തിയും ,ശിവനില്‍നിന്ന് കരുത്തും , ഇന്ദ്രനില്‍ നിന്ന് ആയുധ പ്രധിരോധ ശേഷിയും, അഗ്‌നിയില്‍നിന്നു പൊള്ളല്‍ ഏല്‍ക്കാതിരിക്കുവാനുള്ള കഴിവും, ദേവന്മാരില്‍ നിന്ന് വേഗവും നേടിയ ഹനുമാന്‍ തന്റെ ഗുരുവായ സൂര്യന് അഭിമുഖമായി പുറകോട്ടു നടന്നു സകല ശാസ്ത്രങ്ങളും പഠിച്ചു. ചെറുപ്പം മുതലേ രാമ നാമം ഹനുമാനെ ആകര്‍ഷിച്ചു. അവസാനം വനവാസകാലത്ത് കണ്ടുമുട്ടി. ഈശ്വരനെക്കാള്‍ കഴിവ് നേടിയ ഭക്തനെയാണ് നമുക്ക് പിന്നീടു കാണാന്‍ കഴിഞ്ഞത്.

പിന്നെ ഉള്ളതെല്ലാം രാമായണത്തിലുണ്ട്. സമുദ്ര ലംഘനവും ,ലങ്കാ നഗരം ചുട്ടെരിച്ചതും,ഹിമാലയത്തില്‍ നിന്ന് മൃത സഞ്ജീവനി കൊണ്ടുവന്നതും ,അക്ഷകുമാരനെ വധിച്ചതും ,എല്ലാമെല്ലാം ആദി കാവ്യം വിവരിക്കുന്നു. രാമന്‍ സീതയെ ഉപേക്ഷിച്ച ശേഷം വാത്മീകിയുടെ ആശ്രമത്തി നടുത്ത് താമസിച്ച ഹനുമാന്‍ പിന്നീടു ദ്വാപര യുഗത്തില്‍ അര്‍ജ്ജുനന്റെ കൊടിയില്‍ ഇരുന്നുകൊണ്ട് ഭാരത യുദ്ധത്തില്‍ പങ്കെടുത്ത കഥകള്‍ മഹാഭാരതം പറഞ്ഞുതരുന്നു.

ശാസ്ത്രങ്ങളിലും ,സംഗീതത്തിലും ,പോരാട്ടത്തിലും ,ഭക്തിയിലും ഇങ്ങനെ മറ്റൊരാള്‍ പുരാണത്തില്‍ വേറെയില്ല എന്നത് തന്നെയാണ് ഹനുമാന്റെ പ്രസക്തി. സ്വന്തം മാറിടം വലിച്ചുകീറി തന്റെ ഭക്തിയുടെ ആഴം പ്രകടമാക്കുന്ന യഥാര്‍ഥ ഭക്തന്‍.

ആദികാവ്യം നമുക്ക് നല്‍കുന്നത് എപ്പോഴും സര്‍വശാസ്ത്ര വിശാരദനായ ഹനുമാന്റെ രൂപമല്ല. മറിച്ച് ഭക്തിയുടെ ആഴങ്ങളിലേക്കുള്ള ഒരു യഥാര്‍ഥ ഭക്തന്റെ തീര്‍ഥാടന യാത്രയാണ്.

ramayanam
Advertisment