Advertisment

മോദി കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക്‌ പണയം വച്ചു: രമേശ്‌ ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക്‌ പണയം വച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ എഐസിസി ആഹ്വാനപ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്‌ഭവനിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്‌ ശേഷം നടന്ന ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദഹേം.

കര്‍ഷക ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക്‌ തീറെഴുതി.കര്‍ഷകന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഈ നിയമം വന്‍കിട കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ്‌ മോദി സര്‍ക്കാര്‍ നടപ്പാക്കിയത്‌.

ഇത്‌ പ്രതിഷേധാര്‍ഹമാണ്‌.സംസ്ഥാനങ്ങളുമായി ഒരു കൂടിയാലോചനയും നടത്താതെയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിയമം പാസ്സാക്കിയത്‌. കൃഷി കണ്‍കറന്റ്‌ ലിസ്റ്റില്‍പ്പെടുന്ന വിഷയമാണ്‌. അതുകൊണ്ട്‌ തന്നെ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ഈ വിഷയത്തില്‍ പ്രസക്തിയുണ്ട്‌.

കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഫെഡറല്‍ സംവിധാനത്തിന്‌ മേലുള്ള കടന്നുകയറ്റമാണ്‌. യുഡിഎഫ്‌ എംപിമാര്‍ ഈ കരിനിയമത്തിനെതിരെ ശക്തമായ പോരാട്ടമാണ്‌ നടത്തിയതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

publive-image

സംസ്ഥാനത്ത്‌ കോവിഡ്‌ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുഡിഎഫ്‌ പ്രത്യക്ഷ സമരങ്ങളില്‍ നിന്നും തല്‍ക്കാലത്തേക്ക്‌ പിന്‍മാറുകയാണെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു.

കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ മ്യൂസിയം പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും രാജ്‌ഭവനിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവര്‍ രാജ്‌ഭവനിലെത്തി ഗവര്‍ണ്ണറെ കണ്ട്‌ നിവേദനം നല്‍കി.

മുന്‍ കെപിസിസി പ്രസിഡന്റ്‌ എംഎം ഹസ്സന്‍, വിഎസ്‌ ശിവകുമാര്‍ എംഎല്‍എ, കെപിസിസി വൈസ്‌ പ്രസിഡന്‍റ് മണ്‍വിള രാധാകൃഷ്‌ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെപി അനില്‍കുമാര്‍, പാലോട്‌ രവി, മണക്കാട്‌ സുരേഷ്‌, സക്കീര്‍ ഹുസൈന്‍, ഡിസിസി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍, സെക്രട്ടറിമാരായ പിഎസ് .പ്രശാന്ത്‌, ആറ്റിപ്ര അനില്‍, ഡോ. ജിവി ഹരി, ജോണ്‍, കെഎസ്. ഗോപകുമാര്‍, വിനേഷ്യസ്‌, സൈമണ്‍ അലക്‌സ്‌, ബിആര്‍ എം ഷഫീര്‍, അന്‍സജിതാ റസ്സര്‍, വിഎസ് .ഹരീന്ദ്രനാഥ്‌, മുടവന്‍മുകള്‍ രവി, എംഎ ലത്തീഫ്‌, മുന്‍മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ramesh chennithala
Advertisment