Advertisment

മന്ത്രിമാരുടെ വിദേശ പണപ്പിരിവിനെതിരെ ചെന്നിത്തല. വിദേശങ്ങളില്‍ പോയി മന്ത്രിമാര്‍ പണപ്പിരിവ് നടത്തുന്നത് നിയമവിരുദ്ധമെന്നും പ്രതിപക്ഷ നേതാവ്

New Update

publive-image

Advertisment

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോയി മന്ത്രിമാര്‍ പണപ്പിരിവ് നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.ഇയില്‍ പോയി പണം പിരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അവിടെ പണം പിരിക്കുന്നതിന് നടപടി ക്രമങ്ങളും നിയമപ്രശ്‌നങ്ങളുമുണ്ട്. പണപ്പിരിവിന് നയതന്ത്ര അനുമതി വേണം. വെറുതെ അങ്ങ് പോയി ആളുകളെ കണ്ട് പണം പിരിക്കാനാവില്ല.

ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ ചാടിക്കയറി അഭിപ്രായം പറയുകയും പണപ്പിരിവിന് പോവുകയും ചെയ്യുന്നത് ശരിയായ ആലോചനയില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏതെങ്കിലും ഒരു വിദേശ രാജ്യം സഹായ വാഗ്ദാനം നല്‍കിയാല്‍ അത് സ്വീകരിക്കില്ലെന്ന് പറയുന്ന കേന്ദ്രനടപടി ശരിയല്ല. അങ്ങനെയെങ്കില്‍ ആ സഹായത്തിന് ആനുപാതികമായ സഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയാണ് അഭികാമ്യമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപ്പിരിവിനായി ജില്ലാ തലങ്ങളില്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമിച്ച നടപടി ശരിയല്ല. പ്രളയമുണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് നിര്‍ലോഭമായ സഹായമാണ് ഉണ്ടായത്. സ്വമേധയാ മുന്നോട്ടുവന്നാണ് ജനങ്ങള്‍ സഹായം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ 1300 കോടി ലഭിച്ചതും ജനങ്ങളുടെ സഹകരണം കൊണ്ടാണ്. ഈ സാഹചര്യത്തില്‍ നിര്‍ബന്ധപ്പിരിവ് വേണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം.

ഓണക്കാലത്ത് പോലും വരുമാനം ലഭിക്കാത്ത കച്ചവടക്കാര്‍, സ്‌കൂളുകള്‍, ഒരുമാസത്തെ ശമ്പളം മാറ്റിവെയ്ക്കാന്‍ കഴിയാത്ത ജീവനക്കാര്‍ എന്നിവരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിക്കരുത്. കഴിവുള്ളവര്‍ നല്‍കട്ടെയെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. ആര്‍ഭാടം ഒഴിവാക്കിയും ചെലവു കുറച്ചുമാണ് കേരള നവനിര്‍മ്മിതിക്ക് പണം കണ്ടെത്തേണ്ടത്.

സ്‌കൂള്‍ കലോല്‍സവം, കായികമേള തുടങ്ങിയ റദ്ദാക്കിയ നടപടി ഉചിതമായില്ല. കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടുമെങ്കില്‍ ചെലവ് കുറച്ച് അവ നടത്തുകയാണ് വേണ്ടത്. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ പോലും ചലച്ചിത്രമേള നടത്തിയതാണ്. അത് അക്കാദമിയുടെ ചെലവില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ramesh chennithala
Advertisment