Advertisment

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം - ചെന്നിത്തല

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഓരോദിവസവും ആര്‍ക്കൊക്കെയാണ് നല്‍കുന്നത് എന്നതിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാര തുക വിതരണം സുതാര്യവും ശാസ്ത്രീയവും യുക്തിഭദ്രവുമാകണമെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ് അഭികാമ്യം.

ദുരിതാശ്വാസ വിതരണത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയവര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. ആദ്യം പ്രഖ്യാപിച്ച ആയിരം രൂപ കുറച്ചുപേര്‍ക്ക് കിട്ടി. പിന്നീട് പ്രഖ്യാപിച്ച 3800 രൂപ 40 ശതമാനത്തില്‍ താഴെ ആളുകള്‍ക്കേ ലഭിച്ചിട്ടുള്ളൂവെന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തരുതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച 'പ്രളയാനന്തര കേരളം' മുഖാമുഖം പരിപാടിയില്‍ ചെന്നിത്തല വ്യക്തമാക്കി.

പ്രളയദുരന്തത്തില്‍ നിന്ന് കേരളം കയറുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളാണ് ആവിഷ്‌ക്കരിക്കേണ്ടത്. ഇതില്‍ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതിനായി സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായം വേണം. യഥാര്‍ത്ഥ നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാരം നല്‍കണം. ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് ലഭിച്ച തുക പോലും ചെലവഴിക്കാത്ത സര്‍ക്കാരാണിത്. പ്രളയ ദുരിതാശ്വാസത്തില്‍ അത്തരം വീഴ്ചകള്‍ പാടില്ല.

വീട് നശിച്ചവര്‍ക്ക് പകരം വീട് നല്‍കണം. അതിനായി സന്നദ്ധ സംഘടനകളുടെ സഹകരണം തേടണം. കൃഷിനാശം സംഭവിച്ചവര്‍ക്ക് വീണ്ടും കൃഷിയിറക്കാന്‍ പ്രത്യേക പദ്ധതിയും മേല്‍ത്തരം വിത്തുകളും വളവും സൗജന്യമായി നല്‍കണം. ഇപ്പോള്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഗുണം ചെയ്യില്ല. ബാങ്കുകളുടെ നിസഹകരണം കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം. കന്നുകാലികള്‍, താറാവ്, കോഴി എന്നിവയില്‍ നിന്നുള്ള വരുമാനം നിലച്ചതിനാല്‍ അതിന് ആനുപാതികമായ നഷ്ടപരിഹാരം നല്‍കണം. തകര്‍ന്ന റോഡുകളും പാലങ്ങളും സമയബന്ധിതമായി പുനര്‍നിര്‍മ്മിക്കാനുള്ള നടപടികളും ഹ്രസ്വകാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മഹാദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കാണ് കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് ശരിയായ പഠനം നടത്തി മാര്‍ഗ്ഗരേഖയും ഫഌഡ് മാപ്പും തയാറാക്കണം. ഡാമുകളില്‍ വെള്ളം ഉയരുന്നതിന്റെയും ഒഴുക്കിവിടുമ്പോള്‍ എടുക്കേണ്ട മുന്നൊരുക്കങ്ങളും ജനങ്ങള്‍ക്കുള്ള ബോധവത്ക്കരണവുമെല്ലാം ഉള്‍പ്പെടുത്തി ഡാം എമര്‍ജന്‍സ് ആക്ടീവ് പ്ലാന്‍ തയാറാക്കണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പഠനം നടത്തണം. അപകടമേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണം. രക്ഷാദൗത്യത്തെക്കുറിച്ച് മുന്‍കൂട്ടി ധാരണവേണം. പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും മറ്റ് രക്ഷാപ്രവര്‍ത്തകരെയും സജ്ജമാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിസ്ഥിതിലോല മേഖലകളില്‍ വന്‍കിട നിര്‍മ്മാണം അനുവദിക്കരുത്. ജനവാസ മേഖലകളില്‍ ക്വാറികളുടെ അപകടകരമായ പ്രവര്‍ത്തനം നിരോധിക്കണം. നദികള്‍, പുഴകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കി ആഴം കൂട്ടണം. ഡാമുകളുടെ സംഭരണ ശേഷി കൂട്ടാനായി ചെളി നീക്കണം. കുട്ടനാട്ടിലെ ജലനിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ തുറന്ന് വെള്ളമൊഴുക്ക് സാധ്യമാക്കണം.

തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേകള്‍ ഓരോ സീസണിലും യഥാസമയം തുറന്നുവിടണം. പുനരധിവാസത്തിനായി കേന്ദ്രസഹായം പരമാവധി ഉപയോഗപ്പെടുത്തണം. നദീതീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. കേരള പുനര്‍നിര്‍മ്മിതിക്കായി എഞ്ചിനിയര്‍മാര്‍, ഐ.ടി വിദഗ്ധര്‍, പ്രൊഫഷണല്‍സ് എന്നിവര്‍ ഉള്‍പ്പെടുന്ന പൂള്‍ ഉണ്ടാക്കി അവരുടെ സേവനം തേടണം. ദുരന്തനിവാരണ അതോറിറ്റി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ramesh chennithala
Advertisment