Advertisment

ചെന്നിത്തല എന്തൊക്കെ ഉന്നയിച്ചിട്ടുണ്ടോ അതൊക്കെ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുമുണ്ട് ! അതിനിയും വരാനിരിക്കുന്നു. സര്‍ക്കാരിന്‍റെ നേട്ടത്തെ കടത്തിവെട്ടുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ റദ്ദാക്കല്‍ നേട്ടങ്ങള്‍ ! വെറുതെയല്ല ചെന്നിത്തലക്കെതിരെയുള്ള സൈബര്‍ ആക്രമണം. അന്ന് വിഎസ് എന്തായിരുന്നു ? ഇന്ന് ചെന്നിത്തലയും അങ്ങനെതന്നെ ? സിപിഎമ്മിന്റെ കയ്യബദ്ധം രമേശിന് നല്‍കുന്നത് ഉയര്‍ത്തെഴുന്നേല്‍പ്പാകുമോ ?

New Update

publive-image

Advertisment

ഇരുപത്തി ഒന്‍പതാം വയസിൽ മന്ത്രിയായ രമേശ് ചെന്നിത്തല, ഒരു തിരഞ്ഞെടുപ്പിലും പാർട്ടിയെ തോൽപിക്കാത്ത കെപിസിസി പ്രസിഡണ്ട് , കേരളരാഷ്ട്രീയത്തിലെ കുശാഗ്ര ബുദ്ധിജീവി . ശരിക്കും ഇടതുപക്ഷത്തെ ട്രോളർമാരും സൈബർ സിണ്ടിക്കേറ്റുകാരും ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണ്, ഒപ്പം പോക്രിത്തരവും .

മണ്ടത്തരം എന്ന് പറയുവാനുള്ള കാരണം കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടതുപക്ഷം ആരെയൊക്കെയോ ടാർജറ്റ് ചെയ്തുകൊണ്ട് അക്രമിച്ചിട്ടുണ്ടോ അധിക്ഷേപിച്ചിട്ടുണ്ടോ അവരൊക്കെ ഇടതിന്റെ കണ്ണിലെ കരടായി മാറിയ അവസ്ഥ കരുണാകരനിൽ നിന്നും തുടങ്ങിവെച്ചതാണ്.

ഒട്ടേറെ കരിങ്കാലി വിളികൾ കേട്ടുകൊണ്ട് കരുണാകരൻ കേരളത്തിൽ അജയ്യനായി വളർന്നു. കുഞ്ഞാലിക്കുട്ടി ഏറെ കളിയാക്കലുകളിലും വിമർശനങ്ങളും അകപ്പെട്ടുവെങ്കിലും ഇന്നിപ്പോൾ ആർക്കും തോൽപ്പിക്കാനവാതെ ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു . അതുപോലെ രമേശിനെ സിപിഎം സൈബർ സിണ്ടിക്കേറ്റുകാർ എടുത്തിട്ട് പെരുമാറുമ്പോൾ സൂക്ഷിക്കുക. അദ്ദേഹം വളർന്നുകൊണ്ടേയിരിക്കുന്നു !

അന്ന് വി എസ്. ഇന്ന് രമേശ്‌ ?

ചെന്നിത്തലയുടെ നല്ല കാലം തുടങ്ങാന്‍ പോകുകയാണോ എന്ന് സംശയിക്കണം ! വി എസും അങ്ങനെയായിരുന്നു. വി എസിന്‍റെ മുഖം കണ്ടാല്‍ ടി വി ഓഫാക്കുന്ന ഘട്ടത്തില്‍ നിന്ന് അദ്ദേഹം കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വളര്‍ന്നത് മാസങ്ങള്‍കൊണ്ടാണ്. എന്ന് പറഞ്ഞതുപോലാണ് ചെന്നിത്തലയുടെ കാര്യം ഇപ്പോള്‍. സിപിഎം  സൈബര്‍ സിണ്ടിക്കേറ്റുകാര്‍ അദ്ദേഹത്തെപ്പറ്റി ഇനി പറയാന്‍ ഒന്നും ബാക്കിയില്ല.

എങ്കിലും, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഭരണചക്രം ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത് . വിഷ്ണു പ്രണോയ് വിഷയത്തിലും പ്രളയങ്ങളിലും നിപ്പയിലും ഓഖിയിലും കിഫ്ബിയിലും കൊറോണയിലും സ്‌പ്രിംഗ്‌ളറിലും ഒക്കെ അദ്ദേഹം നയിച്ച വഴികളിലൂടെയാണ് കേരളം പോയിക്കൊണ്ടിരിക്കുന്നത് .

publive-image

ചെന്നിത്തല ഉന്നയിക്കുന്നു, സര്‍ക്കാര്‍ റദ്ദാക്കുന്നു, എണ്ണിക്കോ ! 

ആദ്യം ചെന്നിത്തല പൊട്ടിച്ച ബന്ധു നിയമന വിവാദത്തില്‍ പിണറായി സര്‍ക്കാരിന്‍റെ ആദ്യ വിക്കറ്റ് വീണു , മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചു. പിന്നെ ബ്രൂവറി. ആരോപണം സര്‍ക്കാര്‍ സമ്മതിച്ചു, ഇടപാട് റദ്ദാക്കി .

അടുത്തത്  പരീക്ഷാ ക്രമക്കേട്/ മാര്‍ക്ക് ദാനം - സര്‍ക്കാരിന് സമ്മതിക്കേണ്ടി വന്നു, മാര്‍ക്ക് ദാനം റദ്ദാക്കി. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ താക്കീത് ചെയ്യുകയും ചെയ്തു. മന്ത്രിയുടെ രാജി മാത്രമാണ് ഒഴിവായത്.

അടുത്തത് , പൊലീസിന്‍റെ നിരീക്ഷണ ക്യാമറകളുടെ കാര്യത്തിലെ കുംഭകോണം. സര്‍ക്കാരിന് അതും സമ്മതിക്കേണ്ടി വന്നു. ഇടപാട് റദ്ദാക്കി. സ്പ്രിംഗ്ലര്‍ അഴിമതി. പൂര്‍ണ്ണമായും ഇടപാട് റദ്ദാക്കിയതായി കോടതിയില്‍ 'അച്ചാ പോറ്റി' എഴുതി കൊടുത്തു.

ആദ്യ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന് ചെന്നിത്തല പറഞ്ഞപ്പോള്‍ എന്തൊരു ഭൂകമ്പമായിരുന്നു. പിന്നീട് ഈ രംഗത്ത് രാജ്യം കണ്ട ഏറ്റവുംവലിയ വിദക്ദ്ധനായ ഇ ശ്രീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തി. കോടതിപോലും വാക്കാല്‍ അത് സമ്മതിച്ചു.

പ്രളയ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ എന്തൊരു പുകിലായിരുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ ഉത്തരവാദിത്വപ്പെട്ട ചുമതല വഹിക്കുന്ന സഖാവും ഭാര്യയും പ്രളയ ഫണ്ട് കട്ടതിന് അഴിയെണ്ണുന്നു.

പവര്‍ഗ്രിഡ്‌ അഴിമതി - അതും സമ്മതിക്കേണ്ടിവന്നു. ഇപ്പോള്‍ ബിവികോ ആപ്പ്. അതിന്‍റെ ബാക്കി കാണാനിരിക്കുന്നതേയുള്ളൂ. ഉന്നയിച്ചത് ചെന്നിത്തല ആണെങ്കിലും ആ തട്ടിപ്പും സര്‍ക്കാര്‍  തിരുത്തും. കാരണം അതിനുള്ള തെളിവുകള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ എത്തിയിട്ടുണ്ടാകും. കൊറോണയുടെ കാര്യത്തില്‍ ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ ചെന്നിത്തലയെ ഓടിനടന്ന് ട്രോളുകയാണ്. കാത്തിരിക്കുക, അതിനുള്ള വെടിമരുന്നുകള്‍ കൃത്യമായ തെളിവുകളോടെ കണ്ടോന്‍മെന്‍റ്റ്  ഹൗസില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.

publive-image

പ്രതിപക്ഷ നേതാവിന്‍റെ നേട്ടങ്ങള്‍ ചരിത്രമാകുമോ ?

അങ്ങനെ ഇനിയും ബാക്കിയുണ്ട്. അതൊക്കെ പോട്ടെ ! ഒരു സര്‍ക്കാരിനെതിരെ ഇത്രയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുകയും അതെല്ലാം ശരിയെന്നു സമ്മതിച്ചു സര്‍ക്കാരിന് അത് തിരുത്തേണ്ടി വരികയും ചെയ്ത സംഭവം കേരളത്തിലെ ഏതെങ്കിലും ഒരു സര്‍ക്കാരിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ?

ഇത്രയും വിവാദങ്ങള്‍ ഉന്നയിച്ചു അതെല്ലാം സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കുകയും റദ്ദാക്കിക്കുകയും ചെയ്ത ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ വേറെ ആരുണ്ട്‌ . ഉണ്ടെങ്കില്‍ എണ്ണി പറയണം . എന്നിട്ടും ചെന്നിത്തലയെ സംഘി എന്ന് വിളിക്കുന്നു. കോമാളിയെന്നു കളിയാക്കുന്നു. അപ്പോള്‍ സംഘി പറഞ്ഞതുകൊണ്ടാണോ പിണറായി സര്‍ക്കാര്‍ ചെന്നിത്തല പറഞ്ഞതൊക്കെ തിരുത്തിയത്. കോമാളി പറഞ്ഞതുകൊണ്ടാണോ സര്‍ക്കാര്‍ അതെല്ലാം അനുസരിച്ചത്. നിങ്ങള്‍ അത്രയേ ഉള്ളോ ?

എന്നിട്ടും അദ്ദേഹത്തെ ട്രോളർമാർ പൊരിക്കുമ്പോൾ അദ്ദേഹത്തിന് ആശ്വസിക്കാം . സിപിഎം എന്നൊക്കെ ആരെയൊക്കെ വളഞ്ഞിട്ട് അക്രമിച്ചിട്ടുണ്ടോ അവരൊക്കെ ഒന്നാമതായി വന്നിട്ടുണ്ട് . ചെന്നിത്തല പിണറായിക്കൊപ്പം പൗരത്വ സമരത്തിൽ പങ്കെടുത്തപ്പോൾ പാർട്ടിയിൽ നിന്നും പ്രസിഡന്റിൽ നിന്നും കുറെ അണികളിൽ നിന്നും വളരെയേറെ വിമർശനങ്ങൾ ഏറ്റു വാങ്ങിയ ആളാണ് .

അതുകൂടാതെ സൈബർ സിണ്ടിക്കേറ്റുകാർ അദ്ദേഹത്തെ ആർഎസ്എസുകാരനാക്കുവാൻ വളരെയേറെ ശ്രമിച്ചിട്ടുണ്ട് . അതുപോലെ തിരിച്ചും ജയരാജനും പിണറായിക്കുമെതിരെ ആർഎസ്എസ് പേരുദോഷം തലയിൽ വന്നു പതിച്ചപ്പോഴാണ് ചെന്നിത്തല ആ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടത് .

publive-image

കോണ്‍ഗ്രസിനെ തോല്‍ക്കാതെ നയിച്ചവന്‍

കേരളത്തിൽ കോൺഗ്രസ്സിനെ എല്ലാവരും കയ്യൊഴിഞ്ഞു പോയസമയത്ത് , ചെന്നിത്തല കോട്ടയം പാര്ലമെന്റ് മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി നിന്നിരുന്ന സമയത്ത് പാർട്ടിയുടെ ചുക്കാൻ ഏറ്റെടുക്കുകയായിരുന്നു . കേരളത്തിലെ ഓരോരോ ബൂത്തിലെയും മണ്ഡലത്തിലെയും പ്രസിഡന്റുമാരെയും ഫോണിൽ വിളിച്ചുകൊണ്ടും നേരിൽ കണ്ടുകൊണ്ടും പാർട്ടിയെ ഒമ്പതുകൊല്ലത്തോളം ഒരു തോൽവിയും ഇല്ലാതെ മുന്നിലേക്ക് നയിക്കുകയായിരുന്നു .

പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടന്ന പുറ്റിങ്ങൽ വെടിക്കെട്ടുദുരന്തം ആരുടെയോ വമ്പൻ ആസൂത്രണമായിരുന്നു എന്ന് സംശയിക്കുന്നവര്‍ ഉണ്ട് . ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയകലാപം കേരളത്തിൽ നടപ്പിലാക്കുവാനുള്ള ആ പ്ലാൻ ഇല്ലാതാക്കിയത് ചെന്നിത്തലയുടെ മാത്രം കഴിവ് ആയിരുന്നു . കൂടെയുണ്ടായിരുന്ന ഡിജിപി അദ്ദേഹത്തിന് പറ്റിയ ഒരു അബദ്ധമായിരുന്നു എന്നൊക്കെ മനസിലാക്കിയത് അങ്ങനെയുള്ള ചില സംഭവങ്ങളിൽ നിന്നായിരുന്നു .

ബന്ധങ്ങൾ എന്നും സൂക്ഷിച്ചിരുന്ന ചെന്നിത്തല , പ്രതിപക്ഷമായും വളരെ ആരോഗ്യമായ അടുപ്പമാണ് ഉണ്ടാക്കിയിരുന്നത് . പ്രതിപക്ഷ ബഹുമാനം ഉള്ളതുകൊണ്ട് മാത്രമാണ് ടിപി കേസിലെ കൊമ്പൻ സ്രാവുകളെ തേടി പോകാതിരുന്നത് . ടിപി കൊലചെയ്യപ്പെട്ട ആ നിമിഷം വടകരയിൽ എത്തുകയും അന്നുതന്നെ സമരവും സത്യഗ്രഹവും പ്രഖ്യാപിക്കുകയും ചെയ്തയാളാണ് അദ്ദേഹം  .

അകത്തായ സിപിഎം നേതാക്കള്‍ ആ കൊലപാതകം പ്ലാൻ ചെയുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല കെപിസിസിയുടെ ശക്തമായ ഇടപെടൽ . സാധാരണമായ ഒരു കണ്ണൂർ കൊലപാതകം പോലെ അതും എല്ലാവരും എഴുതിത്തള്ളും എന്ന് കരുതി പ്ലാൻ ചെയ്തത് ഒരു കോലാഹലമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രമേശ്‌ ആയിരുന്നു . കോൺഗ്രസ്സിന്റെ ചരിത്രത്തിൽ തന്നെ ഒരു കോൺഗ്രസ്സുകാരന്റെ മരണത്തേക്കാൾ കോൺഗ്രസ്സുകാർ ടിപി വധം സമൂഹത്തിൽ നിലനിർത്തി . സിപിഎം കിടുങ്ങിയതും മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയേണ്ടി വന്നതും ആ തീരുമാനങ്ങളിൽ നിന്നുമായിരുന്നു .

publive-image

കരുണാകരന്‍ കൈപിടിച്ച് നടത്തിയ ശിഷ്യന്‍ 

കരുണാകരന് ജനിക്കാതെ പോയ മകൻ ആണെന്ന് വരെ കോൺഗ്രസുകാർ പറഞ്ഞിരുന്ന ചെന്നിത്തല , കെ മുരളീധരന്റെ രംഗ പ്രവേശത്തിൽ

തിരുത്തൽവാദ ഗ്രൂപ്പിനെ ഉണ്ടാക്കിയെടുത്തെങ്കിലും പിന്നീട് കെ കരുണാകരനെ നേരിൽ പോയിക്കണ്ട് മാപ്പ് പറയുകയും ചെയ്തിരുന്നു . പശ്‌ചാത്താപമെന്നോണം കെ മുരളീധരനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ മുൻ കൈ എടുത്തതിൽ ഒരാൾ ചെന്നിത്തലയുമായിരുന്നു. ലീഡറെപ്പോലെ ആശ്രിത വത്സലന്‍.

നിലപാടുകളിൽ കർക്കശ്യക്കാരനായിരുന്ന അദ്ദേഹം പാർട്ടിയെ പരിപോക്ഷിപ്പിക്കുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു . വീക്ഷണം രണ്ടാമതും പ്രസിദ്ധീകരണം ആരംഭിച്ചതും ജയ്‌ഹിന്ദ്‌ എന്ന പാർട്ടി ചാനൽ ആരംഭിച്ചതുമൊക്കെ അതിന്റെ ഭാഗമായിരുന്നു . സൈബർ മേഖലയിലും അദ്ദേഹം കുറെയധികം പോരാളികളെ സൃഷ്ടിച്ചിട്ടുണ്ട് .

പ്രതിവർഷം പത്തുലക്ഷം പേർക്ക് തൊഴിൽ എന്നുപറഞ്ഞു അധികാരത്തിൽ കയറിയ നായനാരെ ഞെട്ടിച്ചുകൊണ്ട് കാസർഗോട്ട് മുതൽ തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിലാണ് കേരള രാഷ്ട്രീയം രമേശ്‌ ചെന്നിത്തല എന്ന രാഷ്ട്രീയ ശക്തി തിരിച്ചറിഞ്ഞത് .

ഇന്നിപ്പോൾ കേരളത്തിന്റെ മുഖ്യമന്തിയാകുവാൻ ഏറ്റവും യോഗ്യനായ രമേശ് ചെന്നിത്തലക്ക് ഒരു ദിവസം വൈകിയാണെങ്കിലും പിറന്നാൾ ആശംസകൾ നേരുന്നു .

ഒരിക്കൽ അബുദാബി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് ചെന്നിത്തലയെ സ്വന്തം കാറിൽ കൊണ്ടുവന്ന ഓർമ്മകളുമായി ദാസനും

ചെന്നിത്തലക്കെതിരെ ട്രോളുകൾ തയാറാക്കുന്ന സൈബർ സിൻഡിക്കറ്റ് അംഗം പോരാളി വിജയനും

dasanum vijayanum ramesh chennitha
Advertisment