Advertisment

ഇടുക്കി ജില്ലയിലെ പട്ടയഭൂമിയുടെ ക്രയവിക്രയത്തിനും പട്ടയഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണം: രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയുടെ ക്രയവിക്രയത്തിനും പട്ടയഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ഇടതുപക്ഷ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അടിയന്തിരമായി പിന്‍വലിച്ച് ജില്ലയിലെ കര്‍ഷകരുടെ ആശങ്ക അകറ്റുവാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉതയിച്ചുകൊണ്ട് ഇടുക്കി ഡി.സി.സി.യുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനുമുമ്പില്‍ നടത്തിയ ഏകദിന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മറ്റു പതിമൂന്നു ജില്ലകള്‍ക്കുമില്ലാത്ത നിയന്ത്രണങ്ങള്‍ ഉടനീളെ കര്‍ഷകരുടെ കൈവശഭൂമിയുടെ പട്ടയങ്ങള്‍ക്കേര്‍പ്പെടുത്തിയത് ജില്ലയിലെ കര്‍ഷകരോടുള്ള കടുത്ത നടപടിയാണെന്നും ഇത് അടിയന്തിരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

പട്ടയങ്ങളുടെ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണ് പുതിയ ഉത്തരവിലൂടെ ചെയ്തിരിക്കുന്നത്.

1964-ലെയും 1993-ലെയും ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരമാണ് കേരളത്തില്‍ പട്ടയങ്ങള്‍ നല്കിയിട്ടുള്ളത്. 55 വര്‍ഷങ്ങള്‍ക്കുമുമ്പ് അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്കിയ പട്ടയങ്ങളില്‍ പതിച്ചുനല്കിയ ഭൂമി കൃഷി ചെയ്യുന്നതിനും വീട് വയ്ക്കുന്നതിനുംമാത്രമാണ് ചട്ടങ്ങളില്‍ അനുമതി നല്കിയിട്ടുള്ളത്.

എന്നാല്‍ ഈ ചട്ടമനുസരിച്ചുതന്നെയാണ് കേരളത്തിലെമ്പാടുമുള്ള ഭൂമികളില്‍ കെട്ടിടങ്ങളും കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളും സ്‌കൂളുകളും ആരാധനാലയങ്ങളും, ഹോസ്പിറ്റലുകളും, സര്‍ക്കാര്‍ ഓഫീസുകളും പണി തീര്‍ത്തിരിക്കുന്നത്.

ഈ പട്ടയം ഉപയോഗിച്ച് ഇടുക്കി ജില്ലയില്‍ മാത്രം ഇത്തരം നിര്‍മ്മിതികള്‍ നടത്തുവാന്‍ പാടില്ല എന്ന് 22/08/2019-ല്‍ ഇടുക്കി ജില്ലയ്ക്കു മാത്രമായി ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി വ്യവഹാരത്തിലേയ്ക്ക് എത്തപ്പെട്ടിരിക്കുന്നതും, സംസ്ഥാനവ്യാപകമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കോടതി ഉത്തരവിലേയ്‌ക്കെത്തിച്ചിരിക്കുന്നതും.

സംസ്ഥാനവ്യാപകമായി നടപ്പിലാക്കാത്ത ഒരു നിയമം ഇടുക്കി ജില്ലയില്‍ മാത്രമായി നടപ്പിലാക്കാന്‍ കഴിയില്ലായെന്ന് കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകാതെ ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.

ഈ സര്‍ക്കാര്‍ നടപടിക്കെതിരെ ജില്ലയില്‍ ഉയര്‍ന്നുവന്ന സമരങ്ങള്‍ക്കൊടുവില്‍ ഈ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ 17/12/196-ല്‍ സര്‍ക്കാര്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ, കര്‍ഷക സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സര്‍വ്വകക്ഷി യോഗം നടത്തി എടുത്ത തീരുമാനപ്രകാരം നിലവിലുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കാമെന്ന് തീരുമാനമെടുത്തിരുന്നു.

എന്നാല്‍ എട്ടുമാസമായിട്ടും യാതൊരു നടപടികളും ടി യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളാതിരുന്നതിനാല്‍ കോടതിയില്‍ നിന്നും നിരന്തരം സര്‍ക്കാര്‍ തിരിച്ചടി നേരിടുകയാണ്.

ആയതിനാല്‍ എത്രയും വേഗം ചട്ടഭേദഗതിയിലൂടെ ഇടുക്കിയിലെ കര്‍ഷകര്‍ക്കനുകൂലമായി നിലപാടെടുക്കണമെന്ന് സത്യാഗ്രഹസമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഈ മാസം 12-ന് ഈ ആവശ്യമുന്നയിച്ചുകൊണ്ട് ജില്ലയില്‍ തുടര്‍സമരങ്ങള്‍ ആരംഭിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ഇബ്രാഹംകുട്ടി കല്ലാര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 12-ന് അഡ്വ.ഇ.എം.ആഗസ്തി എക്‌സ് എം.എല്‍.എ. കട്ടപ്പനയിലും, സെപ്റ്റംബര്‍ 13-ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ നെടുങ്കണ്ടത്തും, സെപ്റ്റംബര്‍ 14-ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി റോയി കെ.പൗലോസ് പീരുമേട്ടിലും സെപ്റ്റംബര്‍ 15-ന് എ.കെ.മണി അടിമാലിയിലും ഉപവാസമനുഷ്ഠിക്കും.

ഇതിനുശേഷം ഡീന്‍ കുര്യാക്കോസ് എം.പി. ജില്ലാ ആസ്ഥാനത്ത് ഉപവാസമനുഷ്ഠിക്കും. യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷത വഹിച്ചു.

സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാര്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് 45000 പട്ടയങ്ങള്‍ നല്കി ഇടുക്കിയിലെ കര്‍ഷകരെ സംരക്ഷിച്ചതുപോലെ പട്ടയത്തിലെ നിബന്ധനകള്‍ നീക്കുവാന്‍ യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാപനാസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ റോയി കെ.പൗലോസ്, ഡോ. മാത്യു കുഴല്‍നാടന്‍, അഡ്വ.ഇ.എം.ആഗസ്തി എക്‌സ് എം.എല്‍.എ., തിരുവനന്തപുരം ഡി.സി.സി. നെയ്യാറ്റിന്‍കര സുനില്‍, ജില്ലാ ചെയര്‍മാന്‍ അഡ്വ.എസ്. അശോകന്‍ കെ.പി.സി.സി. എക്‌സി അംഗം എം.കെ. പുരുഷോത്തമന്‍, തോമസ് രാജന്‍, ജോയി വെട്ടിക്കുഴി, അഡ്വ.സിറിയക് തോമസ് ജെയ്‌സന്‍ കെ. ആന്റണി, ഷാജി പൈനാടത്ത്, അബ്ദുള്‍ റഷീദ്, മനോജ് മുരളി, സി.എസ്. യശോദരന്‍, ബെന്നി പെരുവന്താനം, പി.ആര്‍. അയ്യപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ramesh chennithala
Advertisment