കൊടിയേരിയുടെ കല്ലേറിൽ രാഷ്ട്രീയ അടിത്തറ ഉറപ്പിച്ച് ചെന്നിത്തല ! ആർഎസ്എസ് വിവാദത്തിന്റെ പ്രതിഫലനം ഇങ്ങനെ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 31, 2020

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആർഎസ്എസ് ആരോപണത്തിൽ ചെന്നിത്തലയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി രംഗത്ത്.

ആരോപണത്തിൽ കോടിയേരിക്ക് നേരിട്ട് മറുപടി പറയുന്നതിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുനിന്ന ചെന്നിത്തല കോൺഗ്രസിലെ സഹപ്രവർത്തകരെക്കൊണ്ട് വിഷയം ഏറ്റെടുപ്പിക്കുന്നതിൽ വിജയിച്ചു.

പാർട്ടി മുഖപത്രമായ വീക്ഷണമാണ് കോടിയേരിയുടെ ലേഖനത്തിന് മറുലേഖനം എഴുതിയത്. ജയ്‌ഹിന്ദും വിഷയം ഏറ്റെടുത്തു.

കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ തന്നെ രൂക്ഷമായ പ്രതികരണവുമായി ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തി. വി ടി ബൽറാം, ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ തുടങ്ങിയ പാർട്ടിയിലെ യുവപോരാളികൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രതികരണങ്ങൾക്ക് ലൈക്കും ഷെയറും പതിനായിരങ്ങളാണ്.

ആയിരക്കണക്കിന് സൈബർ പോരാളികളാണ് രമേശ് ചെന്നിത്തലയ്ക്കായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഇതോടെ ഈ വിവാദങ്ങളിലും പാർട്ടിയെ തന്റെ പിന്നിൽ ഒറ്റക്കെട്ടായി നിർത്തുന്നതിൽ ചെന്നിത്തല വീണ്ടും വിജയിക്കുകയാണ്.

സർക്കാരിനെതിരെ അദ്ദേഹം കൊണ്ടുവന്ന വിവാദങ്ങളോടുള്ള സിപിഎം പ്രതികാരമാണ് ചെന്നിത്തലയ്‌ക്കെതിരെയുള്ള നീക്കങ്ങളെന്ന പൊതു വികാരം ഉണ്ടാക്കാൻ കഴിഞ്ഞതും രാഷ്ട്രീയമായി പ്രതിപക്ഷ നേതാവിന് ഗുണം ചെയ്യും.

×