Advertisment

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വീണ്ടും അകലുന്നു ? മാണിയുടെ പിണക്കം തീര്‍ക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കാന്‍ മുന്നില്‍ നിന്ന ചെന്നിത്തല വിവാദമായപ്പോള്‍ എല്ലാം ഉമ്മന്‍ചാണ്ടിയുടെ തലയില്‍ ചാര്‍ത്തിയെന്നു എ ഗ്രൂപ്പ്. പ്രതിക്ഷേധം ചെന്നിത്തലയെ നേരിട്ട് അറിയിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം : രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്ത ശേഷം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നേതാക്കളെ കണ്ട് എല്ലാ കുറ്റങ്ങളും ഉമ്മന്‍ചാണ്ടിയുടെ മേല്‍ ചാര്‍ത്തുകയാണെന്ന ആരോപണവുമായി എ ഗ്രൂപ്പ്. കേരളാ കോണ്‍ഗ്രസുമായി ഉണ്ടായിരുന്ന പിണക്കം പരിഹരിക്കാന്‍ ചെന്നിത്തല മുന്‍കൈയെടുത്ത് ഉണ്ടാക്കിയ സീറ്റ് ധാരണയുടെ പഴി അവസാനം ഉമ്മന്‍ചാണ്ടിയുടെ മേല്‍ ചാര്‍ത്തുക വഴി ചെന്നിത്തല തനി സ്വഭാവം കാണിച്ചിരിക്കുകയാണെന്നാണ് എ ഗ്രൂപ്പിന്‍റെ പരാതി. ഇക്കാര്യത്തിലുള്ള പ്രതിക്ഷേധം എ ഗ്രൂപ്പ് പ്രതിനിധികള്‍ ചെന്നിത്തലയെ നേരില്‍ക്കണ്ട് അറിയിക്കാനാണ് തീരുമാനം.

publive-image

കേരളാ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണ 4 മാസമായി നടന്ന ചര്‍ച്ചകളുടെ ഒടുവിലായിരുന്നു. തുടക്കം മുതല്‍ മാണിയുടെ ആവശ്യം രാജ്യസഭാ സീറ്റ് ആയിരുന്നു. ഇതേചൊല്ലി രണ്ടു തവണ കേരളാ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ അലസി പിരിഞ്ഞു. ഉമ്മന്‍ചാണ്ടിയായിരുന്നു ആ രണ്ടു തവണയും രാജ്യസഭാ സീറ്റ് മാണിക്ക് നല്‍കുന്നതിനു വിയോജിപ്പ്‌ അറിയിച്ചത്. പകരം രണ്ടു സീറ്റുകള്‍ ഒന്നിച്ചു യു ഡി എഫിന് ലഭിക്കുമ്പോള്‍ അതിലൊന്ന് ഉറപ്പായും മാണിക്ക് നല്‍കാം എന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി.

എന്നാല്‍ രണ്ടാം തവണ ചര്‍ച്ച അലസിപിരിഞ്ഞപ്പോള്‍ പിന്നെ ഇടപെട്ടത് രമേശ്‌ ചെന്നിത്തല ഒറ്റയ്ക്കായിരുന്നു. ബാര്‍ കോഴ കേസില്‍ കെ എം മാണിയെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പിണക്കം തീര്‍ക്കാന്‍ ലക്ഷ്യമിട്ട് ചെന്നിത്തല മുന്‍കൈയെടുത്താണ് മാണിക്ക് രാജ്യസഭ നല്‍കി പ്രശ്നം പരിഹരിക്കാം എന്ന ധാരണ ജോസ് കെ മാണിയുമായി ഉണ്ടാക്കിയതെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നു .

അങ്ങനെവന്നാല്‍ പഴയ പിണക്കത്തിന്റെ പേരില്‍ യു ഡി എഫിന്‍റെ ഭാവി കാര്യങ്ങളില്‍ കേരളാ കോണ്‍ഗ്രസ് തനിക്കെതിരെ നിലപാട് സ്വീകരിക്കരുതെന്ന ഡിമാണ്ടും ചെന്നിത്തല മുന്നോട്ടുവച്ചത്രെ  . അത് കേരള കോണ്‍ഗ്രസ്  അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

publive-image

പിന്നീട് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ നയിച്ചതും ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നായിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടന്നപ്പോഴും മാണിക്ക് രാജ്യസഭ നല്‍കുന്നതിലുള്ള വിയോജിപ്പ്‌ ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് നേരിട്ട് ചോദിച്ചാല്‍ പിജെ കുര്യന് മനസിലാകുമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ഇക്കാരണത്താലാണ് . എന്നാല്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് രമേശും എം എം ഹസനും പറഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങളിലും മുന്‍കൈയെടുത്തത് ഉമ്മന്‍ചാണ്ടിയായിരുന്നു.

publive-image

എന്നാല്‍ പ്രശ്നം പാര്‍ട്ടിയില്‍ വിവാദമായപ്പോള്‍ പിജെ കുര്യനെയും വി എം സുധീരനെയും കണ്ട് ചെന്നിത്തല എല്ലാ കുറ്റങ്ങളും ഉമ്മന്‍ചാണ്ടിയുടെമേല്‍ ചാര്‍ത്തി തലയൂരി എന്നാണ് എ വിഭാഗത്തിന്‍റെ പരാതി. പാര്‍ട്ടിയിലെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളെയും ഫോണില്‍ വിളിച്ച് ചെന്നിത്തല കൈകഴുകിയതായും എ വിഭാഗം നേതാക്കളുടെ യോഗം ആരോപണം ഉന്നയിച്ചു. ഉമ്മന്‍ചാണ്ടിക്കും ഇതില്‍ അമര്‍ഷമുണ്ട്.

publive-image

ഒടുവില്‍ കുര്യനും സുധീരനും പരസ്യമായി ചെന്നിത്തലയെ ന്യായീകരിച്ചാണ് പ്രസ്താവന നടത്തുന്നത്. കാര്യം കഴിയുമ്പോള്‍ പിന്നില്‍ നിന്നും കുത്തുന്ന നിലപാട് ഇനിയും അംഗീകരിച്ചു കൊടുക്കാന്‍ കഴിയില്ലെന്നും അങ്ങനെയെങ്കില്‍ ഐ ഗ്രൂപ്പുമായുള്ള സഹകരണ൦ തുടരാനാകില്ലെന്നാണ് എ ഗ്രൂപ്പിന്‍റെ തീരുമാനം. ഉമ്മന്‍ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം ശക്തമായി ചെറുക്കാനും തീരുമാനമുണ്ട്.

ramesh chennithala oomman chandy kpcc
Advertisment