യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ കേസ്‌; മൂന്ന് വര്‍ഷത്തിലേറെ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും 38-കാരി

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, October 17, 2020

മുംബൈ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷത്തിലേറെ പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നും 38-കാരിയുടെ പരാതിയില്‍ പറയുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ അമ്മ യോഗിത ബാലിയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മുംബൈ ഒഷിവാര പൊലീസാണ് കേസെടുത്തത്.

2015 മേയ് മാസത്തില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തിലേറെ പീഡിപ്പിച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയായി. എന്നാല്‍ മഹാക്ഷയ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി.

2018ല്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് ഇയാള്‍ പിന്മാറി. തുടര്‍ന്ന് മഹാക്ഷയയുടെ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. ഇതിന് പിന്നാലെ നടിയും മോഡലുമായ മദാലസ ശര്‍മ്മയെ മഹാക്ഷയ് വിവാഹം കഴിച്ചു.

തുടര്‍ന്ന് യുവതി ഡല്‍ഹിയിലേക്ക് താമസം മാറി. 2018 ജൂണില്‍ ഡല്‍ഹി ബേഗംപൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് കേസെടുത്തെങ്കിലും മഹാക്ഷയിയും മാതാവും മുന്‍കൂര്‍ ജാമ്യം നേടി. തുടര്‍ന്ന് 2020 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയെ യുവതി സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് യുവതി മുംബൈ ഒഷിവാര പൊലീസില്‍ പരാതി നല്‍കിയത്.

×