Advertisment

ഖത്തറിലെ അങ്കമാലി കൂട്ടായ്മയുടെ സ്നേഹസ്പര്‍ശം : റസീനയും മക്കളും ഇന്ന് സ്വന്തമായൊരു വീട്ടിലേയ്ക്ക്

New Update

publive-image

Advertisment

അങ്കമാലി : വീടില്ലാതെ രണ്ടു മക്കളുമായി ജീവിക്കുന്ന അംഗന്‍വാടിയില്‍ ജോലി ചെയ്യുന്ന പാറക്കടവ് മാമ്പ്ര സ്വദേശിനി റസീന സലീമിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമാകുന്നു.

ഭര്‍ത്താവ് പാറക്കടവ് മാമ്പ്ര ചന്ദ്രത്തില്‍ സലീമിന്റെ അനുജന്‍ ഇഷ്ടദാനമായി കൊടുത്ത മൂന്ന് സെന്റ് സ്ഥലത്ത് ഖത്തര്‍ അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്‍ പണികഴിപ്പിച്ച വീട് സ്വന്തമായി ലഭിക്കുന്നതോടെയാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.

റസീനയുടെ ഭര്‍ത്താവ് സലിം രോഗബാധിതനായി നിരവധി നാളുകളായി നടത്തിയ ചികിത്സയ്‌ക്കൊടുവില്‍ മൂന്ന് കൊല്ലം മുമ്പ് മരണമടഞ്ഞു.

ഭര്‍ത്താവിന്റെ രോഗത്തിന് ചികിത്സ നല്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് വായ്പ വാങ്ങിയ തുകകള്‍ തിരിച്ചുകൊടുക്കുന്നതിനായി റസീന താമസിച്ചിരുന്ന വീടും സ്ഥലവും വില്‍ക്കേണ്ടി വന്നു.

ഇതിനെ തുടര്‍ന്നാണ് എട്ടും അഞ്ചും വയസ്സുള്ള രണ്ട് പിഞ്ചുകുട്ടികളുമായി വാടക വീട്ടില്‍ കഴിയേണ്ടി വന്നത്. ഇത് അറിഞ്ഞ ഖത്തറിലെ അങ്കമാലി കൂട്ടായ്മയായ അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ സഹായഹസ്തവുമായി രംഗത്ത് വന്നത്.

വീട് പണിത് കിട്ടുമെന്ന് ഉറപ്പായപ്പോള്‍ സ്ഥലമില്ലാതെ വിഷമിച്ച റസീനയ്ക്ക് ഭര്‍ത്താവിന്റെ അനുജന്‍ മൂന്ന് സെന്റ് സ്ഥലം ഇഷ്ടദാനമായി നല്കുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അങ്കമാലി എന്‍ ആർ ഐഅസോസിയേഷന്റെ നേതൃത്വത്തില്‍ വീടിന്റെ പണി ആരംഭിക്കുകയും ആറ് മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ഇന്ന് കൈമാറുകയാണ്.

നഗരസഭയിലേയും സമീപപ്രദേശങ്ങളിലെ പതിനഞ്ച് പഞ്ചായത്തുകളില്‍ നിന്നുള്ളവരുടെ കൂട്ടായ്മയാണ് ഖത്തര്‍ അങ്കമാലി എൻ ആർ ഐ അസോസിയേഷന്‍.

അങ്കമാലി നഗരസഭയിലേയും, അയ്യമ്പുഴ, മഞ്ഞപ്ര, തുറവൂര്‍, മലയാറ്റൂര്‍, മൂക്കന്നൂര്‍, കാലടി, ഒക്കല്‍, കൂവപ്പടി, കാഞ്ഞൂര്‍, ശ്രീമൂലനഗരം, കറുകുറ്റി, നെടുമ്പാശ്ശേരി, ചെങ്ങമനാട്, പാറക്കടവ്, കൊരട്ടി പഞ്ചായത്തുകളിലേയും ഖത്തര്‍ പ്രവാസികളാണ് ഈ കൂട്ടായ്മയിലുള്ളത്.

രണ്ടര വർഷം മാത്രം പഴക്കമുള്ള ഈ കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാമ്പ്രയില്‍ റസീന സലീമിന് ഭവനം പണിതു കൊടുക്കുന്നത്. ഈ കാലയളവിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലലുളള പല രോഗികള്‍ക്കും ചികിത്സയ്ക്കായി ധനസഹായം നൽകുവാൻ കഴിഞ്ഞു.

ഭവന നിര്‍മ്മാണത്തിന് ലഭിച്ച അപേക്ഷകളില്‍ നിന്ന് അന്വേഷണം നടത്തിയാണ് റസീന സലീമിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് തീരുമാനമായത്.

വീടിന്റെ നിര്‍മ്മാണത്തിന് കഴിഞ്ഞ ഫെബ്രുവരി 17ന് പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജന്‍, പഞ്ചായത്ത് മെമ്പര്‍ അനിരുദ്ധന്‍, അസോസിയേഷന്‍ പ്രോജക്ട് കണ്‍വീനര്‍ ജോളി സ്റ്റീഫന്‍, കോ ഓഡിനേറ്റര്‍ ജിജോ മണവാളന്‍ എന്നിവര്‍ ചേര്‍ന്നാണ് തറക്കല്ലിട്ടത്.

കോണ്‍ട്രാക്ടര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആറ് മാസത്തിനുള്ളില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അഞ്ഞൂറില്‍ താഴെ വരുന്ന സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിട്ടുള്ളത്.

28ന് വൈകീട്ട് 4ന് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ മുഖ്യാതിഥി ആയിരിക്കും.

പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജന്‍, അങ്കമാലി നഗരസഭ മുന്‍ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, പാറക്കടവ് ഗ്രാമപഞ്ചായത്തംഗം അനിരുദ്ധന്‍, യതീന്ദ്രന്‍ മാസ്റ്റര്‍, അബ്ദുള്‍ സലാം സഖാഫി, ഫാ. ജോണ്‍ തോട്ടപ്പുറം, കെ ആര്‍ നാരായണന്‍ നമ്പൂതിരി, വേലായുധന്‍ നായര്‍, ജോയ് പോള്‍, ജിജോ മണവാളന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

qatar
Advertisment