ചാരവൃത്തി നടന്നു; സി.ബി.ഐ അന്വേഷണം വഴിതിരിച്ചത് നരസിംഹ റാവുവിന്റെ മകന്റെ പങ്ക് വ്യക്തമായപ്പോള്‍: ആര്‍.ബി ശ്രീകുമാര്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 14, 2018

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍. ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ശ്രീകുമാര്‍ ആരോപിച്ചു. എന്നാല്‍ കേസില്‍ നമ്പി നാരായണന് പങ്കുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. നമ്പി നാരായണന്റെ അറസ്റ്റിലേക്ക് നയിച്ച കാരണം അന്വേഷിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആര്‍.ബി ശ്രീകുമാറിന്റെ പ്രതികരണം.

ജുഡീഷ്യല്‍ അന്വേഷണം അല്ലെങ്കില്‍ പ്രത്യേക അന്വേഷണം നടത്തുന്നത് അത്യവാശ്യമാണ്. ചാരവൃത്തി നടന്നതായി അന്ന് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കേസില്‍ നമ്പി നാരായണന് പങ്കുണ്ടോയെന്ന് തനിക്കറിയില്ല.

അദ്ദേഹത്തെ താന്‍ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. കേസ് സി.ബി.ഐയ്ക്ക് വിട്ട് രണ്ട് മാസം കഴിഞ്ഞപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകനും ഇതില്‍ പങ്കുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം വഴിതിരിച്ചു വിടുകയായിരുന്നെന്ന് ശ്രീകുമാര്‍ ആരോപിച്ചു.

×