Advertisment

നിര്‍ധനരുടെ ഏക ആശ്രയമായ ആര്‍സിസി ടാറ്റ ഏറ്റെടുക്കുന്നു; സ്വകാര്യവത്കരണം ചികിത്സാ ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയ്ക്കിടയില്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ബുദ ചികിത്സാ രംഗത്ത് സാധാരണക്കാരുടെ ആശ്രയമായ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി) പൂര്‍ണ്ണമായും ടാറ്റയ്ക്കു കൈമാറി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര നീക്കം അവസാന ഘട്ടത്തില്‍. സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സ്വതന്ത്രസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന ആര്‍സിസിയെ മികവിന്റെ അടിസ്ഥാനത്തില്‍ 'സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാ'യി ഉയര്‍ത്തിയിരുന്നു. നിലവില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ സംയുക്തനിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ആര്‍സിസി.

Advertisment

publive-image

നിര്‍ധന കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്ന ഈ സ്ഥാപനം ടാറ്റയ്ക്കു കൈമാറിയാല്‍ ചികിത്സാച്ചെലവുകള്‍ കുതിച്ചുയരുമെന്ന് തീര്‍ച്ച. ജീവനക്കാരുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും ആര്‍സിസി സ്വകാര്യവത്കരിക്കാനുള്ള അധികൃതരുടെ നീക്കത്തിന് ഉന്നതതല പിന്തുണയുമുണ്ട്. ഏറ്റെടുക്കലിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മുംബൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആര്‍സിസിക്ക് സാങ്കേതികസഹായം നല്‍കുന്നുണ്ട്. നിലവില്‍ സ്ഥാപനത്തിന്റെ ഭാഗിക നിയന്ത്രണം ടാറ്റ കൈവശപ്പെടുത്തിക്കഴിഞ്ഞു. രോഗികളെ പരിശോധിക്കാനുള്ള ഡോക്ടര്‍മാരുടെ സമയം നിശ്ചയിക്കുന്നതും ഭരണപരമായ ചില കാര്യങ്ങളും നിലവില്‍ ടാറ്റയുടെ നിയന്ത്രണത്തിലാണ്. മരുന്നുവിതരണം ഏറ്റെടുക്കാനും കമ്പനി താത്പര്യം പ്രകടിപ്പിച്ചെങ്കിലും ജീവനക്കാരുടെ എതിര്‍പ്പുമൂലം നടന്നില്ല.

സ്വകാര്യവത്കരണത്തിനോടു ജീവനക്കാര്‍ക്കു കടുത്ത എതിര്‍പ്പുള്ളതിനാല്‍ നീക്കം സാവധാനമാണ്. മരുന്നുവിതരണത്തിന്റെ നിയന്ത്രണം സ്വകാര്യകമ്പനി ഏറ്റെടുത്താല്‍ രോഗികളുടെ പൂര്‍ണവിവരങ്ങള്‍ അവര്‍ക്കു ലഭിക്കും. ഇതു സ്വകാര്യ മരുന്നു കമ്പനികള്‍ക്കു സഹായകമാകുമെന്നും ആരോപണമുണ്ട്. ഓരോ വര്‍ഷവും ആര്‍സിസിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ട്. 2016-2017 വരെ 32,622 പേരും കഴിഞ്ഞവര്‍ഷം 65,000-ല്‍ അധികം പേരും ചികിത്സ തേടി. 1981-ലാണ് തിരുവനന്തപുരത്ത് ആര്‍സിസി സ്ഥാപിതമായത്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ അര്‍ബുദനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ തുടങ്ങിയ ആറു റീജണല്‍ കാന്‍സര്‍ സെന്ററുകളില്‍ ഒന്നാണിത്. ഏകദേശം 3000 രോഗികളാണ് ആദ്യവര്‍ഷം ചികിത്സ തേടിയത്.

Advertisment