മനസിനെ ശാന്തമാക്കിയുള്ള പ്രാര്‍ത്ഥന പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യും

Wednesday, July 11, 2018

ഏത് മതസ്ഥരായാലും പ്രാര്‍ത്ഥിക്കാത്തവര്‍ നമ്മുടെയിടയില്‍ ചുരുക്കമാണ്. കാര്യം സാധിക്കുന്നതിന് മാത്രമായി പ്രാര്‍ത്ഥിക്കുന്നവരും കുറവല്ല. എന്നിരുന്നാലും എല്ലാവരും കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്നവരാണ്. നമുക്ക് ചെയ്യാന്‍ കഴിയുന്നതും, ശക്തിയുള്ളതുമായ ഒന്നാണ് പ്രാര്‍ത്ഥന.

മനസിനെ ശാന്തമാക്കിയുള്ള പ്രാര്‍ത്ഥന നമുക്ക് പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്നു. ഇത് രാവിലെയാണെങ്കില്‍ നമ്മളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും.

കുറച്ചുനേരം നമുക്കിഷ്ടപ്പെട്ട ദേവനെ കണ്ണടച്ച് മനസില്‍ ധ്യാനിച്ചാല്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം നമ്മളില്‍ കൈവരുന്ന തോന്നലുണ്ടാകും. ആഗ്രഹിച്ച കാര്യം നടന്നില്ലെങ്കിലും പിന്നീടത് ഗുണകരമായി ഭവിക്കും. നമ്മളിലുള്ള ശക്തിയെ വളര്‍ത്തിയെടുക്കുകയാണ് പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത്.

മാനസികമായ സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് പ്രാര്‍ത്ഥന നല്ല ഒരു മരുന്നാണ്. അങ്ങനെ പ്രാര്‍ത്ഥന എന്ന ഔഷധസേവയിലൂടെ രോഗാവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും.

മറ്റുള്ളവരോട് വിനയത്തോടെ പെരുമാറുക, താഴ്മയോടെ ജീവിക്കുക ഇങ്ങനെയെല്ലാം ജീവിച്ചാല്‍ ആപത്ത് നമ്മളില്‍നിന്നും താനേ ഒഴിഞ്ഞുപോകും. ദൈവത്തിന്റെ മടിയില്‍ നമ്മള്‍ സുരക്ഷിതരാണെന്ന വിശ്വാസം ഉണ്ടായാല്‍ മതി, ജീവിത വിജയപഥത്തില്‍ മുന്നേറുവാന്‍.

ദുഃഖ, ദുരിതമോചനത്തിന് ഈശ്വര വിശ്വാസം തന്നെ ശരണം. അത് നേടണമെങ്കില്‍ മനസ്സുനിറയെ ഭക്തിയും സമര്‍പ്പണ മനോഭാവവും വിശ്വാസവും വേണം. ആയതിനാല്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഈശ്വരചിന്തയോടെ കര്‍മ്മങ്ങള്‍ ചെയ്യുക. എല്ലാം ഈശ്വരന്റേതാണ് എന്ന ചിന്ത മനസ്സില്‍ ഉറപ്പിക്കുക.

ദൈവം ഉണ്ട് എന്ന് നാം വിശ്വസിച്ചാല്‍ ഉണ്ട് ഇല്ലെന്ന് വിശ്വസിച്ചാൽ ഇല്ല. നമ്മുടെ വിശ്വാസമാണ് ഇവിടെ പ്രധാനം. നമ്മളെ എല്ലായ്‌പ്പോഴും മുന്നോട്ട് നയിക്കുന്നതും ഈ വിശ്വാസം തന്നെയാണ്.

×